ഞായറാഴ്‌ച, നവംബർ 20, 2011

''ഉപജില്ലയിലെ ശാസ്ത്രമേളയില്‍ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം!''



 ''നാട്ടുകാരേ കേട്ടോളൂ...
  ഉപജില്ലയിലെ ശാസ്ത്രമേളയില്‍ 
  നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം!
  ഗണിത മേളയില്‍ രണ്ടാം സ്ഥാനം,
  പ്രവൃത്തിപരിചയ മേളയിലും 
  ഒന്നും രണ്ടും സമ്മാനങ്ങള്‍ 
  അപ്,അപ്, ജി.എഫ്.എല്‍.പി 
  വിജയിച്ചേ,വിജയിച്ചേ,
  ജി.എഫ്.എല്‍.പി.വിജയിച്ചേ..''
        ബേക്കല്‍ ഉപജില്ലാ  ശാസ്ത്ര മേളയില്‍ ഞങ്ങളുടെ സ്കൂളിന് ആദ്യമായി കിട്ടിയ ചാമ്പ്യന്‍ഷിപ്പ്!അധ്യാപകരുടെയും കുട്ടികളുടെയും ആഹ്ലാദം, മുഴുവന്‍ നാട്ടുകാരിലേക്കും എത്താന്‍ അധികം സമയം വേണ്ടി വന്നില്ല.സ്കൂള്‍ അസംബ്ലി കഴിഞ്ഞയുടനെ നാടു ചുറ്റി ഒരു ആഹ്ലാദപ്രകടനം..കുട്ടികളുടെ ആവേശത്തോടെയുള്ള   മുദ്രാവാക്യം വിളി  കേട്ടില്ലേ?കടപ്പുറത്തെ കൊച്ചു കുടിലുകളില്‍ നിന്നും മക്കളുടെ ജാഥകാണാന്‍ രക്ഷിതാക്കള്‍ ഒടിയെത്തുകയായി..... അത് കണ്ടപ്പോള്‍ കുട്ടികളുടെ ആവേശം ഇരട്ടിയായി..മുദ്രാവാക്യം വിളിയുടെ ശക്തി കൂടി...ചിലര്‍ കാര്യമറിയാതെ പകച്ച നില്‍ക്കുകയാണ്..''എന്താ മാഷേ,കാര്യം?''തിരക്കിയവരോടൊക്കെ ഞാന്‍ കാര്യം പറഞ്ഞു..സംഗതി പിടി കിട്ടിയപ്പോള്‍ അവര്‍ക്കും സന്തോഷം..''നമ്മുടെ മക്കള്‍ ഉഷാറാക്കിയല്ലോ   ''ചിലരുടെ കമന്റ് .. ''പണ്ടത്തെപ്പോലെയൊന്നുംഅല്ല,   ഇപ്പം എല്ലാ പരിപാടിക്കും കുട്ട്യോള് പോണ്‌ണ്ട്..സമ്മാനോം 
 
കിട്ടുന്നുണ്ട്..നല്ല കാര്യല്ലേ അത്  ...''ആളുകളുടെ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു......ഈ നല്ല വാക്കുകള്‍ തന്നെയാണ് ഞങ്ങളുടെ പ്രചോദനം.'കടപ്പുറത്തെ സ്കൂളിലെ പിള്ളേര് പഠിക്കില്ല' എന്നു പറഞ്ഞു നടന്നിരുന്ന   ചില പുത്തന്‍ പണക്കാര്‍ പ്രതാപം കാട്ടാനായി മക്കളെ കോട്ടും സൂട്ടു മിടീച്ച്,  കാശ് പിടുങ്ങുന്ന സ്കൂളുകളിലേക്ക് അയച്ചിരുന്നല്ലോ..ഇനി കടലില്‍ പണിക്കു പോകുന്ന സാധാരണ തൊഴിലാളികള്‍ തന്നെ അവരോടു പരഞ്ഞുകൊള്ളും..'ഞങ്ങളുടെ മക്കളും ഒട്ടും മോശമല്ലെന്ന്'. 
       ...ഉപജില്ലാതല മേളകളിലെല്ലാം കുട്ടികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പിക്കാന്‍ കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു..എല്ലായ്പ്പോഴും കൊച്ചു കൊച്ചു സമ്മാനങ്ങളും കിട്ടിയിരുന്നു..ഞങ്ങള്‍ അത്രയേ പ്രതീക്ഷിച്ചിരുന്നുമുള്ളു..മൂന്നു വര്‍ഷം മുമ്പ് ഗണിത മേളയില്‍ കിട്ടിയ രണ്ടാം സ്ഥാന മായിരുന്നു ഇതുനു മിമ്പു കിട്ടിയ ഏറ്റവും വലിയ സമ്മാനം..   ഇപ്പോള്‍ അത് ഒന്നാം സ്ഥാനത്തോളം എത്തിയിരിക്കുന്നു!തീര്‍ച്ചയായും കൂട്ടായ്മ യുടെ വിജയം തന്നെയാണിത്.മേളകളുടെ   കാര്യത്തില്‍ മാത്രമല്ല,  അക്കാദമിക മികവിലേക്ക് വിദ്യാലയത്തെ നയിക്കുന്നതിനും അധ്യാപകരുടെയും,കുട്ടികളുടെയും,രക്ഷിതാക്കളുടെയും, പൊതു സമൂഹത്തിന്റെയും ഈ കൂട്ടായ്മ കാരണമായിട്ടുണ്ട്.
 

         ...എല്‍.പി.വിഭാഗം ശാസ്ത്രമേളയില്‍ സയന്‍സ് ചാര്‍ട്ടിനു 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും(ഷിബിന്‍&ശാലു)),ലഘു പരീക്ഷണത്തിന് രണ്ടാം സ്ഥാനവും(രാഹുല്‍&അര്‍ഷ-'എ'ഗ്രേഡ്‌ ) നേടിയതു   കൊ ണ്ടാണ് ഞങ്ങള്‍ക്ക് ഇത്തവണ ചാമ്പ്യന്‍ഷിപ്പ് കിട്ടിയത്.  
     സാമൂഹ്യശാസ്ത്രമേളയിലും ചാര്‍ട്ട് വിഭാഗത്തില്‍ ഞങ്ങള്‍ക്കു തന്നെയായിരുന്നു ഒന്നാം സ്ഥാനം.(സത്യവതി&മാളവിക)


 ഗണിതമേളയില്‍ പസിലിന് രണ്ടാം സ്ഥാനവും(ശരത്.യു) ജ്യോമെട്രിക് ചാര്‍ട്ടിനു മൂന്നാം സ്ഥാനവും (ജനു.ജെ)  നേടി ഓവറോള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും ഞങ്ങള്‍ക്കായി.
                 പ്രവൃത്തി പരിചയ മേളയില്‍ എട്ടിനങ്ങളിലാണ്  മത്സരിച്ചത്.ഇതില്‍ ബുക്ക് ബൈന്റിങ്ങിനു ഒന്നാം സ്ഥാനവും(റോഷന്‍ കെ.കെ)വെജിറ്റബിള്‍ പ്രിന്റിങ്ങിനു രണ്ടാം സ്ഥാനവും(അഭിനന്ദ്.ആര്‍) 'എ'  ഗ്രേഡോടെ  
 തന്നെ കരസ്ഥമാക്കാനായി.മറ്റു നാലിനങ്ങളില്‍ 'സി'.ഗ്രേഡാണ്  കിട്ടിയതെങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.വരും വര്‍ഷം കൂടുതല്‍ ആത്മ വിശ്വാസത്തോടെ മേളകളില്‍ പങ്കെടുക്കാന്‍ ഈ വിജയം ഞങ്ങള്‍ക്ക് കരുത്തു നല്‍കുന്നു. 
      ......വനസംരക്ഷണത്തിന്റെ   പ്രാധാന്യം വ്യക്തമാക്കുന്ന സയന്‍സ് ചാര്‍ട്ടും,റോഡപകട   
ങ്ങളുടെ കാരണങ്ങളും ,പരിഹാര നിര്‍ദേശങ്ങളും പ്രതിപാദിച്ച സാമൂഹ്യശാസ്ത്ര ചാര്‍ട്ടും
ഏവരുടെയു ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

          കാഞ്ഞങ്ങാട് വെച്ച് നടന്ന റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തില്‍  സയന്‍സ് ചാര്‍ട്ട്,ലഘു പരീക്ഷണം,സാമൂഹ്യശാസ്ത്രം ചാര്‍ട്ട്,ഗണിത പസില്‍,വെജിറ്റബിള്‍ പ്രിന്റിംഗ്,ബുക്ക് ബൈന്റിംഗ്എന്നീ ഇനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിച്ചു.ഇതില്‍ സയന്‍സ് ചാര്‍ട്ടിനു 'എ' ഗ്രേഡോടെ നാലാം സ്ഥാനംലഭിച്ചു.വമ്പന്‍ സ്കൂളുകള്‍ക്കൊപ്പം മത്സരിച്ച്  വെജിറ്റബിള്‍ പ്രിന്റിങ്ങിനു 'എ' ഗ്രേഡും സാമൂഹ്യശാസ്ത്രം ചാര്‍ട്ടിനു 'ബി' ഗ്രേഡും ലഭിക്കാനായത് ഞങ്ങളെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്........



