ഞായറാഴ്‌ച, മാർച്ച് 11, 2012

'ഇടയിലക്കാട്-ഉളിയത്തു കടവ്-ഏഴിമല'....പഠനയാത്ര ലക്ഷ്യത്തിലേക്ക്....

  ഇടയിലക്കാട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് മറ്റാരുമല്ല,നമ്മുടെ പൂര്‍വികര്‍ തന്നെ!അവരുടെ വികൃതികള്‍ കുട്ടികളോടൊപ്പം അധ്യാപികമാരും ശരിക്കും ആസ്വദിച്ചു.കാവിലെത്തുന്നവരെയും കാത്ത് വാനരപ്പട ഇരിക്കുന്നത് വെറുതെയല്ല...അവര്‍ക്കറിയാം,വരുന്നവര്‍ എന്തെങ്കിലും തരാതിരിക്കില്ല..മാത്രമല്ല,സന്ദര്‍ശകരാരും തങ്ങളെ ഉപദ്രവിക്കുകയുമില്ല..അതിനാല്‍ ധൈര്യ പൂര്‍വ്വം ആളുകളുടെ മുന്നില്‍ ചെന്ന് നില്‍ക്കാം..ശരിയാണ്,ഇടയിലക്കാട്ടെ ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇവരുടെ സംരക്ഷകരാണ്...മാണിക്കമ്മയുടെ വിളി കേട്ടാല്‍ മതി,എല്ലാവരും അവരുടെ അടുക്കലേക്ക്‌ ഓടിയെത്തും,അവര്‍ നല്‍കുന്ന ഭക്ഷണത്തിനായി!പഴങ്ങളും,പച്ചക്കറികളും,ചോറും മാത്രമേ നല്‍കൂ...ഉപ്പു ചേര്‍ത്ത ആഹാരമോ,ബേക്കറി പലഹാരമോ ഇവയ്ക്കു നല്‍കാന്‍ ആരെയും നാട്ടുകാര്‍ അനുവദിക്കില്ല...ഇങ്ങനെയുള്ള ആഹാര സാധനങ്ങള്‍ ഇവയുടെ പ്രജനന ശേഷി നശിപ്പിക്കുമാത്രേ..ഒരുകാലത്ത് ധാരാളം കുരങ്ങന്മാര്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് 38  കുരങ്ങന്മാരാണ് ഉള്ളതെന്ന് ഇടയിലക്കാട്ടെ വായനശാലാ പ്രവര്‍ത്തകനും,കാവിന്റെ സംരക്ഷകരില്‍ ഒരാളുമായ വേണുമാഷ് ഞങ്ങളോട് പറഞ്ഞു.

    ...........കുട്ടികള്‍ കയ്യില്‍ കരുതിയിരുന്ന പഴങ്ങള്‍ വെച്ച് നീട്ടിയപ്പോള്‍ വാനരപ്പട കൂട്ടത്തോടെ ഓടിയെത്തി.ആദ്യം ഒന്ന് പേടിച്ചു പോയെങ്കിലും പിന്നീട് കുട്ടികള്‍ക്ക് ഹരം കയറി..അപ്പോഴേക്കും പലരുടെയും കയ്യില്‍ കരുതിയിരുന്നതെല്ലാം തീര്‍ന്നു പോയി...ആനന്ദന്‍ മാഷ്‌ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കടയില്‍ നിന്ന് ഒരു കിലോ തക്കാളി വാങ്ങി ചെറിയ കഷണങ്ങളാക്കി കുട്ടികള്‍ക്ക് നല്‍കി.. കുരങ്ങന്മാര്‍ക്ക്‌ ആഹാരം നല്‍കാനായതില്‍ ഏല്ലാവര്‍ക്കും സന്തോഷം.. 
      ഇടയിലക്കാടു കാവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും   ഇത്തരം കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ആനന്ദന്‍ മാഷ്‌ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു..ഒപ്പം വേണുമാഷും ചേര്‍ന്നപ്പോള്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനം വഴി സാധിച്ചു.



                                                            പാദരക്ഷകള്‍ പുറത്തഴിച്ചുവെച്ചശേഷം ഞങ്ങള്‍  കാവിന്റെ ഉള്‍ഭാഗ ത്തേക്ക്   പോയി... ഉണങ്ങിയ ഇലകളും ,ചുള്ളിക്കമ്പുകളും ഒരുക്കിയ 'സ്പോഞ്ച് മെത്ത'യില്‍ ക്കൂടി നഗ്ന പാദരായി നടക്കുമ്പോഴുള്ള അനുഭവം ഒന്ന് വേറെ  തന്നെ! മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ കാടുകള്‍ എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്ന് പഠിപ്പിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗം വേറെയുണ്ടോ?...കരിങ്ങോട്ട മരത്തിന്റെ ശീതളച്ഛായയില്‍ കുറെ നേരം ഞങ്ങള്‍ കണ്ണടച്ച്  ഇരുന്നു.ആനന്ദന്‍ മാഷുടെ നിര്‍ദേശമനുസരിച്ച് പ്രകൃതിയുടെ ശബ്ദത്തിനായി കാതോര്‍ത്തു...പരിചയമുള്ളതും,ഇല്ലാത്തതുമായ ഒട്ടേറെ പക്ഷികളുടെ ശബ്ദം ഞങ്ങളുടെ കാതുകളില്‍ മുഴങ്ങി...അവ ഏതേതു പക്ഷികളുടെ ശബ്ദമാണെന്ന് മാഷ്‌ പറഞ്ഞു തന്നു..എഴുന്നേറ്റു നടക്കുമ്പോഴാണ് കാലില്‍ എന്തോ തടഞ്ഞത്... നോക്കുമ്പോള്‍ എന്താ?മുള്ളന്‍ പന്നിയുടെ ഒരു മുള്ള്!ഇവിടുത്തെ അന്തേവാസികളുടെ കൂട്ടത്തില്‍ ഇഷ്ടനും ഉണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവ്..
     .....കാവിനകത്തുനിന്ന് പുറത്തിറങ്ങി  റോഡിലേക്ക് നടക്കുമ്പോള്‍ കുരങ്ങന്മാരുടെ താവളത്തിലേക്ക് ഒന്നുകൂടി നോക്കി...അതാ,ഞങ്ങളെ കാണിക്കാനായി ഒരുത്തന്‍ ബോര്‍ഡിനു മുകളില്‍ കയറിയിരിക്കുന്നു,പിന്നെ അത് വായിക്കാതെ പറ്റില്ലല്ലോ...''കാവും പരിസരവും വൃത്തിയായി സൂക്ഷിക്കുക..പ്ലാസ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്.''പൂര്‍വികര്‍ നല്‍കിയ ഈ ഉപദേശം എല്ലാവരും പാലിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഞങ്ങള്‍ഇടയിലക്കാടിനോടു യാത്ര പറഞ്ഞു  വണ്ടിയില്‍ കയറി...സമയം ഒന്നര കഴിഞ്ഞിരിക്കുന്നു...മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന തനുസരിച്ച് വെള്ളാപ്പ്   മരക്കമ്പനിക്കടുത്ത  ജനാര്‍ദനേട്ടന്റെ കൊച്ചു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് കൃത്യം രണ്ടരയ്ക്ക് അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് യാത്രയായി.        
          ഇളമ്പച്ചി  ഖാദി കേന്ദ്രമായിരുന്നു ലക്‌ഷ്യം..പരുത്തിനൂല്‍ നല്ലി ചുറ്റുന്നതും,കളര്‍ മുക്കി ഉണക്കുന്നതും,തുണി നെയ്യുന്നതും,മെത്തകള്‍ ഉണ്ടാക്കുന്നതും എല്ലാം നേരില്‍ കാണാന്‍ ഇവിടെ വെച്ച് കുട്ടികള്‍ക്ക് അവസരമുണ്ടായി.
കിടക്കയില്‍ ഉന്നം നിറയ്ക്കുന്നതും തുന്നുന്നതും ഒഴികെയുള്ള എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്.ഓരോരുത്തരും അവരവരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചു തന്നു.നൂല്‍ ചുറ്റാനും നെയ്യാനും ഒക്കെ തങ്ങള്‍ക്കും ആകുമോ എന്ന് പരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ പി.ടി.എ.പ്രസിഡണ്ട്  ഉള്‍പ്പെടെ ചിലര്‍ക്ക് താല്‍പ്പര്യം.  
 സമയം കുറച്ചു വൈകിയതു കൊണ്ട് വളരെ വേഗം അവിടെനിന്നും മടങ്ങി.    
മലബാറിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രമായിരുന്ന പയ്യന്നൂരിനടുത്ത ഉളിയത്തു കടവിലേക്ക് ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി.













                                  1930 ഏപ്രില്‍ 13  നു കെ.കേളപ്പന്റെ(കേരള ഗാന്ധി)നേതൃത്വത്തില്‍ 32 സമര വളണ്ടിയര്‍മാര്‍ കോഴിക്കോട് നിന്നും ആരംഭിച്ചകാല്‍നട ജാഥ ഏപ്രില്‍ 24  നു ഇവിടെ യെത്തിച്ചേര്‍ന്നുവെന്നതാണ് ചരിത്രം.
ഉപ്പു കുറുക്കല്‍ സമരത്തിനു സാക്ഷ്യം വഹിച്ച കവ്വായിപ്പുഴയോരത്തെ ഉളിയത്തു കടവ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി...സ്മരണകള്‍ ഇരമ്പുന്ന ഈ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് തന്നെ അഭിമാനം...
                      ''വരിക വരിക സഹജരേ... 
                        സഹന സമര സമയമായ്..
                        കരളുറച്ചു കൈകള്‍ കോര്‍ത്ത്‌ 
                        കാല്‍ നടയ്ക്കു പോക നാം ... ''സത്യാഗ്രഹികള്‍ പാടിയ ഈ വരികള്‍  കാതുകളില്‍ മുഴങ്ങുന്നതായി ത്തോന്നി..വേണു മാഷ്‌ ഓര്‍മ്മിപ്പിക്കേണ്ട താമസം കുട്ടികള്‍ ഉച്ചത്തില്‍പ്പാടി..''വരിക വരിക സഹജരേ................''
             അല്‍പ്പനേരം അവിടെയിരുന്നു...സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നിമിഷങ്ങള്‍ കുട്ടികളിലേക്ക്എത്തിക്കാന്‍ ആനന്ദന്‍മാഷും വേണുമാഷും ഈ അവസരം പ്രയോജനപ്പെടുത്തി.
             കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും അതിനെക്കുറിച്ചും ചര്‍ച്ചയായി.
                                     പല തരത്തിലുള്ള കണ്ടലുകളും അവിടെ ഉണ്ടായിരുന്നു...ഓരോന്നിന്റെ പ്രത്യേകതകളും കുട്ടികള്‍ നിരീക്ഷിച്ചു മനസ്സിലാക്കി.അറിയാത്തവചോദിച്ചു മനസ്സിലാക്കി.
'ഉപ്പൂറ്റി കണ്ടല്‍' വെള്ളത്തിലെ ഉപ്പ് ഊറ്റി എടുത്തതിന്റെ തെളിവ് ഇലകളില്‍ കാണാമായിരുന്നു..ഇലകളില്‍ പറ്റിപ്പിടിച്ച വെളുത്ത പൊടി രുചിച്ചു നോക്കിയപ്പോള്‍ നല്ല ഉപ്പുരസം! 
                 സമയം നാലുമണി യോടടുക്കുന്നു...ഇനിയും ഇവിടെ നിന്നാല്‍ അടുത്ത കേന്ദ്രത്തില്‍ എത്താന്‍ വളരെ വൈകും.ഉളിയത്തുകടവിനോടു സലാം പറഞ്ഞ് നേരെ ഏഴി മലയിലേക്ക് ..... 
             ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കാനായിരുന്നു നേരത്തെ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.അതനുസരിച്ച് അധികൃതരില്‍ നിന്ന് അനുവാദവും വാങ്ങിയിരുന്നു..എന്നാല്‍  രണ്ടു ദിവസം മുമ്പ് നടന്ന കടല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍  സന്ദര്‍ശനാ നുമതി റദ്ദു ചെയ്യുകയായിരുന്നു... എന്നാലും എഴിമലയിലെക്കുള്ള യാത്ര ഞങ്ങള്‍ മാറ്റി വെച്ചില്ല .കടപ്പുറത്ത് നിന്നും തിരിച്ച ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം തന്നെ ഈ മലകയറ്റം ആയിരുന്നുവല്ലോ....
          സമുദ്ര നിരപ്പില്‍നിന്നും 215 മീറ്റര്‍ ഉയരത്തില്‍, പയ്യന്നൂരിലെ സൂര്യ ട്രസ്റ്റ്  എഴിമലയില്‍ സ്ഥാപിച്ച 41 അടി ഉയരമുള്ള   ഹനുമാന്‍ പ്രതിമ യുടെ സമീപത്ത് എത്തുകയായിരുന്നു ഞങ്ങളുടെ ഇപ്പോഴത്തെ ലക്‌ഷ്യം..ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ യാണത്രെ ഇത്...    
          പയ്യന്നൂര്‍ കുന്നരു തിരുവില്വാംകുന്ന്  ജംഗ്ഷനില്‍ നിന്ന് ടോപ്പ് റോഡിലൂടെ, കണ്ണിനു കുളിര്‍മയേകുന്ന താഴ്വരക്കാഴ്ചകള്‍ കണ്ട് ഞങ്ങളിതാ ഹനുമാന്‍ പ്രതിമ യ്ക്കടുത്ത് എത്തിയിരിക്കുന്നു.... കേട്ടതിലും മനോഹരമായിരിക്കുന്നു ഈ കാഴ്ച!
                               പടവുകള്‍ കയറി പ്രതിമയുടെ തൊട്ടു മുന്നിലെത്തി.ഹനുമാന്റെ തലവരെ കണ്ണോടിച്ചപ്പോള്‍ ഞങ്ങള്‍ വളരെ ചെറുതായതുപോലെ! 
              അവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു...ഏഴിമലയും    ഹനുമാനും തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.(മൃതസഞ്ജീവിനിക്കായി പോയ ഹനുമാന്‍  മലയും കയ്യിലേന്തി പറന്നു വരുമ്പോള്‍ അതില്‍ നിന്നും അടര്‍ന്നു വീണ ചെറു കഷണ മാണത്രേ ഏഴിമല... )അപൂര്‍വങ്ങളായ ഔഷധങ്ങള്‍ ഇന്നും ഏഴിമലയില്‍   കാണാം എന്ന് പഴമക്കാര്‍ പറയുന്നു...  
             .....ഹനുമാന്‍ പ്രതിമ സ്ഥിതി   ചെയ്യുന്ന  സ്ഥലത്തു നിന്നും അല്‍പ്പം പടിഞ്ഞാറോട്ട് മാറി ഏറ്റവും ഉയരമുള്ള മറ്റൊരു സ്ഥലമുണ്ട്.ഇവിടെയുള്ള ഉയര്‍ന്ന പാറയുടെ മുകളില്‍ ക്കയറി പടിഞ്ഞാറോട്ട് നോക്കിയാല്‍ കാടും കടലും സംഗമിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ച കാണാന്‍ കഴിയും...
                      അത് കൂടി കണ്ട ശേഷം തൊട്ടടുത്ത മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും  നല്‍കിയ ചായയും പലഹാരവും കഴിച്ചു ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി......കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡരികില്‍ വണ്ടി ന്നിര്‍ത്തി മനോഹരമായ ആ താഴ്വര ക്കാഴ്ചകള്‍ ഒരുവട്ടം കൂടി കണ്‍ കുളിര്‍ക്കെ കണ്ടു... 

    .     .  ...തിരിച്ച് ബേക്കല്‍ കടപ്പുറത്തെ ഞങ്ങളുടെ കൊച്ചു വിദ്യാലയത്തിലേക്കുള്ള മടക്കയാത്ര...സ്കൂളില്‍ എത്തുമ്പോഴേക്കും സമയം രാത്രി എഴരമണി... രാവിലെ ഏഴരയ്ക്ക് ആരംഭിച്ച 12 മണിക്കൂര്‍ യാത്ര  പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മക്കളെ കാത്ത് രക്ഷിതാക്കള്‍ സ്കൂളില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ...
 


       











































ചൊവ്വാഴ്ച, മാർച്ച് 06, 2012

അറിവിന്‍ തേന്‍കനി തേടി, ഒരു പഠനയാത്ര കൂടി......


പഠനയാത്ര ഇവിടെ തുടങ്ങുന്നു..കാഞ്ഞങ്ങാട് കോട്ടയുടെ അരികിലൂടെ നിത്യാനന്ദ ആശ്രമത്തിലേക്ക്...
ആശ്രമ കവാടം
ഗുഹകള്‍ക്ക് മുകളിലെ മനോഹരമായ ക്ഷേത്രം.
നിത്യാനന്ദ ആശ്രമത്തിലെ ക്ഷേത്രത്തിനു മുന്നില്‍...
പുതിയ കോട്ടയിലെ 'പഴയ കോട്ടയ്ക്കു' മുകളില്‍ തലയെടുപ്പോടെ.....






ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്കൂളില്‍ നിന്ന് 33  കുട്ടികളും നാല് അധ്യാപകരും രണ്ടു രക്ഷാ കര്‍തൃ പ്രതിനിധികളും ഉള്‍പ്പെടുന്ന പഠന യാത്രാ സംഘം മാര്‍ച്ച് മൂന്നിന് കാലത്ത് ഏഴര മണിക്ക് യാത്ര പുറപ്പെട്ടു.കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിനു മുന്നില്‍ ഞങ്ങളുടെ മിനി ബസ്സ് നിന്നു..ആശ്രമ കവാടത്തിനടുത്തുള്ള പഴക്കം ചെന്ന  കോട്ടയാണ് ആദ്യം തന്നെ കണ്ണില്‍ പെട്ടത്.(കോലത്തിരി രാജാവിന്റെ കീഴില്‍ 'കാഞ്ഞന്‍'എന്ന് പേരുള്ള ഒരു ഇടപ്രഭു ഇവിടെ കോട്ട പണിത് നാടു വാണി രുന്നുവത്രേ.'കാഞ്ഞന്‍  കോട്ട' ക്രമത്തില്‍ കാഞ്ഞങ്ങാടായി മാറി..പിന്നീട് കര്‍ണാടക ക്കാരനായ  ഇക്കേരി രാജാവ് ഈ സ്ഥലം കൈവശമാക്കി കോട്ട പുതുക്കിപ്പണിതതോടെ 'പുതിയ കോട്ട' എന്നര്‍ത്ഥമുള്ള 'ഹോസ് ദുര്‍ഗ്'  എന്ന കര്‍ണ്ണാടക നാമം ഈ സ്ഥലത്തിനു   ലഭിക്കുകയുണ്ടായി.) പൊട്ടിപ്പൊളിഞ്ഞ കോട്ടയും,അതില്‍ അങ്ങിങ്ങായി വളര്‍ന്നു നില്‍ക്കുന്ന വന്‍ മരങ്ങളും നോക്കി അല്‍പ്പനേരം നിന്നു...പിന്നെ നേരെ ആശ്രമത്തിലേക്ക്.......                                           1931 -ല്‍ കാഞ്ഞാങ്ങാട്ടെ പുതിയ കോട്ടക്കടുത്ത്   വലിയൊരു ചെങ്കല്‍പ്പാറ തുരന്ന് നിത്യാനന്ദ സ്വാമികള്‍  നിര്‍മ്മിച്ച ഗുഹകളാണ് ഇന്നും ആശ്രമത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.കലാ മോഹനമായ 45ഗുഹകള്‍! ആറ് പ്രവേശന ദ്വാരങ്ങളുള്ള ഗുഹകള്‍ക്കുള്ളില്‍ വിവിധ തരത്തിലുള്ള അറകള്‍ കാണാം.സ്വാമികള്‍ 'ഉദയാസ്തമയ ