ശനിയാഴ്‌ച, മേയ് 21, 2011

അവധിക്കാല അധ്യാപക പരിശീലനത്തില്‍ ആവേശപൂര്‍വ്വം...

              അവധിക്കാല അധ്യാപക പരിശീലനത്തെ  ഗൌരവത്തോടെ കാണുന്ന അധ്യാപകരുടെ എണ്ണം ഒട്ടും കുറവല്ല എന്ന് ഇവിടെ കാണുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.കാസര്‍ഗോഡ്‌ ജില്ലയില്‍ ബേക്കല്‍ ഉപജില്ലയിലെ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം പുതിയകണ്ടം ഗവ.യു.പി.സ്കൂളില്‍ ആരംഭിച്ചപ്പോള്‍ എല്ലാ ക്ലാസ്സുകളിലും നല്ല പങ്കാളിത്തം.വെറുതെ സമയം കളയാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല.എന്തായാലും പത്തു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തെ പറ്റൂ.എങ്കില്‍പ്പിന്നെ ഇത്തിരി ഗൌരവത്തില്‍ത്തന്നെ ആയ്ക്കോട്ടെ എന്ന് അധികം പേരും കരുതി! 
  പതിവുപോലെ രണ്ടാം ക്ലാസ്സിലെ അധ്യാപകരുടെ കൂട്ടത്തില്‍ പ്രധാനാധ്യാപകര്‍ ഏറെ.പുതിയ  വര്‍ഷത്തേക്കുള്ള അഡ്മിഷന്‍,ടി.സി.കൊടുക്കല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുള്ള സമയത്ത് തന്നെ പരിശീലനം വെച്ചതില്‍ പലര്‍ക്കും പരിഭവം.പക്ഷെ,എന്തു ചെയ്യാന്‍!രണ്ടാം ക്ലാസ്സിലെ പിള്ളേരെ പഠിപ്പിക്കണമെങ്കില്‍ പരെശീലനത്തില്‍ പങ്കെടുക്കാതെ രക്ഷയില്ലല്ലോ!സ്കൂളില്‍ ചേരാന്‍ വരുന്ന ഒരു കുട്ടി പോലും നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തിക്കൊന്ടു തന്നെ പരമാവധി സമയം പരിശീലനത്തില്‍ സജീവമായി പങ്കെടുക്കാന്‍ പലരും ശ്രമിക്കുന്നു.പ്രധാനാധ്യാപകര്‍ സജീവമാകുമ്പോള്‍ സഹാധ്യാപകര്‍ക്ക് വെറുതെ ഇരിക്കാന്‍ കഴിയുമോ?അവരും സജീവം തന്നെ!ഫലമോ,രണ്ടാം ക്ലാസ്സിലെ പരിശീലനം ഒന്നാന്തരമായി മുന്നേറുന്നു!
 മൊത്തം പത്തുദിവസത്തെ പരിശീലനമാണ് ഈ അവധിക്കാലത്ത് ഓരോ അധ്യാപകനും ലഭിക്കുക.എല്‍.പി.വിഭാഗത്തിലുള്ളവര്‍ക്ക് മലയാളം,കണക്ക്,പരിസരപഠനം  വിഷയങ്ങള്‍ക്കായി നാല് ദിവസവും ഇംഗ്ലീഷിനായി നാല് ദിവസവും നീക്കി വെച്ചിരിക്കുന്നു.ബാക്കി രണ്ടു ദിവസം ക്ലസ്ടര്‍ തലത്തില്‍ ഒരു സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചു കൂടിയിരുന്ന് ആസൂത്രണം നടത്തണം എന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാന തലത്തിലും,ജില്ലാ തലങ്ങളിലും നടത്തിയ പരിശീലനങ്ങളില്‍ പങ്കെടുത്ത ആര്‍.പി.മാരാണ് അധ്യാപക പരിശീലനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.   
