ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

മധുരിക്കുന്ന ഗണിതവുമായി ഒരു 'ഗണിതോല്‍സവം.'

                            സര്‍വശിക്ഷ അഭിയാന്റെ സഹായത്തോടെ 2012 ഫെബ്രുവരി 23  ന് ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്കൂളില്‍  സംഘടിപ്പിച്ച പഞ്ചായത്ത് തല  'ഗണിതോല്‍സവം' കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേറിട്ട അനുഭവമായി. ഉദുമ ഗ്രാമ പഞ്ചായത്തിലെ 12 വിദ്യാലയങ്ങളില്‍ നിന്നായി
നാലാം ക്ലാസ്സില്‍ പഠിക്കുന്ന 40  കുട്ടികളും 10 അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.ബേക്കല്‍ ബി.ആര്‍.സി.യിലെ ട്രെയിനര്‍മാരായ രാജീവന്‍,സുരേന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.   

         ഔപചാരികമായ ചടങ്ങുകള്‍ക്ക് കാത്തുനില്‍ക്കാതെ രാവിലെ പത്തുമണിക്ക് തന്നെ ഉത്സവം ആരംഭിച്ചു.കുട്ടികളെ അഞ്ചുപേര്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളാക്കിത്തിരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് .മുഴുവന്‍ കുട്ടികള്‍ക്കും മുന്‍കൂട്ടി തയ്യാറാക്കിയ ടാന്‍ഗ്രാമുകളും ചാര്‍ട്ട് പേപ്പറും നല്‍കിക്കൊണ്ട്, ഇഷ്ടപ്പെട്ട രൂപങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനമായിരുന്നു ആദ്യം.വളരെ താല്‍പ്പര്യത്തോടെയാണ് കുട്ടികള്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.തുടര്‍ന്ന് ഓരോ ഗ്രൂപ്പിലെയും മികച്ച ഉല്‍പ്പന്നം ഏതാണെന്ന് കുട്ടികള്‍ കണ്ടെത്തി.മികച്ച ഗ്രൂപ്പിനെ കണ്ടെത്തുന്നതിനായി ആവശ്യമായ സൂചകങ്ങള്‍ കുട്ടികള്‍ തന്നെ വികസിപ്പിച്ചു.ഇതാണ് മികച്ചതെന്നു പറയുമ്പോള്‍,അതിനുള്ള കാരണം കൂടി പൊതു സെഷനില്‍ ഓരോ ഗ്രൂപ്പും അവതരിപ്പിച്ചു.സ്വയം വിലയിരുത്തലും,പരസ്പര വിലയിരുത്തലും ക്ലാസ്സ് മുറികളില്‍ എങ്ങനെ ഫലപ്രദമായി നടത്താം എന്ന തിരിച്ചറിവ് അധ്യാപകര്‍ക്ക് ലഭിക്കാനും ഈ പ്രവര്‍ത്തനം സഹായകമായി.ഓരോ ഗ്രൂപ്പിനും ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തില്‍ മെഡലുകള്‍ നല്‍കി അതതു സമയത്ത് തന്നെ മെഡല്‍ പട്ടികയില്‍ പ്രദര്‍ശിപ്പിച്ചത് പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആവേശം നല്‍കി.
           കുസൃതിക്കണക്കുകള്‍   ആയിരുന്നു പിന്നീട്.മനക്കണക്കായി ചെയ്യാവുന്ന ചോദ്യങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഉത്തരം കണ്ടെത്തിയ മിടുക്കന്മാരും മിടുക്കികളും ധാരാളം.
        വിവിധ ടേബിളുകളിലായി  ഒരുക്കിയ ഗണിത പസിലുകളായിരുന്നു കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു പ്രവര്‍ത്തനം.ഓരോ ഗ്രൂപ്പും മാറിമാറി ടേബിളുകളില്‍ എത്തി പസിലുകളുടെ  കുരുക്കഴിക്കാന്‍ ശ്രമിച്ചു.(ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഓരോ ടേബിളിലുംഅധ്യാപികമാരും ഉണ്ടായിരുന്നു.) ഇവിടെയും ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു മത്സരം. നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ പസിലുകള്‍ക്ക് ശരിയുത്തരം കണ്ടെത്തിയ ഗ്രൂപ്പുകള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു!
                ഗ്രൂപ്പിലെ ഓരോ അംഗത്തിന്റെയും ഉയരവും തൂക്കവും കണ്ടെത്താനുള്ള പ്രവര്‍ത്തനവും കൂട്ടുകാരുടെ സഹായത്തോടെ കുട്ടികള്‍ എളുപ്പത്തില്‍ ചെയ്തു.
                പ്രവര്‍ത്തനാധിഷ്ടിതമായ രീതിയില്‍,കുട്ടികളില്‍ താല്‍പ്പര്യം ഉണര്‍ത്തിക്കൊണ്ട് രസകരമായിത്തന്നെ ക്ലാസ്സുമുറികളില്‍ ഗണിത പഠനം സാദ്ധ്യമാണെന്നതിന്റെ  സാക്ഷ്യപത്രമായി   മാറി ഈ ഗണിതോല്‍സവം. സമാപന സെഷനില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ക്കൊണ്ട് കുട്ടികള്‍ നടത്തിയ പ്രതികരണങ്ങള്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു.വൈകുന്നേരം നാലരയ്ക്ക് പരിപാടികള്‍ അവസാനിക്കുമ്പോള്‍ ഇത്തരം ക്യാമ്പുകള്‍ ഇനിയുമിനിയും വേണം എന്നുതന്നെയായിരുന്നു കുട്ടികളുടെ അഭിപ്രായം.ഇക്കാര്യത്തോട് യോജിക്കുമ്പോള്‍ത്തന്നെ എല്ലാവിധ ക്യാമ്പുകളും,പരിശീലനങ്ങളും ഫെബ്രുവരി മാസത്തില്‍ തുടരെത്തുടരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ച എസ്.എസ്.എ.യുടെ ആസൂത്രണമില്ലായ്മയോടുള്ള ശക്തമായ പ്രതിഷേധം അധ്യാപകര്‍ മറച്ചു വെച്ചില്ല.അവസാന നിമിഷം ഫണ്ട് തീര്‍ക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടുന്ന 'ഫെസ്റ്റുകള്‍' പലതും ലക്‌ഷ്യം കാണാത്തതും അതുകൊണ്ടു തന്നെയല്ലേ?





























3 അഭിപ്രായങ്ങൾ:

saifparoppady പറഞ്ഞു...

വളരെ ഉപകാരപ്രദവും, ക്രിയാത്മകവും ആയ നല്ല ഒരു പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്ല്‍ തീരി‍ച്ചയായും ഗണിതത്തോട് താല്പര്യവും സ്നേഹവും തോന്നിയിട്ടുണ്ടാവും. സംഘടിപ്പിച്ചവരെ അഭിനന്ദിക്കുന്നു

saifparoppady പറഞ്ഞു...

വളരെ ഉപകാരപ്രദവും, ക്രിയാത്മകവും ആയ നല്ല ഒരു പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്ല്‍ തീരി‍ച്ചയായും ഗണിതത്തോട് താല്പര്യവും സ്നേഹവും തോന്നിയിട്ടുണ്ടാവും. സംഘടിപ്പിച്ചവരെ അഭിനന്ദിക്കുന്നു

നിര്‍മാസ് പറഞ്ഞു...

കുട്ടികളില്‍ ഗണിതത്തിനോട് താല്പര്യം കൂട്ടുന്ന ഇത്തരം പരിപാടികള്‍ സങ്കടിപ്പിച്ചവരെ അഭിനന്ദിക്കുന്നു ... നിര്‍മാസ് , അബു ദാബി