വ്യാഴാഴ്‌ച, ജൂൺ 23, 2011

ഒന്നാം ക്ലാസ്സിലെ ആദ്യ പത്തു ദിനങ്ങള്‍ ...വരും ദിവസങ്ങളിലും ഇതു പോലെ ആയെങ്കില്‍!

                                                     ''നിര്‍ദേശങ്ങള്‍ക്കനുസരിച്ചും,താളത്തിനനുസരിച്ചും  നൃത്തം ചെയ്യുകയും തുള്ളിച്ചാടുകയും ചെയ്യുന്ന  കുട്ടികള്‍.  പറയുന്ന കഥ ശ്രദ്ധിച്ചു കേട്ട് അത് അവതരിപ്പിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍.ഗ്രൂപ്പായി തിരിഞ്ഞ്‌ നാടകത്തിലെ കഥാപാത്രങ്ങളെ തീരുമാനിക്കുകയും,യോജിച്ച സംഭാഷണം കണ്ടെത്തി അവതരിപ്പിക്കുകയും ചെയ്യുന്നവര്‍.സൗണ്ട് ബോക്സിലൂടെ ഒഴുകിയെത്തുന്ന പാട്ടില്‍ ലയിച്ച് ചിത്രം വരയിലും,നിറം കൊടുക്കലിലും, കൊളാഷ് നിര്‍മാണത്തിലും മുഴുകിയവര്‍-ഇവരാണ് എന്‍റെ കുട്ടികള്‍!അരങ്ങൊരുക്കല്‍  പ്രവര്‍ത്തനത്തില്‍ എനിക്ക് അല്‍പ്പം ആവര്‍ത്തനവിരസത തോന്നിയെങ്കിലും കുട്ടികളെ അത് ബാധിച്ചതേയില്ല.കൂട്ടപ്പാട്ടുകള്‍ പാടാനും,കേള്‍ക്കാനുമുള്ള അവസരങ്ങള്‍ ഈ പാക്കേജില്‍ കൂടുതലായി ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി നന്നാകുമായിരുന്നു.എങ്കിലും കളിയും,നാടകവും,വരയും,ചിരിയും,കീറലും,മുറിക്കലും,ഒട്ടിക്കലും ഒക്കെയായി പത്തു ദിവസം കടന്നു പോയത് അറിഞ്ഞതേയില്ല.ശരിക്കും ബഹളമയമായ ക്ലാസ്സ് റൂം!കരയുന്ന ഒരു കുട്ടി പോലും ഈ ദിവസങ്ങളില്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.കുട്ടികളെ പഠന പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാന്‍ എന്തു കൊണ്ടും അനുയോജ്യമായിരുന്നു ഈ 'അരങ്ങൊരുക്കല്‍  പാക്കേജ്'.ഇനിയുള്ള ദിവസങ്ങളിലും ഈ അന്തരീക്ഷം നിലനിര്‍ത്താന്‍ എനിക്ക് കഴിയുമോ?''
     പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യത്തെ പത്തു ദിവസത്തെ അനുഭവങ്ങള്‍ എസ്.ആര്‍.ജി യോഗത്തില്‍ പങ്കു വെക്കുകയായിരുന്നു ഒന്നാം ക്ലാസ്സിലെ അധ്യാപികയായ സുജി ടീച്ചര്‍.അവധിക്കാല അധ്യാപക പരിശീലനത്തില്‍ നിന്നും ലഭിച്ച പ്രവര്‍ത്തന പാക്കേജ് ക്ലാസ്സുമുറിയില്‍ പ്രാവര്‍ത്തികമാക്കിയതിന്റെ സംതൃപ്തി ടീച്ചറുടെ വാക്കുകളില്‍ പ്രതിഫലിച്ചു . 'നാടകക്കളി'യിലൂടെ പാഠഭാഗങ്ങള്‍ എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ അന്വേഷണം കൂടിയായി മാറി ഈ പാക്കേജ്.വളരെ ചിട്ടയായ ആസൂത്രണ ത്തോടെയാണ് ഓരോ ദിവസവും ടീച്ചര്‍ ക്ലാസ്സിലേക്ക് പോയത്.ഇന്ന് ഞാന്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ,അതിലൂടെ കുട്ടികള്‍ കൈ വരിക്കേന്ട ശേഷികള്‍,ക്ലാസ്സില്‍ രൂപപ്പെടെണ്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ടീച്ചര്‍ക്ക് ഉണ്ടായിരുന്നു.എത്രയെത്ര ഉല്‍പ്പന്നങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു രൂപപ്പെട്ടത്!ഓരോന്നും അതതു ദിവസങ്ങളില്‍ ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ "ഇതാ ഞാന്‍ വരച്ച ചിത്രം''എന്ന് പറഞ്ഞ് മറ്റുള്ളവരെക്കാണിക്കാന്‍ കുട്ടികള്‍ക്ക് എന്തുല്‍സാഹം! 
              ക്ലാസ്സ് മുറിയുടെ ക്രമീകരണവും,ചുമരില്‍ വരച്ച മനോഹരമായ ചിത്രങ്ങളും,സൌണ്ട് ബോക്സിലൂടെ ഇടയ്ക്കിടെ ഒഴുകിയെത്തുന്ന പാട്ടുകളും എല്ലാം കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.ചുമര്‍ ചിത്രങ്ങളെ ആസ്പദമാക്കി സംഭാഷണത്തില്‍ ഏര്‍പ്പെടാനും,കഥകള്‍ മെനയാനും അവര്‍ എപ്പോഴും തയ്യാര്‍! ടീച്ചറുടെ കയ്യിലുള്ള  വാദ്യോപകരണം കൊട്ടിക്കളിക്കാനാണ് ചിലര്‍ക്ക് താല്‍പ്പര്യം.താള ബോധത്തോടെ ഉപകരണം കൈകാര്യം ചെയ്യാന്‍ എത്ര പെട്ടെന്നാണ് പലരും പഠിച്ചത്!'എനിക്ക് ചിത്രം വരക്കാന്‍ അറിയില്ല'എന്ന് പറഞ്ഞ് ആദ്യമൊക്കെ മാറി നിന്നവര്‍ 'ചിത്രകാരന്മാര്‍'ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ടീച്ചര്‍ നല്‍കിയ രൂപരേഖയില്‍ നിറം കൊടുത്തു മനോഹരമാക്കാനും,കടലാസുകള്‍ കീറിയും,മുറിച്ചും,ഒട്ടിച്ചും കൊളാഷുകള്‍ നിര്‍മിക്കാനും പെട്ടെന്ന് തന്നെ അവര്‍ പഠിച്ചു.പാമ്പും,തവളയും,എലിയും,പൂച്ചയും,പക്ഷിയും പൂക്കളും ബിഗ്‌ സ്ക്രീനില്‍ നിരന്നു! ആദ്യത്തെ ക്ലാസ്സ് പി.ടി.എ.യോഗത്തിനെത്തിയ രക്ഷിതാക്കള്‍ക്ക് പൂര്‍ണ സംതൃപ്തി,ഒപ്പം ടീച്ചര്‍ക്കും. ഇനിയുള്ള ദിവസങ്ങളിലും ഇതേ രീതിയില്‍ത്തന്നെ മുമ്പോട്ട്‌ പോകാന്‍ ആയാല്‍ രക്ഷാകര്‍തൃ  യോഗത്തില്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയും എന്നു തന്നെ സുജി ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നു.   ബുധനാഴ്‌ച, ജൂൺ 15, 2011

'വനങ്ങള്‍:നിങ്ങളുടെ പ്രകൃതി പരിചാരകര്‍'-പരിസരദിന പ്രവര്‍ത്തനങ്ങളിലൂടെ......

 ജൂണ്‍5 ലോക പരിസര ദിനം-2011 അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍        'വനങ്ങള്‍:നിങ്ങളുടെ പ്രകൃതി പരിചാരകര്‍' എന്നതായിരുന്നു ഈ വര്‍ഷത്തെ പരിസരദിന സന്ദേശം.ഓരോ ക്ലാസ്സിലും അനുയോജ്യമായ പരിപാടികള്‍ സംഘടിപ്പിച്ച് പരിസരദിന സന്ദേശം മുഴുവന്‍ കുട്ടികളിലേക്കുംഎത്തിക്കാനായിരുന്നു എസ്.ആര്‍.ജി യോഗത്തിലെ തീരുമാനം.കാടിനെ ക്കുറിച്ചും,മരങ്ങളെക്കുറിച്ചും,മഴയെ ക്കുറിച്ചു മെല്ലാമുള്ള കൊച്ചു വര്‍ത്തമാനങ്ങളും പാട്ടുകളുമായിരുന്നു ഒന്ന്,രണ്ടു ക്ലാസ്സുകളിലെ പരിപാടി.കൂടാതെ ചിത്രം വരയും.    
മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പതിപ്പുകളും,ചുമര്‍പത്രികയും ഉണ്ടാക്കണമെന്നും നീശ്ചയിച്ചു.ക്ലാസ്സുമുറിയില്‍ വെച്ച്  ചുരുങ്ങിയ സമയത്തിന്നുള്ളില്‍ മൂന്നാം ക്ലാസ്സുകാര്‍ വരച്ച ചിത്രങ്ങളും,തയ്യാറാക്കിയ രചനകളും നോക്കൂ.കുട്ടികളുടെ ഭാവനകള്‍ എത്ര സുന്ദരം!ചെറിയ കടലാസുകളിലെ രചനകള്‍ ഒരു ചാര്‍ട്ട് പേപ്പറിലേക്ക്‌ ഒട്ടിച്ചപ്പോള്‍ ചുമര്‍പത്രിക റെഡി.!അത് ഡിസ്പ്ലേ ബോര്‍ഡിലേക്ക്..തുടര്‍ന്ന് ടീച്ചറും കുട്ടികളും ചേര്‍ന്ന് രചനകളെക്കുറിച്ചുള്ള ചര്‍ച്ച.'കാടില്ലെങ്കില്‍ നാടില്ല,നാടില്ലെങ്കില്‍ നാമില്ല'-വനസംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചര്‍ച്ചയില്‍ കുട്ടികള്‍ താല്പ്പര്യ പൂര്‍വ്വം പങ്കെടുത്തു.   
' വനങ്ങള്‍ ഇല്ലെങ്കില്‍ 'എന്ന വിഷയത്തെക്കുറിച്ച് നാലാം ക്ലാസ്സിലെ ഓരോ കുട്ടിക്കും ഒരു പാടു പറയാന്‍ ഉണ്ടായിരുന്നു.അവരുടെ വാക്കുകള്‍ 'ബിഗ് ‌ട്രീ 'യുടെ ഇലകള്‍ക്ക് പുതു ജീവന്‍ പകര്‍ന്നു.അന്താരാഷ്‌ട്ര വന വര്‍ഷത്തെക്കുറിച്ചും,പരിസര ദിന സന്ദേശത്തെക്കുറിച്ചുമുള്ള  ചര്‍ച്ചകള്‍ സജീവമായി.പിന്നീട് കുട്ടികള്‍ വ്യക്തിഗതമായി തയ്യാറാക്കിയ കുറിപ്പുകളും ബിഗ്‌ സ്ക്രീനില്‍ സ്ഥാനം പിടിച്ചു.ജൂണ്‍ ആറുമുതല്‍ പത്തു വരെയുള്ള തീയ്യതികളില്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരം ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.ഒരു കാര്യം പറയാന്‍ വിട്ടുപോയി.ഈ വര്‍ഷത്തെ പരിസര ദിനാചരണത്തിനു  തുടക്കം കുറിച്ചു കൊണ്ട് ജൂണ്‍ നാലിന് തന്നെ സ്കൂളില്‍ വൃക്ഷത്തൈകള്‍  വെച്ചു പിടിപ്പിച്ചിരുന്നു.താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരുടെ സഹകരണത്തോടെ  നടന്ന പ്രസ്തുത പരിപാടി ഉദുമ പഞ്ചായത്ത് പ്രസിടന്ട് ശ്രീമതി കസ്തൂരി ടീച്ചര്‍ ഉത്ഘാടനം ചെയ്തു .
                ജൂണ്‍ പത്താം തീയ്യതി സംഘടിപ്പിച്ച പരിസര ദിന ക്വിസ്സില്‍ രണ്ട്,മൂന്ന്,നാല് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു  .വായു,ജലം,മണ്ണ് -എല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ പരിചാരകര്‍ ആയി വനങ്ങള്‍ മാറുന്നത് എങ്ങനെയെന്ന്‌ വ്യക്തമാക്കിക്കൊന്ടുള്ള ക്ലാസ്സിനോടോപ്പമാണ് -ഇടയ്ക്ക് ഓരോ ചോദ്യവുമായി-ക്വിസ് നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയില്‍ 10 ചോദ്യങ്ങളെ ചോദിച്ചുള്ളൂ.10 പോയിന്റുമായി  നാലാം ക്ലാസ്സിലെ മനീഷ ഒന്നാം സ്ഥാനം നേടി!ഒമ്പതും എട്ടും പോയിന്റുകളുമായി രണ്ടും,മൂന്നും സ്ഥാനം നേടിയവരുടെ കൂട്ടത്തില്‍ മൂന്നാം ക്ലാസ്സുകാരായ അര്‍ഷയും  ശരത്തും ഉള്‍ പ്പെട്ടിരുന്നു.'യുറീക്ക'വായനയിലൂടെ ലഭിച്ച അറിവുകളാണ് കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ കുട്ടികളെ സഹായിച്ചത്.
     അന്താരാഷ്‌ട്ര വന വര്‍ഷത്തിന്റെ സന്ദേശം വര്‍ഷം മുഴുവന്‍ നില നിര്‍ത്താനായി ഞങ്ങള്‍ ഒരു കാര്യം കൂടി ചെയ്തു.ഓരോ ക്ലാസ്സിലും രൂപീകരിച്ച അഞ്ച് അടിസ്ഥാന ഗ്രൂപ്പുകള്‍ക്ക് കാട്,കുന്ന്‌,തോട്‌,പുഴ,കടല്‍ എന്നിങ്ങനെ പേരുകള്‍ നല്‍കി.മഴ വെള്ളത്തെ മണ്ണിലേക്കിറക്കി  നീരുറവകള്‍ സൃഷ്ടിച്ച് ജലാശയങ്ങളെ നില നിര്‍ത്തുന്നതില്‍ കാടുകളും,കുന്നുകളും വഹിക്കുന്ന പങ്കു തിരിച്ചറിയാനും 'കാടില്ലെങ്കില്‍ കടലില്ല' എന്ന് കടലോരത്തെ കുട്ടികളെ ബോധ്യപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.ശനിയാഴ്‌ച, ജൂൺ 11, 2011

രക്ഷാകര്‍ത്തൃ സംഗമത്തില്‍ അധ്യാപികമാരുടെ 'നയ പ്രഖ്യാപനം'

2011 ജൂണ്‍ 6 - പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ രക്ഷാകര്‍ത്തൃസംഗമം  ഇന്ന് നടന്നു.ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് പരിപാടി ആരംഭിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലായി 77 കുട്ടികളാണ് ഈ വര്‍ഷം ഞങ്ങളുടെ വിദ്യാലയത്തില്‍ ഉള്ളത്.ഇവരില്‍ 73 കുട്ടികളുടെയും രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം ഉണ്ട്....
            അവധിക്കാല അധ്യാപക പരിശീലനത്തില്‍ നിന്നും ലഭിച്ച തിരിച്ചറിവുകളുടെ  പശ്ചാത്തലത്തില്‍ എസ്.ആര്‍.ജി. യോഗം ചേര്‍ന്ന്,പുതിയ വര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള 'വിഷന്‍' ഞങ്ങള്‍ ആദ്യമേ രൂപപ്പെടുത്തിയിരുന്നു.അതനുസരിച്ച് ഓരോ ക്ലാസ്സിലും നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍,കുട്ടികള്‍ കൈവരിക്കേണ്ട ശേഷികള്‍,അധ്യാപികയുടെ റോള്‍,രക്ഷിതാക്കളുടെ  ഭാഗത്തു നിന്നും  ലഭിക്കേണ്ട പിന്തുണ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളുമായാണ് അധ്യാപികമാര്‍ സംഗമത്തില്‍എത്തിച്ചേര്‍ന്നത്.കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊണ്ട്, ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പുതിയ അധ്യയന വര്‍ഷത്തില്‍ എന്തൊക്കെ ചെയ്യുമെന്നുള്ള 'നയപ്രഖ്യാപനം' ഓരോ ക്ലാസ്സ് ടീച്ചറും ആദ്യ രക്ഷാകത്തൃ യോഗത്തില്‍  നടത്തണം എന്നുള്ളതായിരുന്നു ഞങ്ങളുടെ തീരുമാനം.
 യോഗത്തില്‍പങ്കെടുത്തവരെ സ്വാഗതം ചെയ്യുന്ന അവസരത്തില്‍ത്തന്നെ ഇക്കാര്യംഞാന്‍ വ്യക്തമാക്കുകയും ചെയ്തു.സ്കൂളിലെ മുന്‍ മദര്‍ പി.ടി.എ പ്രസിഡന്റും ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിടന്റുമായ ശോഭ കരുണാകരന്റെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിടന്ടു കസ്തൂരി ടീച്ചര്‍ സംഗമം ഉത്ഘാടനം ചെയ്തു.പുതു വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നടപ്പിലാക്കുന്ന പരിപാടികള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് ടീച്ചര്‍ പ്രഖ്യാപിച്ചു. 
       കാസര്‍ഗോഡ് DIET സീനിയര്‍ ലക്ചറര്‍ കെ.എം ഉണ്ണിക്കൃഷ്ണന്‍ ആമുഖമായി ചില കാര്യങ്ങള്‍ രക്ഷിതാക്കളോടു സംസാരിച്ചു.തുടര്‍ന്നായിരുന്നു അധ്യാപികമാരുടെ 'നയ പ്രഖ്യാപനം'.ഒന്നാം ക്ലാസ്സിലെ സുജി ടീച്ചറുടെ  ഊഴമായിരുന്നു ആദ്യം."എന്റെ ക്ലാസ്സിലേക്ക് പുതുതായി കടന്നു വന്ന 19 കുട്ടികളെയും വര്‍ഷാവസാനമാകുംപോഴേക്കും ഒഴുക്കോടെ വായിക്കാനും തെറ്റില്ലാതെ എഴുതാനും കഴിവുള്ളവരാക്കി മാറ്റും."ഇതോടൊപ്പം ഗണിതത്തിലും പരിസര പഠനത്തിലും ലകഷ്യമിടുന്ന നിലവാരവും ടീച്ചര്‍ വ്യക്തമാക്കി.ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് പഠനം എങ്ങനെയായിരിക്കും എന്നും വിശദീകരിച്ചു.   
