വ്യാഴാഴ്‌ച, ഏപ്രിൽ 28, 2011

വിദ്യാലയ മികവിന്‍റെ സാക് ഷ്യപത്രമായി ജനിഷയ്ക്ക് എല്‍.എസ്.എസ്!

                          2011 മാര്‍ച്ചു  മാസത്തില്‍ നടന്ന  എല്‍.എസ്.എസ്.പരീക്ഷയുടെ ഫലം  കാസര്‍ഗോഡ്‌ ജില്ലയില്‍ പ്രസിദ്ധപ്പെടുത്തിയത് ഇന്നാണ്.പുതിയ രീതിയില്‍ ആദ്യമായി നടത്തിയ പരീക്ഷയില്‍ വിജയിച്ചവര്‍ വളരെ കുറവ്.മുന്‍വര്‍ഷങ്ങളില്‍ 50 ല്‍  അധികം കുട്ടികള്‍ വിജയിച്ചിരുന്ന ബേക്കല്‍ ഉപജില്ലയില്‍ നിന്ന് ഈ വര്‍ഷം സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത് 10 പേര്‍ മാത്രം!മറ്റു ഉപജില്ലകളിലെയും,ജില്ലകളിലെയും സ്ഥിതിയും വ്യത്യസ്തമല്ല.പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കി യതിലും,വിജയികളെ നിശ്ചയിച്ചതിലും സ്വീകരിച്ച മാനദണ്ടങ്ങള്‍  അധികൃതര്‍ പുന:പരിശോധനയ്ക്ക്   വിധേയമാക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.            

         എന്തായാലും തുടര്‍ച്ചയായ നാലാം വര്‍ഷവും എല്‍.എസ്.എസ്.വിജയികളുടെ പട്ടികയില്‍ ഇടം നേടാനായതില്‍  ഞങ്ങള്‍ക്ക് ഏറെ അഭിമാനം ഉണ്ട്.സ്കൂള്‍ ലീഡറായിരുന്ന  ജനിഷയിലൂടെയാണ് ഇത്തവണ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്‌ എല്‍.എസ്.എസ്.എത്തിയത്.ബേക്കല്‍ കടപ്പുറത്തെ സാധാരണ മത്സ്യത്തൊഴിലാളിയായ ജയനാഥന്റെയും ജ്യോതിയുടെയും  മകളായ ജനിഷ എല്ലാ അര്‍ത്ഥത്തിലും ഈ വിദ്യാലയത്തിന്റെ അഭിമാനം തന്നെയാണ്.പഠനത്തോടൊപ്പം തന്നെ കലാ-കായിക  രംഗത്തും മികവു തെളിയിച്ച ജനിഷ തന്നെയായിരുന്നു എല്ലാ മേളകളിലെയും  ഞങ്ങളുടെ താരം!  

         ദിനാചരണങ്ങളുടെ  ഭാഗമായി സ്കൂളില്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ പതിവായി ഒന്നാം സ്ഥാനം നേടിയിരുന്നതും ജനിഷ തന്നെ!ഈ വര്‍ഷത്തെ പഞ്ചായത്തുതല വിജ്ഞാനോത്സവം ഞങ്ങളുടെ വിദ്യാലയത്തില്‍ വെച്ച് നടത്തിയപ്പോള്‍ മികച്ച അഞ്ചു കുട്ടികളില്‍ ഒരാളായി ജനിഷ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഉപജില്ലാതല സ്കൂള്‍ കലോത്സവത്തില്‍ ജനിഷയുടെ നേതൃത്വത്തില്‍ ആലപിച്ച സംഘഗാനത്തിന് 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും,ദേശ ഭക്തിഗാനത്തിനു 'ബി' ഗ്രേഡോടെ നാലാം സ്ഥാനവും,ലളിതഗാനത്തിനു 'ബി' ഗ്രേഡും ലഭിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. 

                ഉപജില്ലാതല ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ ഒരേ ദിവസം  ആണല്ലോ എപ്പോഴും നടക്കാറ്. അതുകൊണ്ടു തന്നെ ഒരു കുട്ടിക്ക് ഏതെങ്കിലും ഒരിനത്തിലെ പങ്കെടുക്കാന്‍ കഴിയൂ.ജനിഷയെ ഏതു വിഭാഗത്തില്‍ പങ്കെടുപ്പിക്കണം എന്നാലോചിച്ച്  ഞങ്ങള്‍ഏറെ വിഷമിച്ചു.കാരണം എല്ലാറ്റിലും ഒന്നാമത് ജനിഷ തന്നെയായിരുന്നു!അവസാനം 'സയന്‍സ് ചാര്‍ട്ട്' വിഭാഗത്തില്‍ ജനിഷയെ പങ്കെടുപ്പിച്ചു.കൂട്ടിന് മൂന്നാം ക്ലാസ്സിലെ ഷിബിനും ചേര്‍ന്നപ്പോള്‍ ആ വിഭാഗത്തിലെ മൂന്നാം സ്ഥാനം ഞങ്ങള്‍ക്കു കിട്ടി. 


