ശനിയാഴ്‌ച, നവംബർ 12, 2011

നാടന്‍ കളികളും,കളിപ്പാട്ടങ്ങളുമായി രണ്ടാം ക്ലാസ്സിലെ കുട്ടികള്‍..കളിയിലും കാണും കാര്യം!

പശുവും പുലിയും കളി

''ഇതെന്തു ചങ്ങല?''
 ''ഇരുമ്പിന്‍ ചങ്ങല.''
 ''എവിടുന്നു കിട്ടി?''
 ''കോട്ടേന്നു കിട്ടി.''
 ''ആരു തന്നു?''
 ''മൂപ്പന്‍ തന്നു.''
 ''എന്തിനു തന്നു?''
 ''നിന്നെ പൂട്ടാന്‍.''  
ഹാവൂ..രക്ഷപ്പെട്ടു!ഇനി പശുവിനെ പിടിക്കാം
                 ........'പശുവും പുലിയും' കളിയില്‍ ലയിച്ചിരിക്കുകയാണ് എന്റെ കുട്ടികള്‍.പശുവിനെ പിടിക്കാന്‍  വലയില്‍ കയറിയ പുലിയെ പുറത്തുവിടാതെ നോക്കുകയാണ് ഓരോരുത്തരും..പുലി വലയ്ക്ക് ചുറ്റും നടന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ താളത്തില്‍ ഉത്തരം പറയുന്നുമുണ്ട്...........അതാ,പുലി ഒരു   ചങ്ങലക്കണ്ണി പൊട്ടിച്ചു പുറത്തു ചാടിയിരിക്കുന്നു!ഒട്ടും താമസിച്ചില്ല,പശു വലയ്ക്കുള്ളില്‍ കയറി...പശുവിനെ പിടിക്കുന്നതു വരെ കളി തുടര്‍ന്നു...പിന്നീട് കുട്ടികളെ മാറ്റി വീണ്ടും കളി ആരംഭിച്ചു...
കുറച്ചു കഴിഞ്ഞു എല്ലാവരും  ക്ലാസ്സുമുറിയിലേക്ക്....  
                     ഇപ്പോള്‍ നടത്തിയ കളിയെക്കുറിച്ച് കുട്ടികളെ ക്കൊണ്ടു പറയിപ്പിച്ചു...പിന്നീട് ഓരോരുത്തരും സ്വന്തമായി കളി വിവരണം എഴിതിത്തയ്യാറാക്കി.ഗ്രൂപ്പായി ഇരുന്ന്  പരസ്പരം വിലയിരുത്തി.മെച്ചപ്പെട്ടത് കണ്ടെത്തി.(സ്വയം വിലയിരുത്തലിനുള്ള അവസരവും ഇത് വഴി ലഭിച്ചു.)ഗ്രൂപ്പിന്റെതായ ഒരു വിവരണവും തയ്യാറാക്കി.ഓരോ ഗ്രൂപ്പിന്റെയും   അവതരണത്തിനു ശേഷം ഞാന്‍ തയ്യാറാക്കിയ വിവരണം ബിഗ്‌ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.ചര്‍ച്ചയിലൂടെ തങ്ങളുടെ വിവരണത്തില്‍ വരു ത്തേണ്ടുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെട്ടു.തുടര്‍ന്നു ഞാന്‍ നല്‍കിയ വര്‍ക്ക് ഷീറ്റില്‍ വ്യക്തിഗതമായി വിവരണം തയ്യാറാക്കിയപ്പോള്‍ തെറ്റു പറ്റാതിരിക്കാന്‍ അവര്‍ പരമാവധി ശ്രദ്ധിച്ചു...  ഇങ്ങനെയല്ലേ കളി കാര്യമാകേണ്ടത്?
കൂടില്ലാത്തണ്ണാന്‍ കളിയില്‍ നിന്ന്
             'അക്കുത്തിക്കുത്താനവരമ്പത്ത്' എന്ന പാഠവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ നല്‍കിയ പ്രവര്‍ത്തനമാണിത്.തുടര്‍ന്ന് പാഠത്തില്‍ സൂചിപ്പിച്ച 'കൂടില്ലാത്തണ്ണാന്‍'കളിയും ക്ലാസ്സുമുറിക്ക്  
പുറത്തുപോയി കളിച്ചു...ഇതുപോലുള്ള ധാരാളം നാടന്‍ കളികളുടെ പേരുകളും കളി രീതിയും കുട്ടികള്‍ കണ്ടെത്തി.എല്ലാ നാട്ടിലും ഉള്ള കളികള്‍ ഒരുപോലെയല്ല എന്ന കണ്ടെത്തലും കുട്ടികള്‍ നടത്തി.



കൂടില്ലാത്തണ്ണാനേ  വാ.. വാ.. വാ ...
 
ആകെ എത്രയെണ്ണം ഉണ്ട്?
 നാടന്‍ കളികളുമായി ബന്ധപ്പെട്ട കളിയുപ കരണങ്ങളും മറ്റു കളിപ്പാട്ടങ്ങളും ഉണ്ടാക്കുന്ന വിധം മുതിര്‍ന്നവരോട് ചോദിച്ചു മനസ്സിലാക്കിയാണ് പിറ്റേ ദിവസം എല്ലാവരും ക്ലാസ്സില്‍ എത്തിയത്.കുറേപ്പേര്‍ തെങ്ങോല കൊണ്ടുള്ള കളിപ്പാട്ടങ്ങളും കൊണ്ടുവന്നു.ഓല കൊണ്ടുവന്ന കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന വിധം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു.ക്ലാസ്സില്‍ നിന്ന് ഉണ്ടാക്കിയതും കൊണ്ടു വന്നതുമായ ഓലക്കളിപ്പാട്ടങ്ങളുടെ ഒരു പ്രദര്‍ശനവും ക്ലാസ്സില്‍ നടത്തി.വാച്ച്,മോതിരം,മാല,കണ്ണട,പാമ്പ്,പാവ,പന്ത്,പീപ്പി,പമ്പരം,തുടങ്ങി എന്തെല്ലാം കളിപ്പാട്ടങ്ങള്‍!ഒന്നിനും കാശ് കൊടുക്കേണ്ട!ഇഷ്ടം പോലെ കളിക്കാം,പൊട്ടിപ്പോയാല്‍ ആരും ചീത്ത പറയില്ല!പണം കൊടുക്കാതെ കിട്ടുന്ന, പാഴ്വസ്തുക്കള്‍ കൊണ്ടു ഉണ്ടാക്കാവുന്ന, മറ്റു കളിപ്പാട്ടങ്ങളെ ക്കുറിച്ചും കുട്ടികള്‍ക്കറിയാം...തീപ്പെട്ടി വണ്ടി,പ്ലാവിലത്തൊപ്പി,  കയില്‍,പാള വണ്ടി,ഉജാലക്കിലുക്ക്,തീപ്പെട്ടിത്തോക്ക്,മുഖംമൂടി..ഇങ്ങനെ പോകുന്നു ലിസ്റ്റ്......ചിലതൊക്കെ കുട്ടികള്‍ പിന്നീട് കൊണ്ടുവന്നു....നിര്‍മ്മാണ രീതി പറഞ്ഞു..എഴുതി..
നോക്കാം..ആരാ ആദ്യം ഉണ്ടാക്കുക?
   
                                                       വില കൊടുത്തു വാങ്ങുന്നവ,സ്വന്തമായി നിര്‍മ്മിക്കുന്നവ,ശേഖരിക്കുന്നവ(മഞ്ചാടി,വളപ്പൊട്ടുകള്‍,കല്ലുകള്‍,പുളിങ്കുരു,തീപ്പെട്ടിക്കൂട്...)എന്നിങ്ങനെ കളിപ്പാട്ടങ്ങളെ തരംതിരിക്കാ മെന്നും അവര്‍ മനസ്സിലാക്കി .   ഇങ്ങനെയുള്ള കളിപ്പാട്ടങ്ങളെല്ലാം ശേഖരിച്ച് ക്ലാസ്സില്‍ ഒരു കളിപ്പാട്ടക്കട ഒരുക്കാനും കുട്ടികള്‍ക്കായി.കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതുമായി ബാബ്ധപ്പെട്ട ഗണിതക്രിയകള്‍ ഏറെ താല്‍പ്പര്യത്തോടെയാണ്   അവര്‍ ചെയ്തത്..        
       പുസ്തകത്തില്‍ കൊടുത്ത കുഴിക്കല്ലുകളി ക്ലാസ്സ് മുറിയില്‍ വെച്ച് കളിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം.രണ്ടു മുതല്‍ നാല് വരെ കുട്ടികളാണ് ഒരു കളിയില്‍ പങ്കെടുത്തത്..മൂന്നു തവണ കളിക്കണം...ഓരോ തവണ കളി കഴിയുമ്പോഴും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കിട്ടിയ കല്ലുകളുടെ എണ്ണം ഓരോരുത്തരും നോട്ടു ബുക്കില്‍ എഴുതി.മൂന്നു കളിയും കഴിയുമ്പോള്‍ ആര്‍ക്കാണോ കൂടുതല്‍ കല്ല്‌ കിട്ടിയത് അയാളാണ് വിജയി..വിജയിയെ കണ്ടെത്തണമെങ്കില്‍ മൂന്നു സംഖ്യകളുടെ സങ്കലനം കുട്ടികള്‍ പഠിച്ചേ പറ്റൂ..അതുതന്നെയാണ് ഇവിടെ കളിയിലെ കാര്യവും! 
കുഴിക്കല്ലുകളി (കാടി കളി )
ക്ലാസ്സില്‍ ഒരുക്കിയ കളിപ്പാട്ടക്കട
ഇതുണ്ടാക്കാന്‍ ആര്‍ക്കാ അറിയാത്തെ?
 
കളിപ്പാട്ട പ്രദര്‍ശനത്തില്‍ നിന്ന്


 
'എന്റെ വിമാനം തന്നെ വലുത്!മാമന്‍ ദുബായീന്ന് കൊണ്ടു വന്നതാ'..

ഇനി എഴുതിയാലോ?

തെറ്റാതെ എഴുതാന്‍ നോക്കാം..

എന്റെ നാട്ടിലെ കളിപ്പാട്ടങ്ങളുടെ പേര് ഞാനും എഴുതട്ടെ.

ഞങ്ങള്‍ക്ക് ഇത്രയേ അറിയൂ..

പാവ ഡാന്‍സ്‌ കളിക്കുന്നത് കാണണോ?ഇതാ,കണ്ടോളൂ...ഞാന്‍ ഉണ്ടാക്കീതാ














1 അഭിപ്രായം:

faisu madeena പറഞ്ഞു...

കുട്ടികളുടെ ഒരു കാര്യം ...ഇത്തരം ബ്ലോഗുകള്‍ വളരെ നല്ലതാണു ...ഒരു പക്ഷെ ഈ കുട്ടികള്‍ വലുതാവുമ്പോള്‍ അവര്‍ ഇതൊക്കെ കാണുമ്പോള്‍ ഉള്ള മാനസികാവസ്ഥ ...ഹിഹിഹി