 "രണ്ടാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റും."ഇതായിരുന്നു ക്ലാസ് ടീച്ചറായ എനിക്ക് പറയാനുണ്ടായിരുന്ന പ്രധാന കാര്യം.സ്വതന്ത്ര വായന എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും  അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഞാന്‍ പറഞ്ഞു കൊടുത്തു,കൂട്ടത്തില്‍ മറ്റു വിഷയങ്ങളുടെ കാര്യവും. 
        കുട്ടികളെ സ്വതന്ത്ര വായനക്കാരാക്കി മാറ്റുന്നതിനെക്കുറിച്ചു തന്നെയായിരുന്നു മൂന്നാം ക്ലാസ്സിലെ സുമ ടീച്ചര്‍ക്കും നാലാം ക്ലാസ്സിലെ സീമ ടീച്ചര്‍ക്കും ആവര്‍ത്തിച്ചു പറയാന്‍ ഉണ്ടായിരുന്നത്.
 ഇതിനായി ലൈബ്രറി പുസ്തകങ്ങളും,മറ്റു വായനാ സാമഗ്രികളും പ്രയോജനപ്പെടുത്തുമെന്നും ഇരുവരും സൂചിപ്പിച്ചു.എല്‍.എസ്.എസ് നേടുന്ന കുട്ടികളുടെ   
എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും നാലാം ക്ലാസ്സിലെ അധ്യാപിക പ്രഖ്യാപിച്ചു. 
        ഈ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാകണമെങ്കില്‍ രക്ഷിതാക്കളുടെ  ഭാഗത്തു നിന്നും ചില സഹായങ്ങള്‍  ഞങ്ങള്‍ അഭ്യര്‍ഥിച്ചു.
 1.ഒരു ദിവസം പോലും മുടങ്ങാതെ കുട്ടികളെ     സ്കൂളില്‍ അയയ്ക്കണം.
  2.വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണം.
  3.സ്കൂളിലെ ദൈനംദിനപ്രവര്‍ത്തനങ്ങളെക്കുറിച്ചു    വീട്ടില്‍ വെച്ച് കുട്ടികളോട് ചോദിച്ചറിയണം.
  4.ക്ലാസ് പി.ടി. എ യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കണം.
 എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ക്ക് സന്തോഷം..തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കാനായി തങ്ങളാല്‍ കഴിയുന്നത്‌ ചെയ്യാമെന്ന് അവര്‍ ഉറപ്പു നല്‍കി.ഈ മാസം തന്നെ നടക്കുന്ന ക്ലാസ് പി.ടി.എ.യോഗത്തില്‍ എന്തു തന്നെയായാലും പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.
     ..........അവധിക്കാല പരിശീലനത്തില്‍ വെച്ച് അധ്യാപകരോട് പറഞ്ഞ കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുക വഴി ഉത്തര വാദിത്തം വര്‍ധിക്കുകയാണെന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്‌.അതുകൊണ്ട് തന്നെ അധ്യാപകന്റെ കടമ നിറവേറ്റാന്‍-വാക്ക് പാലിക്കാന്‍ -ഞങ്ങള്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് ഇവിടെ പണിയെടുക്കുന്ന മുഴുവന്‍ അധ്യാപകരുടെയും കടമ തന്നെയല്ലേ?
       പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികള്‍.അതുകൊണ്ടു തന്നെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെ  അവരെ സഹായിക്കാനുള്ള ചില പരിപാടികളും ഞങ്ങള്‍ നടത്തുന്നു.കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും യൂണിഫോം സൌജന്യമാണ്!സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും മുംബൈ ശ്രീ സരോജിനിയമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ മധുസൂദനന്‍ ചിറമ്മല്‍ ആണ് പ തിവായി യൂണിഫോം സ്പോണ്‍സര്‍  ചെയ്യുന്നത്. ഇത്തവണത്തെ യൂണിഫോം വിതരനോല്‍ഘാ    ടനവും  രക്ഷാ കര്‍ത്തൃ സംഗമത്തില്‍ വെച്ച് നടന്നു.ശ്രീമതി സരോജിനിയമ്മയാണ്  ഉത്ഘാടനം നിര്‍വഹിച്ചത്.  
 കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ മികവിന്റെ നേര്‍ സാകഷ്യമായി എല്‍.എസ്.എസ് കരസ്ഥമാക്കിയ കുമാരി ജനിഷയ്ക്ക് പി.ടി.എ.യുടെ വകയായുള്ള ഉപഹാരവും യോഗത്തില്‍ വെച്ച് വിതരണം ചെയ്തു.  ബേക്കല്‍ ബി.ആര്‍ .സി. ട്രെയിനറായ സുരേന്ദ്രന്‍ മാസ്ടര്‍ അനുമോദന പ്രസംഗം നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തു.  ജനിഷ അനുമോദനത്തിനു  നന്ദി പറഞ്ഞുകൊണ്ടു സംസാരിച്ചു.
    ഒന്നാം തരത്തിലെ അധ്യാപക പരിശീലനത്തിന് നേതൃത്വം കൊടുത്ത സുരേന്ദ്രന്‍ മാസ്ടര്‍ തന്റെ അനുഭവങ്ങള്‍ രക്ഷിതാക്കളുമായി പങ്കു വെച്ചു.സ്കൂള്‍ പി.ടി.എ.പ്രസിടണ്ട് ബി.രഘുവിന്റെ നന്ദിപ്രസംഗത്തോടെ കൃത്യം അഞ്ചു മണിക്ക് രക്ഷാകര്‍ത്തൃ സംഗമത്തിന് തിരശീല വീണു.  അക്ഷരത്തിന്റെ ലോകത്തിലേക്ക് പിച്ച വെച്ചെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ എത്ര മാത്രം തയ്യാറെടുപ്പുകളാണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്! ഇതൊന്നുമില്ലാത്ത സമാന്തര സ്കൂളുകളിലേക്ക് മക്കളെ കയറ്റി അയയ്ക്കുന്ന രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളിലെ 'ഒന്നാന്തരം ഒന്നാം ക്ലാസ്സ്' ഒന്നുകണ്ടിരുന്നെങ്കില്‍!!

വെള്ളിയാഴ്‌ച, ജൂൺ 03, 2011

'ഐസ് ക്രീം'അക്ഷര ദീപമായി! പ്രവേശനോത്സവത്തില്‍ ശാസ്ത്ര വിസ്മയവും..

                            പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ മെയ് ആദ്യവാരത്തില്‍ത്തന്നെ ഞങ്ങളുടെ വിദ്യാലയത്തില്‍ ആരംഭിച്ചിരുന്നു.മെയ് രണ്ടാം തീയ്യതി റിസല്‍ട്ട്‌ പ്രഖ്യാപിക്കുന്ന അവസരത്തില്‍ എല്ലാ കുട്ടികളും അധ്യാപികമാരും സ്കൂളില്‍ ഒത്തു ചേര്‍ന്നു.കുട്ടികളെ ഒന്നിച്ചിരുത്തി വിജയികളുടെ പേരുവിവരം അതതു ക്ലാസ്സിലെ അധ്യാപികമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.ഒരു കുട്ടി പോലും തോറ്റില്ല!നൂറു ശതമാനം വിജയം.നാലാം ക്ലാസ്സില്‍ നിന്നും വിജയിച്ച 22 കുട്ടികള്‍ സ്കൂളില്‍ നിന്ന് പോകും.അത്രയും കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ വന്നെങ്കിലേ പുതു വര്‍ഷത്തില്‍ മൊത്തം കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അത്രയെങ്കിലും ആയി നില നിര്‍ത്താന്‍ കഴിയൂ.അതിനാല്‍ കുട്ടികളുമായും രക്ഷിതാക്കളുമായും  ചര്‍ച്ച ചെയ്ത്  ഒന്നാം ക്ലാസ്സില്‍ കുട്ടികളെ ചേര്‍ക്കാനുള്ള  പ്രവര്‍ത്തനങ്ങള്‍ അന്ന് മുതലേ തുടങ്ങിയിരുന്നു.രണ്ടു മൂന്നു തവണ ഇതിനായി മുഴുവന്‍ വീടുകളും കയറിയിറങ്ങി.ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ത്തന്നെ കുട്ടിയെ ചേര്‍ക്കണം എന്ന് തീരുമാനിച്ചിരുന്ന ചില രക്ഷിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ തീരുമാനം മാറ്റിക്കാന്‍ ഈ സന്ദര്‍ശനങ്ങളിലൂടെ ഞങ്ങള്‍ക്കു കഴിഞ്ഞു!പ്രവേശനോത്സവം ആകുമ്പോഴേക്കും 20 കുട്ടികള്‍  ഒന്നാം ക്ലാസ്സില്‍  ഉണ്ടാകും എന്ന് ഉറപ്പാക്കാന്‍ ഇതു വഴി സാധിച്ചു.(കഴിഞ്ഞ വര്ഷം 17 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ ഉണ്ടായിരുന്നത്.)
 
മെയ് രണ്ടാം തീയ്യതിക്ക് ശേഷം രണ്ടു തവണ മുഴുവന്‍ കുട്ടികളും അധ്യാപികമാരും സ്കൂളില്‍ ഒത്തു  ചേര്‍ന്ന് പുതു വര്‍ഷത്തെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കി..പ്രവേശനോത്സവഗാനം ചിട്ടപ്പെടുത്തല്‍,കടലാസ് തൊപ്പി നിര്‍മ്മാണം,പാവ നിര്‍മ്മാണം തുടങ്ങിയവയൊക്കെ ഈയവസരത്തില്‍    നടന്നു.അധ്യാപക-രക്ഷാകര്‍തൃസമിതി യോഗം ചേര്‍ന്ന്പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.സ്കൂള്‍ തുറക്കുന്ന ദിവസം സദ്യയൊരുക്കാനും തീരുമാനിച്ചു.  ഒന്നാം ക്ലാസ്സുകാര്‍ക്ക് ‌സൌജന്യമായി    സ്ലേറ്റു നല്‍കാനും തീരുമാനമായി. 


ജൂണ്‍ ഒന്ന്-രാവിലെ ഒമ്പതരയ്ക്ക് മുമ്പുതന്നെ കുട്ടികളും അധ്യാപികമാരും സ്കൂളില്‍ എത്തി.ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന മിക്ക കുട്ടികളും മുതിര്‍ന്ന കുട്ടികളോടൊപ്പം തന്നെ എത്തിയപ്പോള്‍ ചിലര്‍ക്ക് കൂട്ടായി അമ്മമാരും ഒപ്പമെത്തി.മഴയായതു കൊണ്ടു എല്ലാകുട്ടികളേയും ഹാളില്‍ ഇരുത്തി ഉത്ഘാടന പരിപാടി ആരംഭിച്ചു. ഒന്നാം ക്ലാസ്സുകാര്‍ക്കെല്ലാം എന്റെ വക ഒരു സമ്മാനം ഉണ്ടെന്നു പറഞ്ഞ് ഞാന്‍ ഒരു കടലാസ് ചുരുള്‍ ഉയര്‍ത്തിക്കാണിച്ചു."ഐസ് ക്രീം, ഐസ് ക്രീം "കുട്ടികള്‍ വിളിച്ചു പറഞ്ഞു.ഞാനും സമ്മതിച്ചു.എല്ലാവരെയും മുമ്പിലേക്ക് വിളിച്ച്‌ 'ഐസ് ക്രീം' നല്‍കി. ''ആരും തിന്നരുത്‌.ഇതിനു മധുരം തീരെ ഇല്ല.മധുരം കിട്ടാനായി ഞാന്‍ ഒരു പൊടിയും തേനും തരാം"-ഇതും പറഞ്ഞ്‌ ഓരോരുത്തരുടെയും ഐസ് ക്രീമിനു മുകളില്‍ ആദ്യം പൊടി വിതറി.പിന്നെ 'തേനും' ഒഴിച്ചു.ഒരു നിമിഷം!അതാ,ഐസ് ക്രീമില്‍ നിന്നും പുക ഉയരുന്നു,പിന്നാലെ തീയും!കുട്ടികള്‍ ആദ്യം ഒന്ന് പരിഭ്രമിച്ചുവെങ്കിലും തീയില്ലാതെ തീ കത്തുന്നത് അവരില്‍ കൌതുകമുണര്‍ത്തി.ഇതിന്റെ രസതന്ത്രം അവര്‍ക്ക് മനസ്സിലായില്ലെങ്കിലും നാലാം ക്ലാസ്സുകാര്‍ക്ക്‌ ഇതേതോ പരീക്ഷണം ആണെന്ന് മനസ്സിലായി.പൊട്ടാസ്യം പര്‍മാംഗനെറ്റും ഗ്ലിസറിനും തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തീയുണ്ടാകുന്നകാര്യം വിശദീകരിച്ചപ്പോള്‍ കുറച്ചു പേര്‍ക്ക് കാര്യം വ്യക്തമായി.അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തെക്കുറിച്ചും,ശാസ്ത്ര പരീക്ഷണങ്ങളെക്കുറിച്ചും ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഐസ്ക്രീം  കിട്ടാത്തതിന്റെ നിരാശയിലായിരുന്നു ഒന്നാം ക്ലാസ്സുകാര്‍!അത് കൊണ്ടു കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ ഓരോരുത്തര്‍ക്കും പുത്തന്‍ സ്ലേറ്റു നല്‍കി പി.ടി.എ.പ്രസിടന്ടു  ബി.രഘു പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത്.തുടര്‍ന്നു ടീച്ചര്‍മാര്‍ ലടു നല്‍കിയതോടെ ഐസ് ക്രീം കിട്ടാത്ത സങ്കടം പമ്പ കടന്നു!സീമ ടീച്ചരുടെ  പാട്ട് കൂടിയായപ്പോള്‍ പരിപാടി പൊടി പൂരം!തലയില്‍ കടലാസുതൊപ്പിയും  കൈകളില്‍ വര്‍ണ ബലൂണുകളും, വിരല്‍പ്പാവകളും പിടിച്ച്‌ അവര്‍ ആര്‍ത്തു വിളിച്ച്‌,ഒത്തു പാടി 
  "അക്ഷരത്തിരു മുറ്റത്ത്, അക്ഷര ദീപം തെളിയട്ടെ   
   അക്ഷരത്തിരി,അറിവിന്‍ കൈത്തിരി 
   അജ്ഞതയില്ലാതാക്കട്ടെ"
                "മഴ പോയി ജാഥ നടത്തണം" -കുട്ടികള്‍ക്ക് നിര്‍ബന്ധം!ഉടന്‍ തന്നെ പുറത്തിറങ്ങി..പിന്നെ,നാട് ചുറ്റി ഒരുഗ്രന്‍ ജാഥ! 
             തിരിച്ച് സ്കൂളില്‍ എത്തി,കാറ്റാടി മരത്തണലില്‍ വിശ്രം..ഒപ്പം ഒന്നാം ക്ലാസ്സുകാരുടെ  കലാ പ്രകടനങ്ങളും!കഥ,പാട്ട്,ആംഗ്യപ്പാട്ട്.....
     പിന്നീട് കുട്ടികള്‍ വട്ടത്തിലിരുന്നു.ഓരോരുത്തരും കയ്യിലുള്ള പാവ ഉയര്‍ത്തിപ്പിടിച്ചു.ഒരുപോലുള്ള പാവ കിട്ടിയ കുട്ടികള്‍ ഗ്രൂപ്പുകളായി മാറി.കാട്ടിലേയും നാട്ടിലെയുംമൃഗങ്ങള്‍,ആണ്‍കുട്ടി,പെണ്‍കുട്ടി എന്നിങ്ങനെയുള്ള പാവകളായിരുന്നു എല്ലാവര്ക്കും കിട്ടിയത്.ഓരോ ഗ്രൂപ്പും തങ്ങള്‍ക്കു കിട്ടിയ ജീവിയുടെ വിശേഷങ്ങള്‍ കണ്ടെത്തി പൊതു വേദിയില്‍ അവതരിപ്പിച്ചു.പേര്,താമസസ്ഥലം,ആഹാരം, തുടങ്ങിയ കാര്യങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു ...ഒടുവില്‍ കാട്ടിലെ മൃഗങ്ങള്‍ക്ക് മാത്രമല്ല,നാട്ടിലെ ജീവികള്‍ക്കും,മനുഷ്യര്‍ക്കുമെല്ലാം ജീവിക്കണമെങ്കില്‍ കാട്‌ കൂടിയേ തീരൂ എന്ന നിഗമനത്തിലേക്ക് ചര്‍ച്ചയിലൂടെ കുട്ടികള്‍ എത്തി.സഹായികളായി അധ്യാപികമാരും ഒപ്പമുണ്ടായിരുന്നു.അന്താരാഷ്‌ട്ര വന വര്‍ഷത്തില്‍ വനസംരക്ഷണത്തിന്റെ  പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്ന പഠന പ്രവര്‍ത്തനം കൂടിയായി മാറി ഈ വര്‍ഷത്തെ പ്രവേശനോത്സവം.

       ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ,പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ്സ് പാല്‍പ്പായസവും!ഈ പാല്‍പ്പായസം പോലെ തന്നെയാകട്ടെ ഈ വര്‍ഷത്തെ പഠനവും എന്നാണ് ഞങ്ങള്‍ അധ്യാപകരും,കുട്ടികളും,രക്ഷിതാക്കളും എല്ലാം ആഗ്രഹിക്കുന്നത്.
     'അധ്യാപനം അതി മധുരം 
     പഠനം പാല്‍പ്പായസം'
                 ഇതു തന്നെയായിരിക്കില്ലേ എല്ലാവരുടെയും ആഗ്രഹം?എങ്കില്‍,'ഗുണ മേന്മയുള്ള വിദ്യാഭ്യാസം'എന്ന കുട്ടികളുടെ അവകാശം നേടിക്കൊടുക്കാന്‍ തീര്‍ച്ചയായും നമുക്ക് കഴിയും....കഴിയണം.