               സ്കൂള്‍ ലീഡര്‍ ആയതുകൊണ്ട്  പല ചടങ്ങുകളിലും സ്വാഗതമോ,നന്ദിയോ പറയേണ്ട കടമയും ജനിഷയ്ക്ക് ഉണ്ടായിരുന്നു.അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്നെ നിര്‍ഭയമായി കാര്യങ്ങള്‍  നിറവേറ്റാന്‍ അവള്‍ക്കായി. വൈകുന്നേരം സ്കൂള്‍ വിട്ടാല്‍ ക്ലാസ്സ് മുറികളെല്ലാം അടച്ചുപൂട്ടി എന്ന് ഉറപ്പു വരുത്തിയിട്ടേ ജനിഷ വീട്ടിലേക്കു മടങ്ങൂ!






       വാര്‍ഷികാഘോഷത്തില്‍അവതരിപ്പിക്കാനായി കുട്ടികളെ ഡാന്‍സ്  പഠിപ്പിക്കാന്‍ വന്ന മധുമാഷ് എല്ലാ ഇനത്തിലേക്കും  ആദ്യം തെരഞ്ഞെടുത്ത കുട്ടിയും ജനിഷ തന്നെയായിരുന്നു.ഒരു കുട്ടിയെ ഒരിനത്തില്‍ മാത്രം പങ്കെടുപ്പിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.പക്ഷെ,മാഷിനു ഒരേ നിര്‍ബന്ധം..ഗ്രൂപ്പ് ഡാന്‍സ് നയിക്കാന്‍ ജനിഷ തന്നെ വേണം!അവളില്ലെങ്കില്‍ തിരുവാതിര കളിപ്പിക്കാനേ കഴിയില്ല!! ഒടുവില്‍ ഞങ്ങള്‍  തീരുമാനം മാറ്റി.ജനിഷ തിരുവാതിരയും ഗ്രൂപ്പ് ഡാന്‍സും കളിക്കുക തന്നെ ചെയ്തു! 


          നാലാം ക്ലാസ്സിലെ കുട്ടികള്‍ സംഘടിപ്പിച്ച യാത്രയയപ്പ് പാര്‍ട്ടിയില്‍ വെച്ച്  ജനിഷ പറഞ്ഞു,
  ''ഞാന്‍ ഈ സ്കൂളില്‍ രണ്ടാം ക്ലാസ്സിലാണ് ചേര്‍ന്നത്‌.ഇവിടെ വരുന്നതിനു മുമ്പ് ഇംഗ്ലീഷ് മീഡിയ ത്തിലായിരുന്നു.ഇവിടെ വന്നതു കൊണ്ട് നന്നായി പഠിക്കാന്‍ എനിക്കു കഴിഞ്ഞു.പല സമ്മാനങ്ങളും കിട്ടി.നാലില്‍ നിന്ന് ജയിച്ച് വേറെ സ്കൂളില്‍ പോയാലും ഈ സ്കൂളിനെയും എന്നെ പഠിപ്പിച്ച മാഷിനെയും,ടീച്ചര്‍മാരെയും ഞാന്‍ ഒരിക്കലും മറക്കില്ല. ''







                         സാധാരണയായി ഏതൊരു യാത്രയയപ്പിലും കുട്ടികള്‍ പറയുന്ന സ്ഥിരം വാചകങ്ങളായി ഇതിനെ കാണാന്‍ ഞങ്ങള്‍ക്കു കഴിയില്ല.കാരണം,ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ജനിഷയുടെ രക്ഷിതാക്കള്‍ മനസ്സില്ലാ മനസ്സോടെ   അവളെ ഇവിടെ ചേര്‍ത്തത്.ഒപ്പം അനിയന്‍ ജനുവിനെ  ഒന്നാം ക്ലാസ്സിലും ചേര്‍ത്തു.അന്ന് ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത ഒരു വാക്കുണ്ട് ,''ഈസ്കൂളില്‍ ചേര്‍ത്തതു കൊണ്ട് നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന്  ഒരു കുറവും വരില്ല.മാത്രമല്ല നല്ല മിടുക്കരായി അവര്‍ മാറുകയും ചെയ്യും."

             ഞങ്ങളുടെ വാക്കുകള്‍ വെറും വാക്കുകള്‍ ആയിരുന്നില്ലെന്ന് ജനിഷയുടെ രക്ഷിതാക്കള്‍ക്ക് മുമ്പേ തന്നെ ബോധ്യപ്പെട്ടതാണെങ്കിലും  ഈ എല്‍.എസ്.എസ്. വിജയം ഞങ്ങള്‍ക്കും അവര്‍ക്കും, ഒപ്പം മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഒരു  പോലെ  ആത്മവിശ്വാസം പകരുന്നു .....
            പൊതു വിദ്യാലയങ്ങളും,പൊതു വിദ്യാലയങ്ങളിലെ വിദ്യാഭ്യാസവും മികവിന്‍റെ പാതയില്‍ത്തന്നെയാണ്..
     പാര്ശ്വവല്‍ക്കരിക്കപ്പെട്ടവരായി മുദ്ര കുത്തി,വിദ്യാശൂന്യവിഭാഗമായി എഴുതിത്തള്ളിയിരുന്ന  കടലിന്‍റെ മക്കള്‍ക്കുപോലും,സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ എത്താനും മറ്റുള്ളവരോടൊപ്പം ശിരസ്സുയര്‍ത്തി നടക്കാനും വഴിയൊരുക്കിയിരിക്കുന്നു,പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പുതിയരീതിയിലുള്ള പഠനവും പരിഷ്കാരങ്ങളും... 
                                   അതിനാല്‍ യാതൊരു വിധ സംശയവും   വേണ്ട,                          'ഗുണമേന്മയുള്ള വിദ്യാഭ്യാസം                പൊതുവിദ്യാലയങ്ങളിലൂടെ തന്നെ'                                            

ചൊവ്വാഴ്ച, ഏപ്രിൽ 19, 2011

ഒരു ചിത്രീകരണത്തിന്റെ ഓര്‍മ്മയ്ക്ക്‌.....





2011 ജനുവരി 5 -ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു .കടലിന്‍റെ മക്കളെ മികവിന്‍റെ പാതയിലേക്ക് നയിക്കാന്‍ ഞങ്ങള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍,വിദ്യാഭ്യാസ  അവകാശ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാതൃകാ പ്രവര്‍ത്തനമായി സര്‍വശിക്ഷ അഭിയാന്‍ അംഗീകരിച്ചിരിക്കുന്നു!അതിനാല്‍ ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ച്‌ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും എത്തിക്കാന്‍ എസ്.എസ്.എ തീരുമാനിച്ചതനുസരിച്ച് ഒരു സംഘം പ്രവര്‍ത്തകര്‍ രാവിലെ തന്നെ സ്കൂളില്‍ എത്തി.  എസ്.എസ്.എ.സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സുദര്‍ശന്‍,ബി.ആര്‍.സി.ട്രെയിനര്‍മാരായ അനൂപ്‌ കല്ലത്ത്,അനില്‍ നടക്കാവ്,മഹേഷ്‌, എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. എന്തൊക്കെയാണ് ചിത്രീകരിക്കേന്ടത് എന്നത്തിനെക്കുറിച്ച് മുന്‍കൂട്ടി ധാരണയാക്കിയിരുന്നു.ഇക്കാര്യം സംഘാംഗങ്ങള്‍ എസ്.ആര്‍.ജി. യോഗത്തില്‍ വിശദീകരിച്ചു.അധ്യാപികയുടെ ആസൂത്രണം,ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍,കുട്ടികളുടെ പ്രതികരണങ്ങള്,പഠനത്തെളിവുകള്‍ ,ക്ലാസ് പി.ടി.എ ,ക്ലാസ് ബാലസഭ എല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
.....സ്കൂള്‍ അസംബ്ലി സ്വാഭാവികതയോടെ തന്നെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തി.പത്രവായന,കുട്ടികള്‍ തയ്യാറാക്കിയ പതിപ്പിന്റെ പ്രകാശനം,സര്ട്ടിഫിക്കട്റ്റ്വിതരണം തുടങ്ങിയ പരിപാടികള്‍ അസംബ്ലിയില്‍ വെച്ച് നടന്നു.  
     ...ക്ലാസ് മുറികളിലേക്കായിരുന്നു  സംഘത്തിന്റെ അടുത്ത യാത്ര.ഉച്ചവരെയുള്ള സമയത്തിനിടയില്‍ നാല് ക്ലാസ്സുകളിലെയും പ്രവര്‍ത്തനങ്ങള്‍ ക്യാമറ ഒപ്പിയെടുത്തു 
    ...ഒരു മണിക്ക് ഉച്ചഭക്ഷണവിതരണദൃശ്യങ്ങള്‍ ചിത്രീകരിക്കാനും സംഘാംഗങ്ങള്‍ മറന്നില്ല.   . 


....രണ്ടുമണിക്ക് ക്ലാസ് പി.ടി.എ.യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു.ഞങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ അധ്യാപികയുടെ ക്ലാസ്സോടെയാണ്  യോഗങ്ങള്‍ ആരംഭിച്ചത്.തുടര്‍ന്ന് ക്ലാസ് ബാലസഭയില്‍ കുട്ടികളുടെ പ്രകടനങ്ങള്‍,പോര്‍ട്ട്‌ ഫോളിയോ നല്‍കിക്കൊണ്ട് കുട്ടികളുടെ പഠന പുരോഗതി സംബന്ധിച്ച് ടീച്ചരുടെ അവതരണം,രക്ഷിതാക്കളുമായുള്ള  ആശയവിനിമയം എല്ലാം മുറയ്ക്ക് നടന്നു.
               ക്ലാസ് പി.ടി.എ.യോഗങ്ങള്‍ക്ക് ശേഷമുള്ള പൊതു സെഷനായിരുന്നു പിന്നീട്.വിദ്യാലയപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള  പൊതു ചര്‍ച്ചയാണ് ഇവിടെ പ്രധാനമായും നടന്നത്...ഈ സമയം ആകുമ്പോഴേക്കും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നാല് എ.ഇ.ഓ മാര്,എസ്.എസ്.എ.ജില്ലാ പ്രൊജക്റ്റ്‌ ഓഫീസര്‍,ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്നിവരെല്ലാം സ്കൂളില്‍ എത്തിയത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.......എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സുദര്‍ശന്‍ സാര്‍ രക്ഷിതാക്കളുമായി സംവദിച്ചു ,''ഈ പരിപാടിയോടെ നിങ്ങളുടെ വിദ്യാലയം കേരളം മുഴുവന്‍ അറിയപ്പെടാന്‍ പോവുകയാണ്.ഇവിടെ നടക്കുന്ന കാര്യങ്ങള്‍ സി.ഡി.യിലാക്കി മുഴുവന്‍ അധ്യാപകരിലേക്കും എത്തിക്കും. (ഒരു കോപ്പി നിങ്ങള്‍ക്കും തരും)അങ്ങനെ ഈ മാതൃക കേരളം മുഴുവന്‍ വ്യാപിക്കും.''അദ്ദേഹത്തിന്‍റെ വാക്കുകള്‍ രക്ഷിതാക്കളെ വളരെയധികം സന്തോഷിപ്പിച്ചു.യോഗത്തിനു ശേഷം എ.ഇ.ഓ,പി.ടി.എ.പ്രസിഡാന്റ്റ് ,മദര്‍ പി.ടി.എ.പ്രസിടന്റ്റ്,പഞ്ചായത്ത് മെമ്പര്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും ചിത്രീകരിച്ചു.  കടപ്പുറത്തുള്ള കുടിലുകളിലേക്ക്,കുട്ടികളുടെ പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്രിസ്മസ് അവധിക്കാലത്ത് ഞങ്ങള്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച്  സൂചിപ്പിച്ചപ്പോള്‍ അതും ക്യാമറയില്‍ പകര്‍ത്താന്‍ അവര്‍ക്ക് താല്‍പ്പര്യം!അങ്ങനെ അതിന്റെ പുനരാവിഷ്കാരത്തിനും ഞങ്ങള്‍ തയ്യാറായി.സന്ധ്യാസമയത്ത് അസ്തമയ സൂര്യനെ സാക്ഷിയാക്കി കടപ്പുറത്തുകൂടി ഒരു യാത്ര!     
                                           ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരുകാര്യം കൂടി സൂചിപ്പിക്കട്ടെ.മാര്ച് 31 നു സ്കൂള്‍ അടക്കുന്ന ദിവസം വിളിച്ചു ചേര്‍ത്ത പി.ടി.എ.ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് ബേക്കല്‍ കടപ്പുറത്തെ നിഷ്കളങ്കരായ മനുഷ്യര്‍-ഞങ്ങളുടെ രക്ഷിതാക്കള്‍-എന്നോടു ചോദിച്ചു,''മാഷേ,നമ്മള്‍ അഭിനയിച്ച സിനിമ ഇനിയും റിലീസായില്ലേ?സി.ഡി.കിട്ടിയില്ലല്ലോ...''   തല്‍ക്കാലം അവരോടു ഞാന്‍ എന്തൊക്കെയോ പറഞ്ഞു..പക്ഷെ,എനിക്ക് പോലും ബോധ്യപ്പെടാത്ത കാര്യം ഞാന്‍ എങ്ങനെ അവരെ ബോധ്യപ്പെടുത്തും!അന്ന് ഷൂട്ടിങ്ങിന് വന്ന എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ ചോദിച്ചു'..",എന്തായി നിങ്ങളുടെ സിനിമ?  രക്ഷിതാക്കള്‍ ഇടയ്ക്കിടെ ചോദിക്കുന്നു.. "
     "ഭയങ്കര തിരക്കാണ് മാഷേ,എഡിറ്റു ചെയ്യാന്‍ ഇതുവരെ സമയം കിട്ടിയില്ല..എന്തായാലും ചെയ്യും."                      ഈ കാര്യം എനിക്ക് രക്ഷിതാക്കളോടു പറയാന്‍ കഴിയില്ലല്ലോ...അതിനാല്‍ ബന്ധപ്പെട്ട മറ്റു പലരോടും അന്വേഷിച്ചു..ആര്‍ക്കും കൃത്യമായ ഉത്തരമില്ല...അഥവാ ബോധ്യപ്പെടാന്‍ പറ്റാത്ത പല ഉത്തരങ്ങള്‍ പലരും പറയുന്നു..                   
                   അതെന്തുമാകട്ടെ,...നമുക്ക് പഴയത് പോലെ നമ്മുടെ വഴിയെ പോകാം..കടലിന്‍റെ മക്കള്‍ മികവിന്‍റെ വഴിയിലൂടെ മുന്നോട്ട്....മുന്നോട്ട്..മുന്നോട്ട്.....

ഞായറാഴ്‌ച, ഏപ്രിൽ 03, 2011

ഒരു അധ്യയനവര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ .....കടലിന്‍റെ മക്കള്‍ മികവിന്‍റെ വഴിയിലൂടെ മുന്നോട്ട്..

ഒരു അധ്യയനവര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ ഞങ്ങള്‍ സംതൃപ്തരാണ്.'കടലിന്‍റെ മക്കളും മികവിന്‍റെ പാതയില്‍' എന്ന  മുദ്രാവാക്യവുമായി  വിദ്യാലയത്തില്‍ നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികള്‍  ഫലപ്രാപ്തിയില്‍  എത്തിത്തുടങ്ങിയിരിക്കുന്നു എന്നതില്‍  ഏറെ സന്തോഷവും,അഭിമാനവും ഉണ്ട്.പഞ്ചായത്തിലെയും ,ഉപജില്ലയിലെയും മറ്റു വിദ്യാലയങ്ങല്‍ക്കൊപ്പം പഠന പ്രവര്‍ത്തനങ്ങളിലും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും മികവു തെളിയിക്കാന്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും സാധിച്ച ഒരു വര്‍ഷമാണ്‌ കടന്നു പോയത്..


      വിദ്യാലയ മികവ് രക്ഷിതാക്കളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ തുടക്കം  മുതലേ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു..രണ്ടു മാസത്തില്‍ ഒരിക്കല്‍ നടത്തിയ ചിട്ടയായ ക്ലാസ്സ് പി.ടി.എ യോഗങ്ങള്‍,രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണ പരിപാടികള്‍,വിദ്യാലയ വികസന സമിതിയുടെ പുന:സംഘാടനം- എല്ലാം അതിന്റെ ഭാഗം തന്നെയായിരുന്നു. അധ്യയന വര്‍ഷാവസാനം വാര്‍ഷികാഘോഷം നടത്താനും,മുഴുവന്‍ കുട്ടികളുടെയും പ്രകടനങ്ങള്‍ പൊതു വേദിയില്‍ അവതരിപ്പിക്കാനും അന്നേ ഞങ്ങള്‍ തീരുമാനിച്ചതാണ്.. അങ്ങനെ, മാര്‍ച്ച് 26 നു ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നിന്ന എഴുപത്തി രണ്ടാം വാര്‍ഷികാഘോഷം  വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു അധ്യായമായി മാറി. കുട്ടികളുടെ പരിപാടികള്‍ കാണാന്‍ ബേക്കല്‍ കടപ്പുറത്തെ ജനങ്ങള്‍ ഒന്നടങ്കം സ്കൂളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
 
