ക്ലസ്റ്റര്‍ പരിശീലനം കഴിഞ്ഞതിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം.സ്വാഭാവികമായും ഉച്ചഭക്ഷണത്തിനിടയിലുള്ള ഞങ്ങളുടെ ചര്‍ച്ച അതിനെക്കുറിച്ച് തന്നെയായി.വായനയുടെ പ്രക്രിയ,ഭിന്ന നിലവാരക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍,വിലയിരുത്തല്‍-ഇവയുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകളില്‍ നടന്ന ചര്‍ച്ചകളും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളും ഞങ്ങള്‍ പങ്കുവെച്ചു.''നല്ല ആശയം!പക്ഷെ,പ്രായോഗികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.'' ഇതായിരുന്നു പരിശീലനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം.ഭിന്നനിലവാരക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ല എന്നതു തന്നെയായിരുന്നു ഞങ്ങളും നേരിടുന്ന പ്രശ്നം.എന്തായാലും ക്ലസ്ട്ടരില്‍ നിന്നും കിട്ടിയ അറിവ് ക്ലാസ് മുറിയില്‍ പരീക്ഷിച്ചു നോക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.പരിശീലനത്തിനു നേതൃത്വം നല്‍കിയ ആനന്ദന്‍ മാഷിനോട് പറയേണ്ട താമസം തല്‍സമയ പിന്തുണയുമായി സ്കൂളിലെത്താന്‍ മാഷ് റെഡി!
ഡിസംബര്‍ 22 നു രാവിലെ തന്നെ മാഷ് സ്കൂളിലെത്തി.S R G യോഗം ചേര്‍ന്നു.പുതിയ പാഠം തുടങ്ങാനുള്ള ക്ലാസ്സില്‍ എല്ലാവരുടെയും സഹായത്തോടെ വായനാപ്രവര്‍ത്തനം try out ചെയ്യാന്‍ ധാരണയായി.''മൂന്നാം ക്ലാസ്സില്‍ നാളെ പുതിയ പാഠം തുടങ്ങാനിരിക്കുകയാണ്.''സീമ ടീച്ചര്‍ പറഞ്ഞു.''എങ്കില്‍ മൂന്നാം ക്ലാസ്സില്‍ നിന്നുതന്നെയാകട്ടെ തുടക്കം,ആസൂത്രണം ഇന്ന് നടത്താം.''ആനന്ദന്‍ മാഷിന്റെ നിര്‍ദേശം.അങ്ങനെ 'തോല്‍ക്കാത്ത കാളി'എന്ന പാഠത്തിന്റെ ആസൂത്രണം ടീച്ചറും മാഷും ചേര്‍ന്നു നടത്തി.ആവശ്യമായ ബോധന സാമഗ്രികളും തയ്യാറാക്കി.
23 നു രാവിലെ ക്ലാസ്സ് തുടങ്ങി.'ചോര തുടിക്കും ചെറു കയ്യുകളെ,പേറുക വന്നീ പന്തങ്ങള്‍'എന്ന വിപ്ലവ ഗാനം കൂട്ടപ്പാട്ടായി പാടിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന്, പാഠഭാഗത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനായി 'ജാതി മതില്‍' എന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിച്ച് കുട്ടികളെ ക്കൊണ്ടു വായിപ്പിച്ചു.''ഇങ്ങനെയായിരുന്നുവോ നിങ്ങളുടെ നാട്ടിലെയും അവസ്ഥ?''കുട്ടികളോടായി ടീച്ചറുടെ ചോദ്യം.പ്രതികരണങ്ങള്‍ ക്കൊടുവില്‍ 'പണ്ടത്തെ കേരളം' ചാര്‍ട്ട് കാണിച്ച് വീണ്ടും വായനയ്ക്കുള്ള അവസരം.
''ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെങ്കില്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും?''
ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് നല്ല പ്രതികരണങ്ങള്‍ തന്നെയുണ്ടായി.ഈ അവസരത്തില്‍ അയ്യന്‍ കാളിയെ പരിചയപ്പെടുത്തിക്കൊന്ടു വീണ്ടും ടീച്ചറുടെ ചോദ്യം,''ഈ കാലത്ത് ജീവിച്ചിരുന്ന അയ്യങ്കാളി എങ്ങനെയായിരിക്കും പ്രതികരിച്ചിരിക്കുക?'' തോല്‍ക്കാത്ത കാളി എന്ന പാഠഭാഗം വായിച്ച് ഉത്തരം കണ്ടെത്താന്‍ നിര്‍ദേശം.വ്യക്തിഗത വായനയിലൂടെ കണ്ടെത്തിയ കാര്യം ഒന്ന് രണ്ടു കുട്ടികള്‍ അവതരിപ്പിച്ച ശേഷം ഗ്രൂപ്പായി വായിച്ച്, കണ്ടെത്തലുകള്‍ പങ്കിടാന്‍ നിര്‍ദേശം.
പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പാഠത്തിന്റെ സംഗ്രഹിച്ച കുറിപ്പ് നല്‍കി വായിപ്പിക്കുകയാണ് ചെയ്തത്..ടീച്ചറും,ട്രെയിനറും,ഞാനും കുട്ടികളുടെ അടുത്തിരുന്ന് വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. പുസ്തകത്തിലെ ചില വാക്കുകള്‍ തൊട്ടു കാണിക്കാനും,നിര്‍ദേശിച്ച വാക്കുകള്‍ക്ക് അടിവരയിടാനും അവര്‍ക്ക് കഴിഞ്ഞു.
ഭാവം ഉള്‍ക്കൊണ്ടു കൊണ്ടുള്ള ശ്രാവ്യ വായനയായിരുന്നു പിന്നീട്.കുട്ടികള്‍ വിവിധ കഥാപാത്രങ്ങളുടെ സംഭാഷണ ഭാഗങ്ങള്‍ വീതിച്ചാണ് ഗ്രൂപ്പില്‍ വായിച്ചത്.ഇവിടെയും പിന്നാക്കക്കാരെ പരിഗണിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. കഥാപാത്രങ്ങള്‍,പ്രധാന സംഭവങ്ങള്‍ തുടങ്ങിയവ പറയിക്കലും എഴുതിക്കലും ആയിരുന്നു തുടര്‍ന്ന് നടന്ന പ്രവര്‍ത്തനങ്ങള്‍.കഥാപാത്രങ്ങളുടെ പേരുകള്‍ മിക്കവാറും എല്ലാ കുട്ടികളും പറഞ്ഞു.ഒന്നോ രണ്ടോ സംഭവങ്ങള്‍ പറയാനും പലര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല.എഴുതുന്ന കാര്യത്തിലും,വാക്യങ്ങള്‍ ചിട്ടപ്പെടുത്തി തെറ്റ് കൂടാതെ പറയുന്ന കാര്യത്തിലും ചില കുട്ടികള്‍ ഇനിയും മെച്ചപ്പെടാന്‍ ഉണ്ട്....എങ്കിലും ആസ്വാദ്യകരമായ ഒരു അനുഭവമായി വായനയെ മാറ്റിയെടുക്കുക വഴി പിന്നാക്കക്കാരെയും മെല്ലെമെല്ലെ മുന്നോട്ടു നയിക്കാന്‍ കഴിയും എന്ന തിരിച്ചറിവാണ് ഇന്നത്തെ try out ല്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത്.അപ്പോഴും അധ്യാപികമാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്,''രണ്ടാം ഭാഗം പുസ്തകത്തില്‍ ഇനിയും പാഠങ്ങള്‍ ഒരുപാടു ബാക്കിയുണ്ട്.ഇങ്ങനെ പോയാല്‍ എപ്പോള്‍ പാഠം തീരും?''
''സംഗതി ശരിയാണ്.പക്ഷെ,ഇങ്ങനെയല്ലാതെ പോയി പാഠം തീര്‍ത്തിട്ട് എന്തു കാര്യം?'' ഞാന്‍ അവരോടു പറഞ്ഞു.........
S R G കൂടി വിലയിരുത്തിയപ്പോള്‍ മറ്റൊരു സംശയവും കൂടി ഉയര്‍ന്നുവന്നു,തികച്ചും ന്യായമായ സംശയം,ആരും ചോദിച്ചുപോകുന്ന സംശയം!
''മൂന്നു പേര്‍ കൂടിയല്ലേ ഇന്ന് ക്ലാസ് കൈകാര്യം ചെയ്തത്?എല്ലായ്പോഴും ഇതിനു കഴിയുമോ?''
''തീര്‍ച്ചയായും കഴിയില്ല.പക്ഷെ,ഇതും ഒരു സാധ്യതയാണ്.ടീം ടീച്ചിങ്ങിന്റെ സാധ്യത! വല്ലപ്പോഴും പരീക്ഷിച്ചു നോക്കാവുന്നത്.എസ്.എസ്.ജി.അംഗങ്ങളുടെ സഹായത്തോടെയോ, സാധാരണ പഠന സമയം കഴിഞ്ഞോ ,വായന ഒരു അനുഭവമാക്കി മാറ്റാന്‍ ഈ രീതി സ്വീകരിക്കാലോ?''
.....എന്റെ 'കണ്ടെത്തല്‍'സഹപ്രവര്‍ത്തകരെ ചിന്താകുഴപ്പത്തിലാക്കിയിരിക്കുമോ?ഏയ്!ഉണ്ടാവാനിടയില്ല.വായന മെച്ചപ്പെടുത്താനും
പിന്നാക്കക്കാരെ മുന്നാക്കം എത്തിക്കുന്നതിനുമായി ഇനിയുള്ള ദിവസങ്ങളില്‍ മൂന്നര മുതല്‍ നാലര വരെയുള്ള സമയം വിനിയോഗിക്കണമെന്ന് ഞങ്ങള്‍ അന്നേ തീരുമാനിച്ചിരുന്നതാണല്ലോ.....