വ്യാഴാഴ്‌ച, മേയ് 24, 2012

ഒരു യാത്രാ മൊഴി....“ഈ വിദ്യാലയം ഇനിയുമിനിയും മുന്നേറട്ടെ!”


സ്നേഹിതരേ, ബേക്കൽ ഗവ.ഫിഷറീസ് എൽ.പി.സ്കൂളിൽ നിന്നും ഞാൻ യാത്ര പറയുകയാണ്..കഴിഞ്ഞ ആറുവർഷക്കാലം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ  സന്തോഷം ഉണ്ട്..പാർശ്വവൽക്കരിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരോടൊപ്പം-കടലിന്റെ മക്കൾക്കൊപ്പം-ചെലവഴിക്കാൻ കഴിഞ്ഞ സുവർണനിമിഷങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല,തീർച്ച!പരാധീനതകൾ ഒട്ടേറെയുണ്ടായിരുന്ന ഈ തീരദേശ വിദ്യാലയം ഇന്ന് ഏറെ മുന്നേറിയിരിക്കുന്നു,മികവിന്റെ പാതയിലൂടെ.....സഹപ്രവർത്തകരുടെയും,രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇതു സാധ്യമായത്..ഈ കൂട്ടായ്മയിൽ പങ്കാളിയാകാൻ കഴിഞ്ഞതുതന്നെയാണ് എനിക്കു സന്തോഷം പകരുന്നത്..പഞ്ചായത്ത് ഭരണസമിതി,എം.പി,എം.എൽ.എ.തുടങ്ങിയ ജനപ്രതിനിധികൾ,എസ്.എസ്.എ...എന്നിങ്ങനെ എല്ലാ ഭാഗത്തുനിന്നും  ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയിൽ കരുത്തേകി..ഒപ്പം തീരവാണിയിലൂടെ പൊതുവിദ്യാഭ്യാസ തൽ‌പ്പരരായ ആളുകളിൽ നിന്നും ലഭിച്ച  പ്രോത്സാഹനം..സഹായം..സ്നേഹം...എല്ലാമെല്ലാം ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നു..അങ്ങനെയങ്ങനെ കടലിന്റെ മക്കൾ മുന്നേറി..അതുവരെ അറിയാതിരുന്ന വഴിയിലൂടെ..മറ്റുള്ളവർക്കൊപ്പം! ..വ്യക്തമായി ആസൂത്രണം ചെയ്ത വിദ്യാലയ വികസന പദ്ധതികൾ പലതും നടപ്പിലാക്കാൻ കഴിഞ്ഞു..നേടിയ നേട്ടങ്ങൾ നിലനിർത്താനും,,കൂടുതൽ നേട്ടങ്ങൾ എത്തിപ്പിടിക്കാനുമുള്ള കരുത്ത് ഇന്ന് കടലിന്റെ മക്കൾക്കുണ്ട്....അതുകൊണ്ടുതന്നെ ഇനിയൊരു പിറകോട്ടു പോക്ക് ഇവർക്കുണ്ടാകില്ല.....വീട്ടിൽ നിന്നും വളരെ അകലെയുള്ള ഈ വിദ്യാലയത്തിൽ നിന്നും,കുറച്ചുകൂടി അടുത്തുള്ള മറ്റൊരു വിദ്യാലയത്തിലേക്കാണ് ഞാൻ ഇപ്പോൾ മാറിപ്പോകുന്നത്....എങ്കിലും എന്റെ മനസ്സു എന്നും ഇവരോടൊപ്പം ഉണ്ടാകും..നീലസാഗരതീരവും,കുഞ്ഞോളങ്ങളും,കുഞ്ഞുങ്ങളും..എല്ലാമെല്ലാം ഇനിയുള്ള യാത്രയിലും എന്നോടൊപ്പം തന്നെ കാണും.....തൽക്കാലം എല്ലാവർക്കും വിട!... ‘തീരവാണി’ തുടരും എന്ന പ്രതീക്ഷയോടെ,..........................നാരായണൻ മാഷ് ഒയോളം.....

ബുധനാഴ്‌ച, മേയ് 02, 2012

മെയ് 2 വിജയദിനം..ആഹ്ലാദപൂർവം ഒരു ഒത്തുചേരൽ







ഒരു മാസത്തെ ഇടവേളയ്ക്കുശേഷം കുട്ടികൾ സ്കൂളിൽ ഒത്തുകൂടിയ ദിവസമായിരുന്നു ഇന്ന്...റിസൽട്ട് അറിയാനുള്ള ആകാംക്ഷയോടെയാണ് എല്ലാവരു എത്തിയത്..വിജയികളുടെ പേരുവിവരം നോട്ടീസ് ബോർഡിൽ ഒട്ടിക്കുന്ന രീതിക്കു പകരം എല്ലാവരെയും ക്ലാസ്സിൽ ഒരുമ്മിച്ചിരുത്തി റിസൽട്ട് വായിക്കുന്ന രീതിയാണ് കുറെവർഷങ്ങളായി ഞങ്ങൾ സ്വീകരിച്ചു വരുന്നത്...ഈ വർഷവും ആ പതിവ് തെറ്റിച്ചില്ല...രാവിലെ 10 മണിയാകുമ്പോഴേയ്ക്കും ഏതാണ്ട് എല്ലാ കുട്ടികളും എത്തി ഹാളിൽ ഇരിപ്പുറപ്പിച്ചു...ഞാൻ പ്രൊമോഷൻ ലിസ്റ്റുമായി അവരുടെ അടുക്കലേക്ക് പോയി..ഹാജർ വിളിച്ചു..നാലു ക്ലാസ്സുകളിലുമായി 8 കുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും എത്തിയിരിക്കുന്നു....“ആദ്യം ഒന്നാം ക്ലാസ്സിൽ നിന്നും ജയിച്ച കുട്ടികളുടെ പേരുകളാണ് വായിക്കുന്നത്..ശ്രദ്ധിച്ച് കേൾക്കണം.’’ഞാൻ പറയേണ്ട താമസം,എല്ലാവരും നിശബ്ദരായി...ഞാൻ പേരു വിളിക്കുന്നതിനനുസരിച്ച്  ഓരോരുത്തരായി സന്തോഷത്തോടെ എഴുന്നേറ്റ് നിന്നു,വിജയീ ഭാവത്തോടെ!അവസാനത്തെ കുട്ടിയുടെ പേരുകൂടിവായിച്ചുകഴിഞ്ഞപ്പോൾ ആരോ വിളിച്ചുപറയുന്നതു കേട്ടു..“എല്ലാരും ജയിച്ചു!.’’സന്തോഷത്തോടെ കൂട്ടുകാർ കയ്യടിച്ചു...അടുത്തത് രണ്ടാം ക്ലാസ്സ്...പിന്നെ മൂന്ന്,നാല്.ഈ ക്രമത്തിൽ മുഴുവൻ കുട്ടികളുടെയും പേരുകൾ വിളിച്ചപ്പോൾ എല്ലാവർക്കും സന്തോഷം..ആരും തോറ്റില്ല!എല്ലാവരും ജയിച്ചിരിക്കുന്നു!!വലിയ ക്ലാസ്സിലെത്തിയതിന്റെ സന്തോഷം ഓരോ മുഖത്തും കാണാമായിരുന്നു..ജയിച്ചവർക്കെല്ലാം സമ്മാനമൂണ്ട്...ഞാൻ പറഞ്ഞപ്പോൾ, ചിലർ വിളിച്ചു പറയാൻ തുടങ്ങി...മിട്ടായി...ലഡു......ഇതൊന്നുമല്ല ഇന്നത്തെ സമ്മനം...എല്ലാവർക്കും ഇഷ്ടമുള്ള മറ്റൊന്നാണ്..ഉടൻ ഒരു മിടുക്കൻ വിളിച്ചു പറഞ്ഞു...“പുസ്തകം.“....ശരി,പുതിയ ക്ലാസ്സിലേക്കുള്ള ടെക്സ്റ്റ് പുസ്തകമാണ് എല്ലാവർക്കുമുള്ള സമ്മാനം...മൂന്നു കുട്ടികളെയും കൂട്ടി ഓഫീസിലേക്ക് പോയി പുസ്തകം എടുത്തുകൊണ്ടുവന്നു...എല്ലാവർക്കും കൊടുത്തു...സാധാരണ സ്കൂൾ തുറന്നാലെ പുസ്തകം കിട്ടാറുള്ളൂ..കശ്ഴിഞ്ഞ വർഷമാണെങ്കിൽ തുറന്ന് ഒരു മാസം കഴിഞ്ഞാണ് ചില ക്ലാസ്സുകാർക്ക് പുസ്തകം കിട്ടിയത്..ഈ വർഷം ഏതായാലും ആ പ്രശ്നം ഇല്ല......നാലാം ക്ലാസ്സിൽ നിന്നും ജയിച്ച കുട്ടികൾക്കു മാത്രം പുസ്തകം കൊടുത്തില്ല..അവർ പുതിയ അഞ്ചാം ക്ലാസ്സുകാരാണല്ലോ..പുതുതായി ചേരുന്ന സ്കൂളിൽ നിന്നും പുസ്തകം കിട്ടുമെന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ചു..പക്ഷെ,എപ്പോൾ ടി.സി കൊടുക്കുമെന്ന് ഉറപ് പറയാൻ എനിക്കായില്ല...കാരണം,ടി.സി.യില്ലാതെ മദർ സ്കൂളിലേക്ക് പോകാം എന്നൊക്കെ ആരോ പറയുന്നതു കേട്ടിരുന്നു..സത്യമാണോ ആവോ? എവിടെയാണാവോ ആ ‘അമ്മസ്കൂൾ‘ ഞങ്ങളുടെ കുഞ്ഞുങ്ങളെയും കാത്ത് ഇരിക്കുന്നത്?