   സ്കൂള്‍ മുറ്റത്തു നിന്നും ആരംഭിച്ച വിളംബര ജാഥയ്ക്ക് കൊഴുപ്പേകാന്‍ ചെണ്ട മേളവും മുത്തുക്കുടകളും ഒരുക്കിയിരുന്നു.ബേക്കല്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ വാദ്യ സംഘത്തിന്‍റെ വക പ്രതിഫലമൊന്നും വാങ്ങിക്കാതെയായിരുന്നു ചെണ്ടമേളം! ഞങ്ങളുടെ പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും തന്നെയായിരുന്നു വാദ്യക്കാര്‍.
      ജാഥ , തിരിച്ച് സ്കൂളില്‍ എത്തുമ്പോഴേക്കും ഉത്ഘാടകാനായ DIET പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണനും,മുഖ്യ പ്രഭാഷകനായ DIET  സീനിയര്‍ ലക്ചറര്‍ കെ. എം.ഉണ്ണിക്കൃഷ്ണനും അവിടെ എത്തിയിരുന്നു. ആധികം താമസിയാതെ തന്നെ പൊതു യോഗം ആരംഭിച്ചു. ഉല്‍ഘാടകാനും  പ്രഭാഷകനും ചുരുക്കം വാക്കുകളില്‍ കാര്യമാത്ര പ്രസക്തമായി സദസ്യരുമായി സംവദിച്ചു.വിദ്യാലയ വികസന സമിതി രക്ഷാധികാരി കെ.ശംഭു,മദര്‍ പി.ടി.എ പ്രസിഡാന്ട് എ.ചിത്ര എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.പി.ടി. എ.പ്രസിടണ്ട് ബി.രഘു അധ്യക്ഷത വഹിച്ചു.കെ.സുമ ടീച്ചര്‍ സ്വാഗതവും,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ നന്ദിയും പറഞ്ഞു.  രാത്രി കൃത്യം എട്ടരയ്ക്കു   തന്നെ കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിച്ചു.   മൂന്നു തരത്തിലുള്ള പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്.പ്രത്യേക പരിശീലനം നേടിയ കുട്ടികളുടെ നൃത്ത ഇനങ്ങളായിരുന്നു  ഒന്ന്.37 കുട്ടികളാണ് നൃത്തപരിപാടികളില്‍ പങ്കെടുത്തത്. വിദ്യാലയത്തില്‍ ആകെ 83 കുട്ടികളാണ് ഉള്ളത്.നൃത്ത ഇനങ്ങളില്‍  പങ്കെടുക്കാതിരുന്ന മുഴുവന്‍ കുട്ടികളും അവതരിപ്പിച്ച വിവിധ പരിപാടികളായിരുന്നു രണ്ടാമത്തെ ഇനം. ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട നാടകം,തൊഴില്‍പ്പാട്ട്,സംഗീതശില്‍പ്പം, സ്കിറ്റ് എന്നിവയായിരുന്നു ഈ വിഭാഗത്തില്‍.തൊട്ടടുത്ത അങ്കണ വാടിയിലെ കൊച്ചു കൂട്ടുകാരുടെ ഒപ്പനയും ആംഗ്യപ്പാട്ടും  ആയിരുന്നു അടുത്തവിഭാഗം.ഇവരാണല്ലോഅടുത്തവര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് വരേണ്ടവര്‍! 

         ഒന്നാം ക്ലാസ്സുകാര്‍ അവതരിപ്പിച്ച 'കണിമോളുടെ    പൂന്തോട്ടം',രണ്ടാം ക്ലാസ്സുകാരുടെ തൊഴില്‍പ്പാട്ട്,  മൂന്നാം ക്ലാസ്സുകാരുടെ നാടകം(തോല്‍ക്കാത്ത കാളി),നാലാം ക്ലാസ്സുകാരുടെ സംഗീതശില്‍പ്പം എന്നീ പരിപാടികള്‍ പൂര്‍ണ്ണമായും ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങലുടെ മികവ് ബോധ്യപ്പെടുത്തുന്നവയായിരുന്നു.പണം ചെലവാക്കി അഭ്യസിപ്പിച്ച നൃത്ത ഇനങ്ങളെക്കാള്‍ ഒട്ടും പിന്നിലായില്ല ,പഠന പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട  ഈ പരിപാടികളും എന്ന് സദസ്യരുടെ പ്രതികരണങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.  


       കുട്ടികളുടെ പരിപാടികള്‍ക്ക് പുറമെ  സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട് മേളയും വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി.രാത്രി പതിനൊന്നു മണിക്ക് മുഴുവന്‍ പരിപാടികളും തീരുന്നത് വരെ അച്ചടക്കത്തോടെ ഇരുന്ന്‌   പരിപാടികള്‍ ആസ്വദിക്കുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത കടപ്പുറത്തെ ജനങ്ങള്‍ തന്നെയാണ് ഞങ്ങളുടെ ശക്തി.കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രധിക്കാത്തവരാണ് ഇവിടുത്തെ ജനങ്ങള്‍ എന്ന   പലരുടെയും മുന്‍വിധികള്‍ പാടേ  തെറ്റാണെന്ന് ഞങ്ങളുടെ രക്ഷിതാക്കള്‍ ഒരിക്കല്‍ക്കൂടിതെളിയിച്ചിരിക്കുന്നു!ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോയാലെ    മക്കള്‍ പഠിക്കൂ എന്ന മിഥ്യാ ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള  മറുപടി കൂടിയായിരുന്നു ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രകടനം. സദസ്യര്‍ക്ക് അത് പൂര്‍ണമായും ബോധ്യപ്പെടുകയും ചെയ്തു.
       "ഇത് നമ്മള്‍ പഠിച്ച വിദ്യാലയം,നമ്മുടെ മക്കളും ഇവിടെത്തന്നെ പഠിക്കട്ടെ!" സ്കൂളിന്റെചുറ്റുമതിലില്‍  എഴിതിവെച്ച ഈ വാക്യം പൊതുവേദിയിലും ഞങ്ങള്‍ അവതരിപ്പിച്ചു.സമീപത്തുള്ള ഏത് കച്ചവട വിദ്യാഭ്യാസ സ്ഥാപനത്തില്‍  നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ഈ പൊതു വിദ്യാലയത്തില്‍ നിന്നും കുട്ടികള്‍ക്ക് ലഭ്യമാക്കും എന്ന് മുഴുവന്‍ നാട്ടുകാരെയും സാക്ഷി നിര്‍ത്തി പ്രഖ്യാപിച്ചു കൊണ്ടാണ് എഴുപത്തിരണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചത്!ഹര്‍ഷാരവത്തോടെയാണ്  ഈ പ്രഖ്യാപനത്തെ സദസ്യര്‍ സ്വീകരിച്ചത്....ഇത് ഞങ്ങളുടെ ആത്മ വിശാസം വര്‍ധിപ്പിക്കുന്നു,ഒപ്പം ഉത്തരവാദിത്തവും.   
                  ഒരു അധ്യയനവര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്..കടലിന്‍റെ മക്കളുടെ മികവിലേക്കുള്ള പ്രയാണം സുഗമമാക്കുന്ന മറ്റൊരു അധ്യയന വര്‍ഷത്തിനായി...പ്രതീക്ഷയോടെ!           

































ശനിയാഴ്‌ച, മാർച്ച് 19, 2011

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍ മികവുത്സവം 2010 -11


ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം..വാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍ കിട്ടിക്കഴിഞ്ഞു..അധ്യാപികമാര്‍ ഒരു മാസക്കാലം സെന്‍സസ് ഡ്യുട്ടിയിലായിരുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീരാന്‍ ബാക്കിയുണ്ട്.. സ്കൂള്‍ വാര്‍ഷികാഘോഷം മാര്‍ച്ച് 26 നു നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്..അതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.. അതിനിടയിലാണ് സെന്‍സസ് കാരണം മാറ്റിവെച്ച പഞ്ചായത്ത് തല മികവുത്സവം മാര്‍ച്ച് 17 നു നടത്താന്‍ പി.ഇ.സി യോഗത്തില്‍ തീരുമാനമായത്.പങ്കെടുക്കേണ്ട എന്ന് ആദ്യം വിചാരിച്ചുവെങ്കിലും അതിനു മനസ്സ് അനുവദിച്ചില്ല..ഒരു വര്‍ഷക്കാലം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നടന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പങ്കു വെക്കുന്ന വേദിയില്‍ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ..ഓരോ വിദ്യാലയത്തില്‍ നിന്നും മികച്ച ഒരു പ്രവര്‍ത്തനത്തിന്റെ അവതരണം,അതുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രകടനം,ക്ലാസ്സ് റൂംഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം,പാനല്‍ പ്രദര്‍ശനം ഇവയായിരുന്നു മികവുത്സവത്തിലെ അജണ്ട.സ്കൂളിനു പ്രവൃത്തി ദിവസമായതിനാല്‍ പകുതി അധ്യാപികമാരും,പ്രധാനാധ്യാപകനും പങ്കെടുത്താല്‍ മതിയെന്നും തീരുമാനിച്ചിരുന്നു.കൂടാതെ പരിപാടി അവതരിപ്പിക്കാനായി തെരഞ്ഞെടുത്ത കുട്ടികളും,അഞ്ചു രക്ഷിതാക്കളും പങ്കെടുക്കണം.....ഞങ്ങള്‍ എസ.ആര്‍.ജി.യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.ക്ലാസ്സ് പി.ടി.എ.യോഗങ്ങളുടെ സംഘാടനം,ബിഗ്‌ പിക്ച്ചറിന്റെ സാധ്യതകള്‍,നിരന്തര മൂല്യനിര്‍ണയം -ഇവയുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളും,അതുവഴി കുട്ടികള്‍ കൈവരിച്ച പഠന നേട്ടങ്ങളും പവര്‍ പോയിന്റു വഴി അവതരിപ്പിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ മുമ്പ് അവതരിപ്പിച്ച നാടകവും കൊണ്ടുപോകാന്‍ ധാരണയായി.പാനലുകള്‍ തയ്യാറാക്കാനായി ഈ വര്‍ഷം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ പി.ഇ.സി.ചുമതലയുള്ള ട്രെയിനര്‍ക്ക് കൈമാറുകയും ചെയ്തു.മദര്‍ പി.ടി.എ.യോഗം വിളിച്ചു ചേര്‍ത്തത് അമ്മമാരുടെ പങ്കാളിത്തവും ഉറപ്പിച്ചു.അഞ്ചിന് പകരം ഏഴു അമ്മമാര്‍ പങ്കെടുക്കാന്‍ തയ്യാറായി മുമ്പോട്ട്‌ വന്നത് ക്ലാസ്സ് പി.ടി.എ.സജീവാമായതിന്റെ ഫലം തന്നെയായിരുന്നു!
                               17 നു  രാവിലെ തന്നെ ഞങ്ങള്‍ കോട്ടിക്കുളം ഗവ.യു.പി.സ്കൂളിലെത്തി.അവിടെയാണ് ഉദുമ പഞ്ചായത്തുതല മികവുത്സവം നടക്കുന്നത്.സ്കൂളില്‍ നിന്ന് കുട്ടികളെയും കൂട്ടി കൃത്യ സമയത്ത് തന്നെ അമ്മമാരും എത്തി.പ്രദര്‍ശനത്തിനു നിശ്ചയിച്ച സ്ഥലത്തു ഞങ്ങള്‍ കൊണ്ടുപോയ ഉല്‍പ്പന്നങ്ങള്‍ നിരത്തിവെച്ചു.സംസ്ഥാന-ജില്ലാ തലങ്ങളില്‍ തയ്യാറാക്കിയ പാനലുകളില്‍ ഞങ്ങളുടെ സ്കൂളിലെ ചില ഇനങ്ങള്‍  ഉള്‍പ്പെടുത്തിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി.പി.ഇ.സി.തയാറാക്കിയ പാനലുകളില്‍ ഒന്ന് ഞങ്ങളുടെ ക്ലാസ്സ് പി.ടി.എ,ബിഗ്‌ പിക്ചര്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു!
                    പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി..12 വിദ്യാലയങ്ങളില്‍ നിന്നായി കുട്ടികളും,അധ്യാപകരും,രക്ഷിതാക്കളും ഉള്‍പ്പെടെ 220 പേര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു....സ്ഥലപരിമിതി ഒരു പ്രശ്നമായിത്തോന്നി...ബി.പി.ഒ. നാരായണന്‍ മാസ്റര്‍ മികവുത്സവം ഉല്‍ഘാടനം ചെയ്തു.എല്ലാ വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകരുടെ അവതരണവും,കുട്ടികളുടെ പ്രകടനങ്ങളും ഉണ്ടായിരുന്നു.ചിലര്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ചുരുക്കി എഴുതി അവതരിപ്പിക്കുകയായിരുന്നു.മറ്റു ചിലര്‍ സവിശേഷ പ്രവര്‍ത്തനങ്ങള്‍ സി.ഡി.യിലാക്കിയും പവര്‍ പോയിന്റായും അവതരിപ്പിച്ചു..കുട്ടികളുടെ പ്രകടനങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു......നാടകം,സ്കിറ്റ്,നാടന്‍പാട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഉണ്ടായിരുന്നു.ഓരോ വിദ്യാലയത്തിന്റെയും അവതരണത്തിനു ശേഷം അദ്ധ്യാപകരുമായും,കുട്ടികളുമായും ആശയ വിനിമയം നടത്തി മികവനുഭവം വ്യക്തമാക്കാന്‍ മോഡരേട്ടര്‍  പ്രത്യേകം ശ്രദ്ധിച്ചു.
                പരിപാടി തീരുമ്പോഴേക്കും വൈകുന്നേരം നാലര മണിയായി..തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാവരും ഉണ്ടായിരുന്നെങ്കില്‍ മികവു പങ്കു വെക്കല്‍ ഉദ്ദേശിച്ച ലക്‌ഷ്യം കൈവരിക്കുമായിരുന്നുവെന്നു തോന്നി.തങ്ങളുടെ അവതരണം തീര്‍ന്നാല്‍ മറ്റുള്ളവരുടെ അവതരണങ്ങള്‍ കാണണം എന്ന വാശി എന്തുകൊണ്ടോ കുറേ പേരിലെങ്കിലും കണ്ടില്ല!ഏതായാലും ഞങ്ങള്‍ അവസാനം വരെയും ഇരുന്നു...അതു കൊണ്ടു തന്നെ  ഒരു കാര്യം കൂടുതല്‍  വ്യക്തമായി...പൊതു വിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍ത്തന്നെയാണ്! ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം......എങ്കിലും ഈ യാഥാര്‍ത്യത്തെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. വ്യക്തവും,കൃത്യവുമായ പരിപാടികളും ,ചിട്ടയായ മോണിട്ട റിങ്ങും,ഇച്ഛാശക്തിയുള്ള ഭരണ സംവിധാനവും ഉണ്ടെങ്കില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ലോകത്ത്നു തന്നെ മാതൃകയായി മാറും ...മികവില്‍ നിന്ന് സുസ്ഥിത മികവിലേക്ക് ! അതാകട്ടെ ഇനി നമ്മുടെ ലക്‌ഷ്യം...