ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

കാലത്തിന്‍റെ ചുമരെഴുത്ത്...

''അവിടെ പണിയെടുത്തിട്ടു വല്യ കാര്യമൊന്നുമില്ല മാഷേ ,കടപ്പുറത്തെ മുക്കുവരുടെ കുട്ടികളല്ലേ!നന്നാവില്ല,'' ബേക്കല്‍ ഫിഷറീസ് എല്‍.പി സ്കൂളിലേക്ക് പ്രധാനാദ്ധ്യാപകനായി പോകുമ്പോള്‍ പലരും പറഞ്ഞു.'കുട്ടികള്‍ കൃത്യമായി സ്കൂളില്‍ വരില്ല,വന്നാല്‍ത്തന്നെ പഠിക്കില്ല,രക്ഷിതാക്കള്‍ സ്കൂളിലേക്ക് തിരിഞ്ഞു നോക്കില്ല,വൃത്തിയുടെ കാര്യം പറയുകയേ വേണ്ട' ഇതൊക്കെയായിരുന്നു കടലിന്‍റെമക്കളുടെ സ്വന്തമായ എന്‍റെ വിദ്യാലയത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന പരികല്‍പ്പനകള്‍! പക്ഷെ എന്‍റെ സഹാധ്യാപികമാര്‍ പൂര്‍ണമായും ഈ വാദങ്ങള്‍ അംഗീകരിക്കുന്നവരായിരുന്നില്ല.എന്നെക്കാള്‍ രണ്ടുവര്‍ഷം മുമ്പ് ഈ സ്കൂളില്‍ എത്തിയ അവര്‍ കാര്യങ്ങള്‍ കുറെയേറെ മനസ്സിലാക്കിയിരുന്നു.കടപ്പുറത്തെ സ്കൂളിലേക്ക് തങ്ങളുടെ മക്കളെ അയയ്ക്കാന്‍ തയ്യാറാകാത്ത ചില പുത്തന്‍ പണക്കാരും പരികല്പനകളെ മുറുകെ പിടിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു!എന്തായാലും പേരുദോഷം മാറ്റാന്‍തന്നെ ഞങ്ങള്‍ ഉറച്ചു .അധ്യാപക-രക്ഷാകര്‍ത്തൃ സമിതി വിളിച്ചുചേര്‍ത്ത് കാര്യങ്ങളെല്ലാം, അവതരിപ്പിച്ചു ....ചിത്രം കുറേക്കൂടി വ്യക്തമായി...........സപ്തതി പിന്നിട്ട  ഈ വിദ്യാലയത്തിന് അഭിമാനിക്കാവുന്ന ഒരു പൂര്‍വകാലം ഉണ്ടായിരുന്നു. അജ്ഞരായിരുന്ന ഒരു ജനസമൂഹത്തെ അറിവിന്‍റെ പുതുലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഒരു ഭൂതകാലം!കടപ്പുറത്ത് കറങ്ങിനടന്നിരുന്ന കടലിന്‍റെ മക്കളെ സ്കൂളിലേക്ക് പിടിച്ചുകൊണ്ടുവന്ന അഹമ്മദ് മാഷ്‌ അവരുടെ ഓര്‍മയില്‍ ഇന്നും ജീവിക്കുന്നു!ഒപ്പം ത്യാഗിവര്യരായിരുന്ന അനേകം ഗുരുക്കന്മാരും!!ബേക്കല്‍,കോട്ടിക്കുളം പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളും അന്ന് ഇവിടെയാണു പഠിച്ചിരുന്നത്.പലരും ഉന്നത നിലകളില്‍ എത്തിയിട്ടുമുണ്ട് .കാലം ഏറെ മാറിയപ്പോള്‍ സമീപപ്രദേശങ്ങളില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ ഉണ്ടായി.പൊതു വിദ്യാലയങ്ങള്‍ക്കു പുറമെ പണക്കാരുടെ മക്കള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ വേറെയും!ഒടുവില്‍ കടപ്പുറത്തെ പാവപ്പെട്ട മുക്കുവന്‍റെ മക്കള്‍ മാത്രം പഠിക്കുന്ന വിദ്യാലയമായി ഇതു മാറി.അന്നത്തിനുള്ള വക കണ്ടെത്താന്‍ കടലിനോടു മല്ലടിക്കുന്നതിനിടയില്‍ മക്കളുടെ പഠനകാര്യത്തില്‍  ശ്രദ്ധിക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും,പഠനനിലവാരം ഉയര്‍ത്തുന്നതിലും വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല .ഇടക്കാലത്ത് താല്‍ക്കാലിക അധ്യാപകര്‍ മാത്രമായിരുന്നു പല വര്‍ഷങ്ങളിലും ഇവിടെ ജോലി ചെയ്തിരുന്നത് .അതും അന്യജില്ലക്കാര്‍.സ്വാഭാവികമായും വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം ദുര്‍ബലമായി.ക്രമേണ ക്രമേണ, പാര്‍ശ്വ വല്‍കരിക്കപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയം പിന്നോക്കവിദ്യാലയമായി  മുദ്രകുത്തപ്പെട്ടു..............കാലം പിന്നെയും മുന്നോട്ട്............പുതിയ അധ്യാപികമാര്‍,പുതിയ  പഠനരീതി,സജീവമായ പി.ടി.എ ,മദര്‍ പി.ടി.എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍  എല്ലാം കൂടിയായപ്പോള്‍ വിദ്യാലയത്തിലും പ്രകടമായ മാറ്റം കണ്ടു തുടങ്ങി.എന്നിട്ടും പഴയ പരികല്പ്പനകളെ കയ്യൊഴിയാന്‍ ചിലര്‍ തയ്യാറായില്ല.അവരാണ് തുടക്കത്തില്‍ എന്നെ നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചത്‌.. രക്ഷിതാക്കളുടെപരിപൂര്‍ണമായ പിന്തുണ ഉറപ്പായതോടെ എല്ലാവിധ അനുകൂല സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി വിദ്യാലയത്തെ മികവിന്‍റപാതയിലേക്ക്  നയിക്കുക എന്നത് ഒരു വെല്ലുവിളിയായിത്തന്നെ ഞങ്ങള്‍ ഏറ്റെടുത്തു ......നാലു വര്‍ഷത്തിനുള്ളില്‍  ഏതാണ്ട് 20 ലക്ഷത്തോളം രൂപയുടെ വികസന പദ്ധതികള്‍ വിവിധ ഏജന്‍സികള്‍ വഴി നടപ്പിലാക്കാന്‍ സാധിച്ചു!അങ്ങനെ പരാധീനതകള്‍ പഴങ്കഥകളായി മാറി!!പുതിയ കെട്ടിടങ്ങള്‍,ചുറ്റുമതില്‍ ,ഫര്‍ണിച്ചറുകള്‍, 4 കംപ്യുട്ടര്‍, എല്‍.സി.ഡി.പ്രോജെക്ടര്‍ ,ടി.വി , ലൈബ്രറി എല്ലാം ഇന്നു  ഞങ്ങള്‍ക്കു സ്വന്തം!  പഠന കാര്യത്തിലും ഞങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കടലിന്‍റെ മക്കള്‍ വിളിച്ചു പറയുന്നു, എല്‍.എസ്.എസ്  ഫലങ്ങളിലൂടെ ..കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും ഞങ്ങള്‍ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നു ..സമ്മാനങ്ങള്‍ നേടുന്നു ...........കാഞ്ഞങ്ങാട് -കാസര്‍ഗോഡ്‌  തീരദേശ പാതയോരത്ത് അറബിക്കടലിനെ തൊട്ടുരുമ്മി നില്‍ക്കുന്ന ഈ കൊച്ചു വിദ്യാലയത്തിന്റെ  മതിലില്‍ കണ്ണുള്ളവര്‍ക്ക് കാണാനായി ഞങ്ങള്‍ എഴുതി യത് കൂടി കാണൂ ...അഭിപ്രായം അറിയിക്കൂ.......