ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

കീടനാശിനികള്‍ ജീവനാശിനികള്‍ ആകുമ്പോള്‍!

എന്‍ഡോസള്‍ഫാന്‍ വിഷമഴയ്ക്കെതിരായ പോരാട്ടത്തില്‍ കാസര്‍കോട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ അത് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു  പരിസ്ഥിതി പ്രശ്നമായി മാറി! പിന്തുണയുമായി എത്തിയ വ്യക്തികളും പ്രസ്ഥാനങ്ങളും നിരവധി നിരവധി.ദുരന്ത ബാധിതരെ ആശ്വസിപ്പിക്കാനും,പുനരധിവസിപ്പിക്കാനുമായി ഭരണ കൂടവും രംഗത്തെത്തി.അച്ചടി മാധ്യമങ്ങളിലും,ദൃശ്യ മാധ്യമങ്ങളിലും പ്രശ്നം സജീവ ചര്‍ച്ചാ വിഷയമായി മാറി....ജീവ നാശിനികളായി   മാറിക്കൊണ്ടിരിക്കുന്ന കീടനാശിനികളുടെ ഉല്‍പ്പാദനവും പ്രയോഗവും നിരോധിക്കണം എന്ന ആവശ്യത്തിനു ശക്തി കൂടി.ഒപ്പം ബദലുകളെക്കുറിച്ചുള്ള അന്വേഷണവും സജീവമായി...........       


ഈയൊരു സന്ദര്‍ഭത്തിലായിരുന്നു  നാലാം ക്ലാസ്സിലെ കുട്ടികള്‍ 'സൂക്ഷിക്കുക കുരുടാന്‍ 'എന്ന പാഠഭാഗം പഠിക്കാന്‍ തുടങ്ങിയത്....സ്വാഭാവികമായും അവരുടെ ചര്‍ച്ച 'എന്‍ഡോസള്‍ഫാന്‍' ഭീകരനിലേക്കും എത്തി.അങ്ങനെയാണ്ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി അംഗവും,പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.മുരളീധരന്‍ മാഷുമായി ഒരു അഭിമുഖം സംഘടിപ്പിക്കാന്‍ ക്ലാസ് ടീച്ചറും കുട്ടികളും ചേര്‍ന്ന് തീരുമാനിച്ചത്.
           മാഷ്‌ വരുന്നതിനു മുമ്പ് തന്നെ സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ നിന്നും ,പത്രങ്ങളില്‍ നിന്നും,പാഠത്തില്‍ നിന്നും മറ്റുമായി കുറെ കാര്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കിയിരുന്നു.മാഷോട് ചോദിക്കേണ്ട ചോദ്യങ്ങളും   അവര്‍ തയ്യാറാക്കി.ഓരോ ചോദ്യവും ആരാണ് ചോദിക്കേണ്ടത്‌ എന്നതിനെക്കുറിച്ചും അവര്‍ക്ക്  ധാരണ യുണ്ടായിരുന്നു .മാഷ്‌ പറയുന്ന പ്രധാന കാര്യങ്ങള്‍ കുറിച്ചെടുക്കണം എന്ന നിര്‍ദേശം നല്‍കാന്‍ അധ്യാപികയും മറന്നില്ല. 
.
                       നാലാം ക്ലാസ്സുകാരാണ് അഭിമുഖം സംഘടിപ്പിച്ചതെങ്കിലും, ശ്രദ്ധേയമായ  ഒരു പൊതു പ്രശ്നം എന്ന നിലയില്‍ മറ്റു ക്ലാസ്സിലെ കുട്ടികളും അധ്യാപികമാരും പരിപാടിക്ക് എത്തിയിരുന്നു.ആഷിക മുരളിമാഷെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.ഞാന്‍ മാഷെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
  .........പാഠം അവതരിപ്പിക്കുന്നതിനു മുന്നോടിയായി ടീച്ചര്‍ ബിഗ്‌ സ്ക്രീനില്‍ ക്രമീകരിച്ച വായനാ സാമഗ്രികളിലെ ചോദ്യങ്ങള്‍ കുട്ടികളോട് ചോദിച്ചുകൊണ്ടാണ് മാഷ്‌ തുടങ്ങിയത്.   
  ''പൂ പൊതിഞ്ഞു കൊടുത്ത വാഴയില തിന്നപ്പോള്‍ പശു ചത്തു പോവാന്‍ എന്താ കാരണം?''
    ''വാഴ കൃഷി ചെയ്യുമ്പോള്‍ കുരുടാന്‍ കീടനാശിനി(ഫ്യൂറടാന്‍  ) ധാരാളമായി ഉപയോഗിച്ചത് കൊണ്ട്''-കുട്ടികള്‍ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. 
     ''പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്‌ ആരോഗ്യത്തിനു മോശമാകുന്നതെങ്ങനെ?''
 ''എല്ലാറ്റിലും കീടനാശിനിയല്ലേ മാഷേ ''-ജനിഷയുടെ ഉത്തരം മാഷിനു ഇഷ്ടപ്പെട്ടു.
  ''ഏതൊക്കെ കീടനാശിനികളെക്കുറിച്ച് നിങ്ങള്‍ക്കറിയാം?''
   ''ഫ്യുറടാന്‍,എന്‍ഡോസള്‍ഫാന്‍....''

അറിയാവുന്ന പേരുകള്‍ അവര്‍ പെട്ടെന്ന് തന്നെ പറഞ്ഞു.ഉടനെ ഒരു ചോദ്യവും, 
  ''മറ്റു കീടനാശിനികള്‍ ഏതൊക്കെയാണ്?''
കുറെ കീടനാശിനികളുടെ  പേരുകള്‍ മാഷ്‌ പറഞ്ഞു കൊടുത്തു.കുട്ടികള്‍ അവ കുറിച്ചെടുത്തു.
 ''ഏറ്റവും മാരകമായ കീടനാശിനി ഏതാണ്‌?''
 ''ഏതെല്ലാം കൃഷിക്കാണ് എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നത്? ''
........തയ്യാറാക്കി വെച്ച ചോദ്യങ്ങള്‍ ഓരോന്നായി കുട്ടികള്‍ ചോദിക്കാന്‍ തുടങ്ങി.
 ''കാസര്‍ഗോട് ജില്ലയില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കാന്‍ എന്താണ് കാരണം?''
 ''ഹെലി കോപ്ടര്‍ വഴി കീടനാശിനി തെളിക്കുമ്പോള്‍ കൂടുതല്‍ കുഴപ്പം ഉണ്ടാകും എന്ന് പറയുന്നത് എന്തു കൊണ്ടാണ്?''
''മാഷ്‌ പദ്രേയിലും,ചീമേനിയിലും,പെരിയയിലും എല്ലാം പോയിട്ടുണ്ടോ? എന്തെല്ലാമാണ് അവിടെയുള്ള ആളുകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍?''
  ''എന്താണ് ഇതിനു പരിഹാരം ?''
  ''കീടനാശിനികള്‍ ഉപയോഗിക്കാതെ പിന്നെങ്ങനെ കൃഷി ചെയ്യും?''
 .......ഇങ്ങനെ പോയി കുട്ടികളുടെ സംശയങ്ങള്‍!ഓരോ ചോദ്യത്തിനും മാഷ്‌ അപ്പപ്പോള്‍ ഉത്തരവും നല്‍കി.കുട്ടികളും അധ്യാപികമാരും ഉപ ചോദ്യങ്ങളുമായി എഴുന്നേറ്റപ്പോള്‍ മാഷിനു കൂടുതല്‍ ആവേശം..
 .........ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത പ്രദേശങ്ങളിലെല്ലാം പോയ മാഷിന് പറയാന്‍ ഒട്ടേറെ ക്കാര്യങ്ങള്‍!ഇരകള്‍ അനുഭവിക്കുന്ന തീരാവേദന കളുടെയും,കഷ്ടപ്പാടുകളുടെയും കഥകള്‍ വിവരിച്ചപ്പോള്‍ മാഷുടെ വാക്കുകളിലെ രോഷവും സങ്കടവും കുട്ടികളുടെ മുഖത്തും പ്രതിഫലിച്ചു!  
''കീടനാശിനികള്‍ ഇന്ന് ജീവനാശിനികള്‍ ആയി മാറിയിരിക്കുന്നു. ചിലതിനെ മാരകം എന്ന് വിശേഷിപ്പിക്കാ മെങ്കിലും എല്ലാ രാസ കീടനാശിനികളും അപകടകാരികള്‍ തന്നെയാണ്. ഇവ ഉപയോഗിക്കുന്നതില്‍ നിന്നും നാം പിന്‍മാറിയെ പറ്റൂ.....ഒപ്പം ഉല്‍പ്പാദനം നിരോധിക്കും വരെ നിരന്തരമായി പോരാടുകയും വേണം.''മാഷ്‌ തറപ്പിച്ചു പറഞ്ഞു.
     .....ബദലുകളായ  ജൈവ കീടനാശിനികള്‍,എതിര്‍ പ്രാണികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദീകരണവും കുട്ടികള്‍ ശ്രദ്ധയോടെ കേട്ടു.
                     ........യാതൊരുവിധ നിയന്ത്രണങ്ങളും പാലിക്കാതെ,തികച്ചും അശാസ്ത്രീയമായ രീതിയില്‍ വര്‍ഷങ്ങളായി തുടര്‍ന്ന കശുമാവിന്‍ തോട്ടങ്ങളിലെ ഹെലി കോപ്ടര്‍ വഴിയുള്ള കീടനാശിനി പ്രയോഗമാണ് കാസര്‍ഗോഡ് ജില്ലയിലെ ദുരന്തത്തിനു കാരണമെന്നും മാഷ്‌ വ്യക്തമാക്കി.
      ...''കടകളില്‍ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ അടങ്ങിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാല്‍ നമുക്കാവശ്യമായ പച്ചക്കറികള്‍ കഴിയാവുന്നത്ര നാം തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കണം.ഇക്കാര്യം സമൂഹത്തെ ബോധ്യപെടുത്താന്‍ കുഞ്ഞുങ്ങളായ നിങ്ങള്‍ വേണം മുന്നിട്ടിറങ്ങാന്‍ .''ഇത്രയും പറഞ്ഞ് മാഷ്‌ നിര്‍ത്തി.
       ...പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേട്ട കുട്ടികള്‍  ഏതായാലും ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചു.കടകളില്‍ നിരത്തി വെച്ചിരിക്കുന്ന തുടുത്ത പഴങ്ങള്‍ കണ്ടാല്‍ ഇനി വേണമെന്ന് വാശി പിടിക്കില്ല.എന്തെങ്കിലും പച്ചക്കറി കടപ്പുറത്തെ മണ്ണില്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്നും നോക്കണം!
      .....അഭിമുഖത്തില്‍നിന്നും ലഭിച്ച വിവരങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി.'കീടനാശിനിയോ?..ജീവനാശിനിയോ?  'അഭിപ്രായ ക്കുറിപ്പ്‌  തയ്യാറാക്കുമ്പോഴും, കീടനാശിനി പ്രയോഗത്തിനെതിരായ പോസ്റ്ററുകളും, മുദ്രാവാക്യങ്ങളും തയ്യാറാക്കുമ്പോഴും കുട്ടികളുടെ മനസ്സില്‍ മുഴങ്ങിയത് മുരളി മാഷുടെ വാക്കുകള്‍ തന്നെയായിരുന്നു,''ഇത് കീടനാശിനിയല്ല..ജീവനാശിനി തന്നെയാണ്!''