വ്യാഴാഴ്‌ച, നവംബർ 17, 2011

'കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് രക്ഷിതാക്കളോട്'-പാരന്റിംഗ് 2011


ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭ കരുണാകരന്‍ 'പാരന്റിംഗ്' ഉദ്ഘാടനം ചെയ്യുന്നു.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ശ്രദ്ധാ പൂര്‍വ്വം കേള്‍ക്കുന്ന രക്ഷിതാക്കള്‍

രക്ഷിതാക്കളോടു പറയുന്നതിന് മുമ്പ് കുട്ടികളോട് കുറച്ചു കാര്യങ്ങള്‍-ബി.ആര്‍.സി.ട്രെയിനര്‍ രാജീവന്‍ മാഷിന്റെ  
ശിശുദിന സന്ദേശം
രക്ഷിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും മുമ്പില്‍ ലഘു പരീക്ഷണവുമായി ശാസ്ത്ര മേളയിലെ വിജയികളായ രാഹുല്‍,അര്‍ഷ
ഊതാതെ വീര്‍ക്കുന്ന ബലൂണ്‍!ഇത് കൊള്ളാമല്ലോ...കൂട്ടുകാര്‍ക്ക് അത്ഭുതം!
പ്രവൃത്തി പരിചയ മേളയില്‍ വെച്ച് കുട്ടികള്‍  നിര്‍മ്മിച്ച സാധനങ്ങള്‍ നോക്കുകയാണ് അമ്മമാര്‍ 
നമ്മുടെ മക്കള്‍ക്ക് ഇതൊക്കെ അറിയാം,അല്ലെ!മദര്‍ പി.ടി.എ പ്രസിണ്ട് നിഷയ്ക്ക് അഭിമാനം.
നാലാം തരത്തിലെ റോഷന് ബുക്ക് ബൈന്ടിങ്ങില്‍ ഒന്നാ സ്ഥാനം നേടിക്കൊടുത്തു ഈ ബുക്കുകള്‍..
മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍,എംബ്രോയിഡറി,എല്ലാം കുട്ടികളുടെ സൃഷ്ടികള്‍ തന്നെ.

ദിനാചരണങ്ങളുടെ   ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് 'OUR KASARGODE'   സ്പോണ്‍സര്‍  ചെയ്ത സമ്മാനങ്ങള്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നല്‍കുന്നു.
പി.ടി. പ്രസിഡണ്ട് ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ശിശു ദിനത്തില്‍ കുട്ടികള്‍ക്ക് മധുരം നല്‍കിയതും 'OUR  KASARGOD'  തന്നെ.











സര്‍വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ പതിനാലിന് സ്കൂളില്‍ സംഘടിപ്പിച്ച രക്ഷാ കര്‍തൃ ബോധവല്‍ക്കരണ പരിപാടി-പാരന്റിംഗ് 2011 -പലതുകൊണ്ടും വേറിട്ട ഒരനുഭവമായി.രണ്ടു മണിക്ക് നിശ്ചയിച്ച പരിപാടിയില്‍ രക്ഷിതാക്കള്‍ എത്തിത്തുടങ്ങിയതെ യുള്ളൂ...കാത്തിരുന്നു സമയം കളയാതെ കുട്ടികളോട് കൊച്ചു വര്‍ത്തമാനം തുടങ്ങി,ബി.ആര്‍.സി ട്രെയിനറായ രാജീവന്‍ മാഷ്‌.'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍'പരിചയപ്പെടുത്തി ക്കൊണ്ടു    ചാച്ചാജി അനുസ്മരണം നടത്തുകയും അതിലൂടെ കുട്ടികളുടെ അവകാശങ്ങളെ ക്കുറിച്ച് കുട്ടികളെ ഓര്‍മ്മ പ്പെടുത്തുകയും ചെയ്തു ,രാജീവന്‍ മാഷ്‌.അപ്പോഴേക്കും രക്ഷിതാക്കള്‍ ഏതാണ്ട് എത്തിക്കഴിഞ്ഞു.കുട്ടികളുടെ അവകാശ നിഷേധം കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗ് പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപകന്‍ നാരായണന്‍ മാഷ്‌ ചര്‍ച്ചയ്ക്കു തുടക്കമിട്ടു.കുട്ടികളുടെ അവകാശം മുതിര്‍ന്നവരുടെ ഔദാര്യമല്ല,മരിച്ചു നിയമപരമായ അവകാശം തന്നെയാണെന്നും,അത് നിഷേധിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും തുടര്‍ ചര്‍ച്ചയിലൂടെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടു.
         കുട്ടികള്‍ക്കുള്ള അവകാശങ്ങളില്‍ പ്രധാനപ്പെട്ട വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമത്തെക്കുറിച്ചും,അതിനനുസൃതമായി കേരളത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ ക്കുറിച്ചും വിശദമായിത്തന്നെ രക്ഷിതാക്കള്‍ക്ക് പറഞ്ഞുകൊടുത്തു.മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പു വരുത്തണമെങ്കില്‍ 
വിദ്യാലയവും രക്ഷിതാവും എങ്ങനെ മാറണം എന്നാ കാര്യവും ചര്‍ച്ച ചെയ്തു.കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിദ്യാലയത്തില്‍ നടപ്പിലാക്കിയ പരിപാടികള്‍ ഒന്നൊന്നായി ഹെഡ് മാസ്ടര്‍ വിശദീകരിച്ചു.
                    നമ്മുടെ വിദ്യാലയപ്രവര്‍ത്തനത്തെ താല്‍പ്പര്യപൂര്‍വ്വം നോക്കിക്കാണുന്ന 'OUR KASARGOD'എന്ന കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ കുട്ടികള്‍ക്കായി നല്‍കിയ സമ്മാനത്തെ ക്കുറിച്ച് ഏറെ സന്തോഷത്തോടെയാണ് രക്ഷിതാക്കളെ അറിയിച്ചത്..കൂട്ടായ്മയിലെ അംഗമായ 'ബഷീര്‍ കാഞ്ഞങ്ങാട്' കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സ്കൂള്‍ സന്ദര്‍ശിക്കുക യുണ്ടായി.പിന്നീട് മറ്റൊരംഗമായ 'മുജീബ് കൈന്ദര്‍' ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ അവരുടെ സ്നേഹ സമ്മാനമായി 3000 രൂപ ഹെഡ് മാഷെ ഏല്‍പ്പിക്കുകയായിരുന്നു!വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും,ഇന്ന് ശിശു ദിനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും മധുരം നല്‍കാനുമാണ് ആ തുക ആദ്യമായി നാം ഉപയോഗിക്കുന്നതെന്നും മാഷ്‌ സൂചിപ്പിച്ചു.ബാക്കി തുക ഈ വര്‍ഷത്തെ ഉപജില്ലാതല മേളകളിലെ വിജയികളെ അനുമോദിക്കുന്നതിനും,എല്‍.എസ്‌.എസ്‌.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന   കുട്ടികള്‍ക്ക് പരിശീലനം
നല്‍കുന്നതിനുമായി മാറ്റി വെയ്ക്കും..തുടര്‍ന്നു മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നിര്‍വഹിച്ചു.
       ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ സമ്മാനാര്‍ഹമായ ഇനങ്ങള്‍ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ക്ക് അത്ഭുതവും അഭിമാനവും!കുട്ടികള്‍ തയ്യാറാക്കിയ വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും രക്ഷിതാക്കല്‍ക്കായി ഒരുക്കിയിരുന്നു.
         യാന്ത്രികമായ ബോധവല്‍ക്കരണ ക്ലാസല്ല,മറിച്ച്' ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന കുട്ടികളുടെ അവകാശം   യാഥാര്‍ത്യമാകുന്നതിന്റെ നേരനുഭവം തന്നെയായിരുന്നു ഇത്തവണത്തെ പാരന്റിംഗ്.ഈയവസരത്തില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രോത്സാഹനവുമായി വന്ന 'ഔര്‍ കാസര്‍ഗോഡ്‌' നും സമ്മാനം നേരിട്ട് എത്തിച്ച മുജീബ് കൈന്ദറിനും കടലിന്റെ മക്കളുടെ ആയിരമായിരം നന്ദി!
















ശനിയാഴ്‌ച, നവംബർ 12, 2011

നാടന്‍ കളികളും,കളിപ്പാട്ടങ്ങളുമായി രണ്ടാം ക്ലാസ്സിലെ കുട്ടികള്‍..കളിയിലും കാണും കാര്യം!

പശുവും പുലിയും കളി

''ഇതെന്തു ചങ്ങല?''
 ''ഇരുമ്പിന്‍ ചങ്ങല.''
 ''എവിടുന്നു കിട്ടി?''
 ''കോട്ടേന്നു കിട്ടി.''
 ''ആരു തന്നു?''
 ''മൂപ്പന്‍ തന്നു.''
 ''എന്തിനു തന്നു?''
 ''നിന്നെ പൂട്ടാന്‍.''  
ഹാവൂ..രക്ഷപ്പെട്ടു!ഇനി പശുവിനെ പിടിക്കാം
                 ........'പശുവും പുലിയും' കളിയില്‍ ലയിച്ചിരിക്കുകയാണ് എന്റെ കുട്ടികള്‍.പശുവിനെ പിടിക്കാന്‍  വലയില്‍ കയറിയ പുലിയെ പുറത്തുവിടാതെ നോക്കുകയാണ് ഓരോരുത്തരും..പുലി വലയ്ക്ക് ചുറ്റും നടന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ താളത്തില്‍ ഉത്തരം പറയുന്നുമുണ്ട്...........അതാ,പുലി ഒരു   ചങ്ങലക്കണ്ണി പൊട്ടിച്ചു പുറത്തു ചാടിയിരിക്കുന്നു!ഒട്ടും താമസിച്ചില്ല,പശു വലയ്ക്കുള്ളില്‍ കയറി...പശുവിനെ പിടിക്കുന്നതു വരെ കളി തുടര്‍ന്നു...പിന്നീട് കുട്ടികളെ മാറ്റി വീണ്ടും കളി ആരംഭിച്ചു...
കുറച്ചു കഴിഞ്ഞു എല്ലാവരും  ക്ലാസ്സുമുറിയിലേക്ക്....  
                     ഇപ്പോള്‍ നടത്തിയ കളിയെക്കുറിച്ച് കുട്ടികളെ ക്കൊണ്ടു പറയിപ്പിച്ചു...പിന്നീട് ഓരോരുത്തരും സ്വന്തമായി കളി വിവരണം എഴിതിത്തയ്യാറാക്കി.ഗ്രൂപ്പായി ഇരുന്ന്  പരസ്പരം വിലയിരുത്തി.മെച്ചപ്പെട്ടത് കണ്ടെത്തി.(സ്വയം വിലയിരുത്തലിനുള്ള അവസരവും ഇത് വഴി ലഭിച്ചു.)ഗ്രൂപ്പിന്റെതായ ഒരു വിവരണവും തയ്യാറാക്കി.ഓരോ ഗ്രൂപ്പിന്റെയും   അവതരണത്തിനു ശേഷം ഞാന്‍ തയ്യാറാക്കിയ വിവരണം ബിഗ്‌ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.ചര്‍ച്ചയിലൂടെ തങ്ങളുടെ വിവരണത്തില്‍ വരു ത്തേണ്ടുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെട്ടു.തുടര്‍ന്നു ഞാന്‍ നല്‍കിയ വര്‍ക്ക് ഷീറ്റില്‍ വ്യക്തിഗതമായി വിവരണം തയ്യാറാക്കിയപ്പോള്‍ തെറ്റു പറ്റാതിരിക്കാന്‍ അവര്‍ പരമാവധി ശ്രദ്ധിച്ചു...  ഇങ്ങനെയല്ലേ കളി കാര്യമാകേണ്ടത്?
കൂടില്ലാത്തണ്ണാന്‍ കളിയില്‍ നിന്ന്
             'അക്കുത്തിക്കുത്താനവരമ്പത്ത്' എന്ന പാഠവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ നല്‍കിയ പ്രവര്‍ത്തനമാണിത്.തുടര്‍ന്ന് പാഠത്തില്‍ സൂചിപ്പിച്ച 'കൂടില്ലാത്തണ്ണാന്‍'കളിയും ക്ലാസ്സുമുറിക്ക്  
പുറത്തുപോയി കളിച്ചു...ഇതുപോലുള്ള ധാരാളം നാടന്‍ കളികളുടെ പേരുകളും കളി രീതിയും കുട്ടികള്‍ കണ്ടെത്തി.എല്ലാ നാട്ടിലും ഉള്ള കളികള്‍ ഒരുപോലെയല്ല എന്ന കണ്ടെത്തലും കുട്ടികള്‍ നടത്തി.



കൂടില്ലാത്തണ്ണാനേ  വാ.. വാ.. വാ ...
 
ആകെ എത്രയെണ്ണം ഉണ്ട്?
 നാടന്‍ കളികളുമായി ബന്ധപ്പെട്ട കളിയുപ കരണങ്ങളും മറ്റു കളിപ്പാട്ടങ്ങളും ഉണ്ടാക്കുന്ന വിധം മുതിര്‍ന്നവരോട് ചോദിച്ചു മനസ്സിലാക്കിയാണ് പിറ്റേ ദിവസം എല്ലാവരും ക്ലാസ്സില്‍ എത്തിയത്.കുറേപ്പേര്‍ തെങ്ങോല കൊണ്ടുള്ള കളിപ്പാട്ടങ്ങളും കൊണ്ടുവന്നു.ഓല കൊണ്ടുവന്ന കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന വിധം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു.ക്ലാസ്സില്‍ നിന്ന് ഉണ്ടാക്കിയതും കൊണ്ടു വന്നതുമായ ഓലക്കളിപ്പാട്ടങ്ങളുടെ ഒരു പ്രദര്‍ശനവും ക്ലാസ്സില്‍ നടത്തി.വാച്ച്,മോതിരം,മാല,കണ്ണട,പാമ്പ്,പാവ,പന്ത്,പീപ്പി,പമ്പരം,തുടങ്ങി എന്തെല്ലാം കളിപ്പാട്ടങ്ങള്‍!ഒന്നിനും കാശ് കൊടുക്കേണ്ട!ഇഷ്ടം പോലെ കളിക്കാം,പൊട്ടിപ്പോയാല്‍ ആരും ചീത്ത പറയില്ല!പണം കൊടുക്കാതെ കിട്ടുന്ന, പാഴ്വസ്തുക്കള്‍ കൊണ്ടു ഉണ്ടാക്കാവുന്ന, മറ്റു കളിപ്പാട്ടങ്ങളെ ക്കുറിച്ചും കുട്ടികള്‍ക്കറിയാം...തീപ്പെട്ടി വണ്ടി,പ്ലാവിലത്തൊപ്പി,  കയില്‍,പാള വണ്ടി,ഉജാലക്കിലുക്ക്,തീപ്പെട്ടിത്തോക്ക്,മുഖംമൂടി..ഇങ്ങനെ പോകുന്നു ലിസ്റ്റ്......ചിലതൊക്കെ കുട്ടികള്‍ പിന്നീട് കൊണ്ടുവന്നു....നിര്‍മ്മാണ രീതി പറഞ്ഞു..എഴുതി..
നോക്കാം..ആരാ ആദ്യം ഉണ്ടാക്കുക?
   
                                                       വില കൊടുത്തു വാങ്ങുന്നവ,സ്വന്തമായി നിര്‍മ്മിക്കുന്നവ,ശേഖരിക്കുന്നവ(മഞ്ചാടി,വളപ്പൊട്ടുകള്‍,കല്ലുകള്‍,പുളിങ്കുരു,തീപ്പെട്ടിക്കൂട്...)എന്നിങ്ങനെ കളിപ്പാട്ടങ്ങളെ തരംതിരിക്കാ മെന്നും അവര്‍ മനസ്സിലാക്കി .   ഇങ്ങനെയുള്ള കളിപ്പാട്ടങ്ങളെല്ലാം ശേഖരിച്ച് ക്ലാസ്സില്‍ ഒരു കളിപ്പാട്ടക്കട ഒരുക്കാനും കുട്ടികള്‍ക്കായി.കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതുമായി ബാബ്ധപ്പെട്ട ഗണിതക്രിയകള്‍ ഏറെ താല്‍പ്പര്യത്തോടെയാണ്   അവര്‍ ചെയ്തത്..        
       പുസ്തകത്തില്‍ കൊടുത്ത കുഴിക്കല്ലുകളി ക്ലാസ്സ് മുറിയില്‍ വെച്ച് കളിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം.രണ്ടു മുതല്‍ നാല് വരെ കുട്ടികളാണ് ഒരു കളിയില്‍ പങ്കെടുത്തത്..മൂന്നു തവണ കളിക്കണം...ഓരോ തവണ കളി കഴിയുമ്പോഴും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കിട്ടിയ കല്ലുകളുടെ എണ്ണം ഓരോരുത്തരും നോട്ടു ബുക്കില്‍ എഴുതി.മൂന്നു കളിയും കഴിയുമ്പോള്‍ ആര്‍ക്കാണോ കൂടുതല്‍ കല്ല്‌ കിട്ടിയത് അയാളാണ് വിജയി..വിജയിയെ കണ്ടെത്തണമെങ്കില്‍ മൂന്നു സംഖ്യകളുടെ സങ്കലനം കുട്ടികള്‍ പഠിച്ചേ പറ്റൂ..അതുതന്നെയാണ് ഇവിടെ കളിയിലെ കാര്യവും! 
കുഴിക്കല്ലുകളി (കാടി കളി )
ക്ലാസ്സില്‍ ഒരുക്കിയ കളിപ്പാട്ടക്കട
ഇതുണ്ടാക്കാന്‍ ആര്‍ക്കാ അറിയാത്തെ?
 
കളിപ്പാട്ട പ്രദര്‍ശനത്തില്‍ നിന്ന്


 
'എന്റെ വിമാനം തന്നെ വലുത്!മാമന്‍ ദുബായീന്ന് കൊണ്ടു വന്നതാ'..

ഇനി എഴുതിയാലോ?

തെറ്റാതെ എഴുതാന്‍ നോക്കാം..

എന്റെ നാട്ടിലെ കളിപ്പാട്ടങ്ങളുടെ പേര് ഞാനും എഴുതട്ടെ.

ഞങ്ങള്‍ക്ക് ഇത്രയേ അറിയൂ..

പാവ ഡാന്‍സ്‌ കളിക്കുന്നത് കാണണോ?ഇതാ,കണ്ടോളൂ...ഞാന്‍ ഉണ്ടാക്കീതാ














ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

രസതന്ത്ര പരീക്ഷണങ്ങളുമായി വിജ്ഞാനോത്സവം2011-12

മേശപ്പുറത്ത് രണ്ടു സോഡാക്കുപ്പികള്‍.ഒന്നില്‍ നിറയെ സോഡാ വെള്ളം.കുട്ടികള്‍ കാണ്‍കെ അതിന്റെ മൂടി തുറന്ന് കാല്‍ ടീസ്പൂണ്‍ കല്ലുപ്പ് അതിലേക്ക് ഇടുന്നു. ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്‌ ഭാഗം അടയുന്ന വിധം വെക്കുന്നു.എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ച് പരമാവധി കാര്യങ്ങള്‍ എഴുതാന്‍ കുട്ടികളോട് നിര്‍ ദേശിക്കുന്നു.
 
രണ്ടാമത്തെ സോഡാക്കുപ്പി  കാലിയാണ്.അതില്‍ കാല്‍ ഭാഗം വിനാഗിരി ഒഴിച്ച ശേഷം അഞ്ചു സെന്റീമീറ്റര്‍ നീളമുള്ള മെഗ്നീഷ്യം റിബ്ബണ്‍ ചെറു കഷണങ്ങളാക്കി വിനാഗിരിയില്‍ ഇടുന്നു.ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്ഭാഗം അടക്കുന്നു.പരമാവധി നിരീക്ഷണങ്ങള്‍ എഴുതാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം.
       അല്‍പ്പ സമയത്തിനു ശേഷം രണ്ടു പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കുന്നു.രണ്ടു കുപ്പികളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം നിരീക്ഷിച്ച് സമാനതകളും വ്യത്യാസങ്ങളും കണ്ടെത്തുകയാണ് ഈ അവസരത്തില്‍   ചെയ്യേണ്ടത്....കുപ്പികളില്‍ നിന്നും വരുന്ന വാതകങ്ങള്‍ ടെസ്ട്യൂബുകളില്‍ ശേഖരിച്ച്‌ അവ തിരിച്ചറിയാനുള്ള പരീക്ഷണങ്ങളാണ് പിന്നീട്.ഒപ്പം മെഗ്നീഷ്യം റിബ്ബണ്‍ കത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങളും കുട്ടികള്‍ നിരീക്ഷിച്ച് മനസ്സിലാക്കുന്നു.......അന്താരാഷ്‌ട്ര രസ തന്ത്ര വര്‍ഷത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  സംസ്ഥാന  വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പഞ്ചായത്ത് തല വിജ്ഞാനോല്സവത്തില്‍ യു.പി.വിഭാഗം കുട്ടികള്‍ക്കായി ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ് ഇവ.പതിവ് മത്സര പരീക്ഷകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി,രസതന്ത്ര പരീക്ഷണങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളുടെ ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.     
...


വെള്ളം തിളക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനമായിരുന്നു എല്‍.പി.വിഭാഗം കുട്ടികളെ ഏറെ ആകര്‍ഷിച്ചത്.സ്പിരിട്ട് ലാമ്പ്,തീപ്പെട്ടി,ട്രൈ പോഡ്‌ സ്ടാന്റ്റ്,ബീക്കര്‍,വെള്ളം എല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെച്ച  ശേഷം കുട്ടികളുടെ മുപില്‍ വെച്ചുതന്നെ വെള്ളം ചൂടാക്കാന്‍ തുടങ്ങുകയായിരുന്നു.തുടക്കം മുതല്‍ തിളക്കുന്നതുവരെയുള്ള ഓരോ മാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന കാര്യത്തില്‍ കുട്ടികള്‍ കാണിച്ച സൂക്ഷ്മതയും  കൃത്യതയും അധ്യാപികമാരെ അത്ഭുതപ്പെടുത്തി.വെള്ളം തിളക്കുമ്പോള്‍ പാത്രത്തിനു മുകളില്‍ വെച്ച വാച്   ഗ്ലാസ്സിന്റെ അടിയില്‍ വെള്ളത്തുള്ളികള്‍ രൂപപ്പെട്ടതിന്റെ കാരണവും തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ കണ്ടെത്തി.
പുഴയുടെ ആത്മകഥ വായിച്ച് അതില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്വന്തമായി പദപ്രശ്നം നിര്‍മ്മിക്കാന്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ അത് അസാധ്യമാണെന്നാണ് അധ്യാപികമാര്‍ക്ക് തോന്നിയത്.എന്നാല്‍ ഒരു പദപ്രശ്നത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മുഴുവന്‍ സ്കോറും കരസ്ഥമാക്കിയ മിടുക്കന്മാരും മിടുക്കികളും ധാരാളം!
   


സമചതുരക്കടലാസുപയോഗിച്ച് ,ടീച്ചറുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ച് 'തലകുത്തി മറിയുന്ന  ചാട്ടക്കാരനെ'നിര്‍മ്മിക്കാനുള്ളതായിരുന്നു മറ്റൊരു പ്രവര്‍ത്തനം.ഇതും താല്പ്പര്യ ത്തോടെ   തന്നെ കുട്ടികള്‍  ഏറ്റെടുത്തു.  
      മുന്‍കൂട്ടി ചെയ്തുവരാന്‍ നിര്‍ദേശിച്ച ലഘു പ്രോജക്ടുകളുമായാണ് കുട്ടികള്‍ വിജ്ഞാനോത്സവ കേന്ദ്രത്തില്‍ എത്തിയത്.'പ്രകൃതിയിലെ വര്‍ണങ്ങള്‍'എന്നതായിരുന്നു എല്‍.പി.വിഭാഗത്തിന്റെ വിഷയം.സസ്യങ്ങളുടെ വിവിധ ഭാഗങ്ങള്‍ കടലാസില്‍ ഉരച്ചു നിറം പിടിപ്പിച്ച്‌ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ചാര്‍ട്ട് പേപ്പറില്‍ ഭംഗിയായി ക്രമീകരിക്കാനായിരുന്നു നിര്‍ദേശം....ഇല,വേര്,പൂവ്,കായ,കിഴങ്ങ്,തണ്ട് എന്നിങ്ങനെ വിവിധ സസ്യ ഭാഗങ്ങള്‍ കൊണ്ട് പല ഡിസൈനില്‍ കുട്ടികള്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചം  അതി മനോഹരം തന്നെ!
    'നമ്മുടെ ആഹാരത്തെക്കുറിച്ച് പഠിക്കാം'എന്നുള്ള തായിരുന്നു യു.പി.വിഭാഗത്തിനുള്ള അസൈന്‍ മെന്ടു.യു.പി.ക്ലാസ്സുകളില്‍ പഠിക്കുന്ന ആറു കുട്ടികളുടെ  വീടുകള്‍ സന്ദര്‍ശിച്ച്ഉചിതമായ ഫോര്‍ മാറ്റ് ഉപയോഗിച്ച് അവരുടെ ഭക്ഷണത്തെ   സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് വേണ്ടത്.  ആറു    പേരില്‍ മൂന്നു പേര്‍ പെണ്‍കുട്ടികള്‍ ആയിരിക്കണം..നാം കഴിക്കുന്ന ഭക്ഷണത്തില്‍ വിവിധ പോഷക ഘടകങ്ങള്‍ വേണ്ടത്ര അളവില്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്‌ഷ്യം.ചിട്ടയായിത്തന്നെ പഠനപ്രവര്‍ത്തനം ചെയ്തുവരാന്‍ എല്ലാ കുട്ടികളും ശ്രദ്ധിച്ചിരുന്നു..


സൈജുമാഷ്
 കാസര്‍ഗോഡ്‌ ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തിലെ വിജ്ഞാനോത്സവം ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലാണ് നടന്നത്.പഞ്ചായത്തിലെ പതിനഞ്ചു വിദ്യാലയങ്ങളില്‍ നിന്നായി എല്‍.പി,യു.പി.വിഭാഗങ്ങളിലെ 85 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.തിരുവക്കോളി ഗവ.എല്‍.പി.സ്കൂളിലെ സൈജുമാഷ്‌ നേതൃത്വം നല്‍കിയ കൂട്ടപ്പാട്ടോടെയാണ് ഉത്സവം തുടങ്ങിയത്.ഉദുമ ഗ്രാമ പഞ്ചായത്ത്


കസ്തൂരി ടീച്ചര്‍
പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ വിജ്ഞാനോത്സവം ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട്   ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത  വഹിച്ചു.മദര്‍ പി.ടി.എ പ്രസിഡണ്ട് നിഷ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും സ്റാഫ് സെക്രട്ടറി സുമ ടീച്ചര്‍ നന്ദിയും പറഞ്ഞു.











എല്‍.പി.വിഭാഗത്തില്‍ നിന്ന് ഏഴും, യു.പി.വിഭാഗത്തില്‍ നിന്ന് ആറും കുട്ടികള്‍ ഉയര്‍ന്ന സ്കോറുകള്‍ നേടി മികച്ച കുട്ടികളായി തെരഞ്ഞെടുക്കപ്പെട്ടു.സമാപന യോഗത്തില്‍ വെച്ച് ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭ കരുണാകരന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടി ഫിക്കറ്റുകളും  വിതരണം ചെയ്തു.
      ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലെ അധ്യാപികമാര്‍ക്കൊപ്പം പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉച്ചഭക്ഷണം തയ്യാറാക്കി നല്‍കുന്ന കാര്യത്തില്‍ സ്കൂള്‍ പി.ടി.എ,മദര്‍ പി.ടി. എ കമ്മറ്റികള്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു.


          മികച്ച കുട്ടികള്‍(എല്‍.പി.വിഭാഗം) 
1 അനാമിക.കെ.ആര്‍ (അംബിക    
                                   എ.എല്‍.പി.സ്കൂള്‍,ഉദുമ)
2 സൂര്യദാസ്(ജി.എല്‍.പി.എസ്‌.ഉദുമ)
3 രജനീഷ്.ആര്‍   
                 (ജി.എഫ്.എല്‍.പി.എസ്‌.ബേക്കല്‍)
4 സിനാന.കെ(എ.എല്‍.പി.എസ്.ബേക്കല്‍)
5 മുഫീദ(ജി.എല്‍.പി.എസ് തിരുവക്കോളി)
6 ശരത്ത്.യു(ജി.എഫ്.എല്‍.പി.എസ് ബേക്കല്‍)
7 അനശ്വര.കെ( അംബിക.എ.എല്‍.പി.എസ്.)
     മികച്ച കുട്ടികള്‍(യു.പി.വിഭാഗം)
1 ശ്രീഷ്ന ശ്രീധര്‍(ജി.യു.പി.എസ്.ബാര)
    2 മിഥുന്‍.കെ( ജി.യു.പി.എസ്.ബാര)
    3 നമിത നന്ദികേഷ്(ജി.യു.പി.എസ്.ബാര)
    4 അഖില്‍.പി(ജി.എഫ്.എച്.എസ്.എസ്.ബേക്കല്‍)
    5 ജയശ്രീ ബാലകൃഷ്ണന്‍(ജി.എച്.എസ്.എസ്.ഉദുമ)
    6 റീമ.ആര്‍(ജി.എഫ്.യു.പി.എസ്.കോട്ടിക്കുളം)