  രണ്ടാം ക്ലാസ്സുകാരുടെ പരിശീലനത്തിന് നേതൃത്വം നല്‍കാന്‍ ബി.ആര്‍.സി.ട്രെയിനര്‍മാര്‍ ആരും തന്നെ ഇത്തവണ ഞങ്ങളുടെ കേന്ദ്രത്തില്‍ ഉണ്ടായിരുന്നില്ല.മുന്‍ വര്‍ഷങ്ങളില്‍ ആര്‍.പി.ആയി തിളങ്ങിയ ദിലീപന്‍ മാഷിനായിരുന്നു ഇത്തവണ ഞങ്ങളെ നയിക്കാനുള്ള യോഗം.കൂടെ പ്രധാനാധ്യാപകനായ മാധവന്‍ മാഷും.രണ്ടു പേരും സ്ഥിരമായി രണ്ടാം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകരായതിനാല്‍ സിദ്ധാന്തങ്ങള്‍ പറഞ്ഞു തടി തപ്പാന്‍ എന്തായാലും കഴിയില്ല!അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സില്‍ നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ പറയുമ്പോള്‍ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക?(പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതോടൊപ്പം  ഒരു ക്ലാസ്സിന്റെ പൂര്‍ണ ചുമതല കൂടി വഹിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും തൃപ്തികരമായ രീതിയില്‍ ക്ലാസ്റൂം    പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രധാനാധ്യാപകാര്‍ക്ക് സമയം കിട്ടുന്നില്ല എന്നാ യാഥാര്‍ത്ഥ്യം അപ്പോഴും നിലനില്‍ക്കുന്നു.)അധ്യാപകര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകമായ
ഒട്ടേറെ കാര്യങ്ങള്‍ പരിശീലനത്തിലൂടെ മുന്നോട്ടു വെക്കാന്‍ ആര്‍.പി.മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 
             രണ്ടാം ക്ലാസ്സിന്റെ അന്തരീക്ഷം ഒരുക്കിക്കൊണ്ട് പരിശീലനഹാള്‍ ക്രമീകരിക്കുന്നതില്‍ ഒരു ആര്‍ട്ടിസ്റ്റു കൂടിയായ ദിലീപന്‍ മാഷ്‌ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.കുട്ടിത്തമുള്ള ബോര്‍ഡ്,ബിഗ്‌ സ്ക്രീന്‍,പുസ്തക പ്രദര്‍ശന ചുമര്,ടി.വി.സ്ക്രീന്‍ എല്ലാം തങ്ങളുടെ ക്ലാസ്സിലും വേണം എന്ന ചിന്ത ഇത് കാണുന്ന ഏതൊരുഅധ്യാപികയ്ക്കും ഉണ്ടാകും എന്നാ കാര്യത്തില്‍ തര്‍ക്കമില്ല. ടി.വി.സ്ക്രീനില്‍ ക്കൂടി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എത്ര താല്‍പ്പര്യത്തോടെയാണ്  അധ്യാപികമാര്‍ മുന്നോട്ടു വന്നത്! എന്നാല്‍പ്പിന്നെ കുട്ടികളില്‍ ഇത് എത്രമാത്രം താല്‍പ്പര്യം ഉണ്ടാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.പാവനാടകങ്ങല്‍ക്കാവശ്യമായ പാവകള്‍ തയ്യാറാക്കാന്‍ തങ്ങള്‍ക്കറിയില്ല എന്നായിരുന്നു പലരുടെയും ധാരണ.എന്നാല്‍ വളരെ ലളിതമായി എങ്ങനെ പാവകള്‍ ഉണ്ടാക്കാമെന്നും,അവ ഉപയോഗിച്ച്  എങ്ങനെ നാടകം കളിക്കാമെന്നും മാഷ്‌ പഠിപ്പിച്ചപ്പോള്‍ എല്ലാവര്ക്കും അത്ഭുതം!''ഇത്രയേ യുള്ളൂ...''ഇതായിരുന്നു പ്രതികരണം.എന്തായാലും ഇത്തവണ ഞങ്ങളുടെഎല്ലാം ക്ലാസ്സില്‍ പാവകളും,നാടകവും ഉണ്ടാകും,തീര്‍ച്ച.

പരിസരപഠനത്തിലെ  പ്രക്രിയാശേഷികളായ നിരീക്ഷണം,വര്‍ഗീകരണം,നിഗമനം,ലഘു പരീക്ഷണം,ആശയവിനിമയം തുടങ്ങിയവ കുട്ടികളില്‍ എത്തിക്കാന്‍ ഒരു പഠനതന്ത്രം എന്നനിലയില്‍ ഫീല്‍ഡ് ട്രിപ്പിനുള്ള  സാധ്യതകള്‍ എത്രത്തോളം എന്ന് മനസ്സിലാക്കാനായി പരിശീലനത്തിനിടയില്‍ ചെറിയൊരു ഫീല്‍ഡ് ട്രിപ്പും ഞങ്ങള്‍ നടത്തി."സ്കൂളിലെ ശുചിത്വം എത്രത്തോളം?''ഇതായിരുന്നു പ്രശ്നം.എല്ലാ ഘട്ടങ്ങളും പാലിച്ചുകൊന്ടു നടത്തിയ ട്രിപ്പും തുടര്‍ ചര്‍ച്ചകളും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കി.
ku
ലഘു പരീക്ഷണങ്ങള്‍ നടത്താന്‍ കുട്ടികളെ സഹായിക്കുന്നതിനായി സയന്‍സ് കോര്‍ണറുകളെ 
എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സെഷനില്‍ ഏറെ താല്‍പ്പര്യത്തോടെയാണ് മുഴുവന്‍ അധ്യാപികമാരും പങ്കെടുത്തത്.ക്ലാസ്സിനെ വിവിധ ഗ്രൂപുകളായിത്തിരിച്ച്‌ ഓരോ ഗ്രൂപ്പിന് മുന്നിലും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ ഓരോ പ്രശ്നം അവതരിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
 -ഏതു തരം മണ്ണിനാണ് ജലവാര്‍ച്ച കൂടുതല്‍?  
 -നിറയെ വെള്ളമുള്ള ഒരു ഗ്ലാസ്സില്‍ തൂവാതെ 
   എന്തെങ്കിലും ഇടാന്‍  കഴിയുമോ?
-ഏതു തരം മാവ് ഉണ്ടാക്കാനാണ് കൂടുതല്‍ ജലം വേണ്ടത്?                                                           
      ഇത്തരത്തിലുള്ളവയായിരുന്നു ചോദ്യങ്ങള്‍.പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്തു കണ്ടെത്തി.ആവശ്യമായ സാധനങ്ങള്‍ സയന്‍സ് കോര്‍ണറില്‍ നിന്ന് ശേഖരിച്ചു.എല്ലാവരുടെയും പങ്കാളിത്തത്തോടെ പരീക്ഷണം നടത്തി .കണ്ടെത്തിയ കാര്യങ്ങള്‍ രേഖപ്പെടുത്തി.അപഗ്രഥിച്ചു  നിഗമനങ്ങള്‍ രൂപീകരിച്ചു.പരീക്ഷണം വിദഗ്ദ്ധരായ പാനല്‍ അംഗങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു.അവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തി കരമായിത്തന്നെ ഉത്തരം നല്‍കി.കൂടുതല്‍ മാര്‍ക്ക് നേടിയ ടീമിനെ "റിയാലിറ്റി ഷോയിലെ" വിജയികളായി പ്രഖ്യാപിച്ചു!എത്ര ഗൌരവത്തോടെ യാണ് അധ്യാപികമാര്‍ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇതോടൊപ്പമുള്ള ഫോട്ടോകള്‍ കാണിച്ചുതരും.ഇതേ ആവേശം ക്ലാസ്സ് മുറികളിലും പ്രതിഫലിച്ചാല്‍ പരിസര പഠനത്തിലെ പ്രക്രിയാ ശേഷികള്‍ കൈവരിക്കുന്ന കാര്യത്തില്‍ രണ്ടാം തരത്തിലെ കുട്ടികള്‍ ഏറെ മുന്നേറും,തീര്‍ച്ച.           അവധിക്കാല പരിശീലനത്തിലെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്...ഈ ഒത്തു ചേരല്‍ വെറുതെയാവില്ല..ഇതിന്റെ ഫലം ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും....