ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

രസതന്ത്ര പരീക്ഷണങ്ങളുമായി വിജ്ഞാനോത്സവം2011-12

മേശപ്പുറത്ത് രണ്ടു സോഡാക്കുപ്പികള്‍.ഒന്നില്‍ നിറയെ സോഡാ വെള്ളം.കുട്ടികള്‍ കാണ്‍കെ അതിന്റെ മൂടി തുറന്ന് കാല്‍ ടീസ്പൂണ്‍ കല്ലുപ്പ് അതിലേക്ക് ഇടുന്നു. ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്‌ ഭാഗം അടയുന്ന വിധം വെക്കുന്നു.എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ച് പരമാവധി കാര്യങ്ങള്‍ എഴുതാന്‍ കുട്ടികളോട് നിര്‍ ദേശിക്കുന്നു.
 
രണ്ടാമത്തെ സോഡാക്കുപ്പി  കാലിയാണ്.അതില്‍ കാല്‍ ഭാഗം വിനാഗിരി ഒഴിച്ച ശേഷം അഞ്ചു സെന്റീമീറ്റര്‍ നീളമുള്ള മെഗ്നീഷ്യം റിബ്ബണ്‍ ചെറു കഷണങ്ങളാക്കി വിനാഗിരിയില്‍ ഇടുന്നു.ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്ഭാഗം അടക്കുന്നു.പരമാവധി നിരീക്ഷണങ്ങള്‍ എഴുതാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം.
       അല്‍പ്പ സമയത്തിനു ശേഷം രണ്ടു പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കുന്നു.രണ്ടു കുപ്പികളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം നിരീക്ഷിച്ച് സമാനതകളും വ്യത്യാസങ്ങളും കണ്ടെത്തുകയാണ് ഈ അവസരത്തില്‍   ചെയ്യേണ്ടത്....കുപ്പികളില്‍ നിന്നും വരുന്ന വാതകങ്ങള്‍ ടെസ്ട്യൂബുകളില്‍ ശേഖരിച്ച്‌ അവ തിരിച്ചറിയാനുള്ള പരീക്ഷണങ്ങളാണ് പിന്നീട്.ഒപ്പം മെഗ്നീഷ്യം റിബ്ബണ്‍ കത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങളും കുട്ടികള്‍ നിരീക്ഷിച്ച് മനസ്സിലാക്കുന്നു.......അന്താരാഷ്‌ട്ര രസ തന്ത്ര വര്‍ഷത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  സംസ്ഥാന  വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പഞ്ചായത്ത് തല വിജ്ഞാനോല്സവത്തില്‍ യു.പി.വിഭാഗം കുട്ടികള്‍ക്കായി ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ് ഇവ.പതിവ് മത്സര പരീക്ഷകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി,രസതന്ത്ര പരീക്ഷണങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളുടെ ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.     
...


വെള്ളം തിളക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനമായിരുന്നു എല്‍.പി.വിഭാഗം കുട്ടികളെ ഏറെ ആകര്‍ഷിച്ചത്.സ്പിരിട്ട് ലാമ്പ്,തീപ്പെട്ടി,ട്രൈ പോഡ്‌ സ്ടാന്റ്റ്,ബീക്കര്‍,വെള്ളം എല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെച്ച  ശേഷം കുട്ടികളുടെ മുപില്‍ വെച്ചുതന്നെ വെള്ളം ചൂടാക്കാന്‍ തുടങ്ങുകയായിരുന്നു.തുടക്കം മുതല്‍ തിളക്കുന്നതുവരെയുള്ള ഓരോ മാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന കാര്യത്തില്‍ കുട്ടികള്‍ കാണിച്ച സൂക്ഷ്മതയും  കൃത്യതയും അധ്യാപികമാരെ അത്ഭുതപ്പെടുത്തി.വെള്ളം തിളക്കുമ്പോള്‍ പാത്രത്തിനു മുകളില്‍ വെച്ച വാച്   ഗ്ലാസ്സിന്റെ അടിയില്‍ വെള്ളത്തുള്ളികള്‍ രൂപപ്പെട്ടതിന്റെ കാരണവും തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ കണ്ടെത്തി.
പുഴയുടെ ആത്മകഥ വായിച്ച് അതില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്വന്തമായി പദപ്രശ്നം നിര്‍മ്മിക്കാന്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ അത് അസാധ്യമാണെന്നാണ് അധ്യാപികമാര്‍ക്ക് തോന്നിയത്.എന്നാല്‍ ഒരു പദപ്രശ്നത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മുഴുവന്‍ സ്കോറും കരസ്ഥമാക്കിയ മിടുക്കന്മാരും മിടുക്കികളും ധാരാളം!
   


സമചതുരക്കടലാസുപയോഗിച്ച് ,ടീച്ചറുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ച് 'തലകുത്തി മറിയുന്ന  ചാട്ടക്കാരനെ'നിര്‍മ്മിക്കാനുള്ളതായിരുന്നു മറ്റൊരു പ്രവര്‍ത്തനം.ഇതും താല്പ്പര്യ ത്തോടെ   തന്നെ കുട്ടികള്‍  ഏറ്റെടുത്തു.  
      മുന്‍കൂട്ടി ചെയ്തുവരാന്‍ നിര്‍ദേശിച്ച ലഘു പ്രോജക്ടുകളുമായാണ് കുട്ടികള്‍ വിജ്ഞാനോത്സവ കേന്ദ്രത്തില്‍ എത്തിയത്.'പ്രകൃതിയിലെ വര്‍ണങ്ങള്‍'എന്നതായിരുന്നു എല്‍.പി.വിഭാഗത്തിന്റെ വിഷയം.സസ്യങ്ങളുടെ വിവിധ ഭാഗങ്ങള്‍ കടലാസില്‍ ഉരച്ചു നിറം പിടിപ്പിച്ച്‌ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ചാര്‍ട്ട് പേപ്പറില്‍ ഭംഗിയായി ക്രമീകരിക്കാനായിരുന്നു നിര്‍ദേശം....ഇല,വേര്,പൂവ്,കായ,കിഴങ്ങ്,തണ്ട് എന്നിങ്ങനെ വിവിധ സസ്യ ഭാഗങ്ങള്‍ കൊണ്ട് പല ഡിസൈനില്‍ കുട്ടികള്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചം  അതി മനോഹരം തന്നെ!
    'നമ്മുടെ ആഹാരത്തെക്കുറിച്ച് പഠിക്കാം'എന്നുള്ള തായിരുന്നു യു.പി.വിഭാഗത്തിനുള്ള അസൈന്‍ മെന്ടു.യു.പി.ക്ലാസ്സുകളില്‍ പഠിക്കുന്ന ആറു കുട്ടികളുടെ  വീടുകള്‍ സന്ദര്‍ശിച്ച്ഉചിതമായ ഫോര്‍ മാറ്റ് ഉപയോഗിച്ച് അവരുടെ ഭക്ഷണത്തെ   സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് വേണ്ടത്.  ആറു    പേരില്‍ മൂന്നു പേര്‍ പെണ്‍കുട്ടികള്‍ ആയിരിക്കണം..നാം കഴിക്കുന്ന ഭക്ഷണത്തില്‍ വിവിധ പോഷക ഘടകങ്ങള്‍ വേണ്ടത്ര അളവില്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്‌ഷ്യം.ചിട്ടയായിത്തന്നെ പഠനപ്രവര്‍ത്തനം ചെയ്തുവരാന്‍ എല്ലാ കുട്ടികളും ശ്രദ്ധിച്ചിരുന്നു..


സൈജുമാഷ്
 കാസര്‍ഗോഡ്‌ ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തിലെ വിജ്ഞാനോത്സവം ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലാണ് നടന്നത്.പഞ്ചായത്തിലെ പതിനഞ്ചു വിദ്യാലയങ്ങളില്‍ നിന്നായി എല്‍.പി,യു.പി.വിഭാഗങ്ങളിലെ 85 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.തിരുവക്കോളി ഗവ.എല്‍.പി.സ്കൂളിലെ സൈജുമാഷ്‌ നേതൃത്വം നല്‍കിയ കൂട്ടപ്പാട്ടോടെയാണ് ഉത്സവം തുടങ്ങിയത്.ഉദുമ ഗ്രാമ പഞ്ചായത്ത്


കസ്തൂരി ടീച്ചര്‍
പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ വിജ്ഞാനോത്സവം ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട്   ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത  വഹിച്ചു.മദര്‍ പി.ടി.എ പ്രസിഡണ്ട് നിഷ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും സ്റാഫ് സെക്രട്ടറി സുമ ടീച്ചര്‍ നന്ദിയും പറഞ്ഞു.എല്‍.പി.വിഭാഗത്തില്‍ നിന്ന് ഏഴും, യു.പി.വിഭാഗത്തില്‍ നിന്ന് ആറും കുട്ടികള്‍ ഉയര്‍ന്ന സ്കോറുകള്‍ നേടി മികച്ച കുട്ടികളായി തെരഞ്ഞെടുക്കപ്പെട്ടു.സമാപന യോഗത്തില്‍ വെച്ച് ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭ കരുണാകരന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടി ഫിക്കറ്റുകളും  വിതരണം ചെയ്തു.
      ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലെ അധ്യാപികമാര്‍ക്കൊപ്പം പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉച്ചഭക്ഷണം തയ്യാറാക്കി നല്‍കുന്ന കാര്യത്തില്‍ സ്കൂള്‍ പി.ടി.എ,മദര്‍ പി.ടി. എ കമ്മറ്റികള്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു.


          മികച്ച കുട്ടികള്‍(എല്‍.പി.വിഭാഗം) 
1 അനാമിക.കെ.ആര്‍ (അംബിക    
                                   എ.എല്‍.പി.സ്കൂള്‍,ഉദുമ)
2 സൂര്യദാസ്(ജി.എല്‍.പി.എസ്‌.ഉദുമ)
3 രജനീഷ്.ആര്‍   
                 (ജി.എഫ്.എല്‍.പി.എസ്‌.ബേക്കല്‍)
4 സിനാന.കെ(എ.എല്‍.പി.എസ്.ബേക്കല്‍)
5 മുഫീദ(ജി.എല്‍.പി.എസ് തിരുവക്കോളി)
6 ശരത്ത്.യു(ജി.എഫ്.എല്‍.പി.എസ് ബേക്കല്‍)
7 അനശ്വര.കെ( അംബിക.എ.എല്‍.പി.എസ്.)
     മികച്ച കുട്ടികള്‍(യു.പി.വിഭാഗം)
1 ശ്രീഷ്ന ശ്രീധര്‍(ജി.യു.പി.എസ്.ബാര)
    2 മിഥുന്‍.കെ( ജി.യു.പി.എസ്.ബാര)
    3 നമിത നന്ദികേഷ്(ജി.യു.പി.എസ്.ബാര)
    4 അഖില്‍.പി(ജി.എഫ്.എച്.എസ്.എസ്.ബേക്കല്‍)
    5 ജയശ്രീ ബാലകൃഷ്ണന്‍(ജി.എച്.എസ്.എസ്.ഉദുമ)
    6 റീമ.ആര്‍(ജി.എഫ്.യു.പി.എസ്.കോട്ടിക്കുളം) 

ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

മികവിന്റെ നേര്‍ സാക്ഷ്യങ്ങള്‍-ഫോട്ടോ ഗ്യാലറി-ജി.എഫ്.എല്‍.പി.സ്കൂള്‍,ബേക്കല്‍

ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂള്‍ പുറത്തിറക്കിയ സുവനീറില്‍ ഉള്‍പ്പെടുത്തിയ വര്‍ണ്ണ ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ കാണുന്നത്.                      'വളരുന്ന പഠനോപകരണം'-ബിഗ്‌ പിക്ച്ചറിന്റെ          സാധ്യതകള്‍ (സുവനീര്‍ പുറം കവര്‍)                                                 
     

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

അഹമ്മദ് മാഷിന്റെ സ്കൂള്‍ മുന്നോട്ട്.....


''മാഷിന്റെ കാലത്ത് ഒരു കുട്ടിക്കും സ്കൂളില്‍ വരാതെ വീട്ടിലിരിക്കുവാന്‍ കഴിയുമായിരുന്നില്ല. ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടി ക്ലാസ്സിലില്ലെങ്കില്‍ മാഷ്‌ കടപ്പുറത്തേക്കിറങ്ങും.എവിടെ നിന്നായാലും പരതിപ്പിടിച്ച് ക്ലാസ്സിലെത്തിക്കും.ചുട്ട അടിയും കിട്ടും.''ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലെ ആദ്യകാല അധ്യാപകനായ അഹമ്മദ് മാഷിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത് ഇങ്ങനെയാണ്.അടിയുടെ ചൂടിനെക്കുറിച്ച് പറയുമ്പോഴും ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല.എല്ലാം തങ്ങളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നുവെന്ന്  ഇന്നവര്‍ തിരിച്ചറിയുന്നു..'അഹമ്മദ് മാഷിന്റെ സ്കൂള്‍' എന്ന് പറഞ്ഞാലേ പഴയ ആളുകള്‍ക്ക് ഇന്നും ഈ വിദ്യാലയത്തെ ഓര്‍ക്കാന്‍ കഴിയൂ..27 വര്‍ഷക്കാലം കടലിന്റെ മക്കള്‍ക്ക്‌ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ആ ഗുരുവര്യന്‍,വിദ്യാലയ വികസനത്തെ ക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നാല്‍പ്പത്തി ഏഴാമത്തെ വയസ്സില്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഒരു ഗ്രാമം മുഴുവന്‍ വിതുമ്പി.. ആ സംഭവം കഴിഞ്ഞ് 33 വര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങിയ ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലെ സുവനീര്‍-'നീല സാഗരം സാക്ഷിയായ്'-അഹമ്മദ് മാഷിന്റെസ്കൂള്‍, മികവിന്റെ പാതയിലൂടെ മുന്നേറിയതിന്റെ  ചരിത്രം പുതുതലമുറയ്ക്കായി  പറയുമ്പോള്‍,അതില്‍ ജ്വലിച്ചു നില്‍ക്കുന്നത് മാഷിനെ ക്കുറിച്ചുള്ള സ്മരണ തന്നെ.ഒപ്പം,വിദ്യാലയത്തിന്റെ തുടക്കം മുതല്‍ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ച രാമന്‍ മാഷ്‌ ഉള്‍പ്പെടെയുള്ള ആദ്യകാല അധ്യാപകരുടെയും,ഇതുവരെയുള്ള മുഴുവന്‍ പ്രധാനാധ്യാപകരുടെയും വിവരങ്ങളും ഈ ഓര്‍മ്മ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

          സ്കൂള്‍ രേഖകള്‍ പ്രകാരം 1938 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എന്നാല്‍ അതിനു മുമ്പുതന്നെ സൌത്ത് കാനറ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു വെന്നും 1938 ല്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും ഉള്ള വസ്തുത പഴയ രേഖകള്‍ നിരത്തിക്കൊണ്ട്‌ സുവനീര്‍ വ്യക്തമാക്കുന്നു.അതോടു കൂടിയാണ് ബേക്കല്‍ കടപ്പുറത്തെ മത്സ്യ ത്തോഴിലാളികളുടെ മക്കള്‍ കൂട്ട ത്തോടെ വിദ്യാലയത്തിലേക്ക്‌ ഒഴുകി എത്തിയത്!101 കുട്ടികളാണ് ആ വര്‍ഷം ഒന്നാം ക്ലാസ്സില്‍ എത്തിയത്.ആ സമയത്ത് 24 കുട്ടികള്‍ മാത്രമേ രണ്ടാം ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളൂ.ഇങ്ങനെയുള്ള ഒട്ടേറെ വിവരങ്ങള്‍ വിദ്യാലയ ചരിത്രത്തിലേക്ക് എന്നാ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
       ബേക്കല്‍ കടപ്പുറത്തെ സാമൂഹ്യ പരിഷ് കര്‍ത്താവും,യോഗി വര്യനും,അരയസമുദായ പുനരുദ്ധാരകനുമായിരുന്ന   ശ്രീ രാമഗുരുസ്വാമികളുടെ ലഘു ജീവചരിത്രം ഉള്‍പ്പെടുത്തുക വഴി നാടിന്റെ  മഹത്തായ പൈതൃകത്തെ ഇന്നത്തെ തല മുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ഈ പുസ്തകത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്നത്..
     ജനകീയക്കൂട്ടായ്മയിലൂടെ മികവിന്റെ നെറുകയിലേക്ക് നടന്നടുക്കുന്ന വിദ്യാലയത്തിന്റെ ചിത്രമാണ് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വരച്ചു കാണിക്കുന്നത്.'കടലിന്റെ മക്കളും മികവിന്റെ പാതയില്‍'എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലമായി വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വിശദാംശങ്ങലോറെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഏതൊ
രു പൊതു വിദ്യാലയത്തിനും മാതൃകയാക്കാവുന്നവയാണ് ഓരോ പ്രവര്‍ത്തനവും.മികവിന്റെ നേര്‍ സാക്ഷ്യങ്ങളായി പത്ര വാര്‍ത്തകളും,ഫോട്ടോകളും പ്രത്യേക വിഭാഗമായിത്തന്നെ ചേര്‍ത്തത് ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നു.
   'കുഞ്ഞു രചനകളുമായി ഒരു കുഞ്ഞോടം'എന്ന വിഭാഗത്തില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി രൂപപ്പെടുത്തിയ സര്ഗാല്മക സൃഷ്ടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് പുസ്തകത്തിന് മറ്റൊരു മാനം കൂടി നല്‍കിയിരിക്കുന്നു..അങ്ങനെ വലിയ വലിയ കാര്യങ്ങള്‍ പറയുന്ന,കുട്ടിത്തമുള്ള ഒരു റഫറന്‍സ് പുസ്തകമാണ് ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി സ്കൂളിന്റെ പ്രഥമ സംരംഭമായ 'നീല സാഗരം സാക്ഷിയായ്...'   എന്ന് നിസ്സംശയം പറയാം.ഒരു രൂപയുടെ പോലും പരസ്യമോ,ഔദ്യോഗികമായ വാതൊരു വിധ ധന സഹായമോ ഇല്ലാതെ തികച്ചും ജനകീയമായി കടപ്പുറത്തെ സുമനസ്സുകളുടെ സംഭാവന കൊണ്ടു മാത്രം അച്ചടി പൂര്‍ത്തിയാക്കിയ ഈ പുസ്തകം അക്കാരണം കൊണ്ടു തന്നെ മറ്റു സുവനീറുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. 
       ഗാന്ധി ജയന്തി ദിവസം സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ സുവനീര്‍ പ്രകാശനം ചെയ്തു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എം.വേണുഗോപാലന്‍ സുവനീര്‍ ഏറ്റു വാങ്ങി .ബി.ആര്‍.സി .ട്രെയിനര്‍ കൃഷ്ണദാസ് പലേരി പുസ്തകം പരിചയപ്പെടുത്തി.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ ശോഭ കരുണാകരന്‍ ,  പി.ടി.എ പ്രസിഡണ്ട്   ശശികുമാര്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് നിഷ,ക്ഷേത്ര സ്ഥാനികന്‍ കാരി കാരണവര്‍,  കെ.ശംഭു,സുമ ടീച്ചര്‍,സ്കൂള്‍ ലീഡര്‍ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും,മുന്‍ പി  .ടി.എ പ്രസിഡണ്ട് ബി.രഘു നന്ദിയും പറഞ്ഞു.
          

 


In new window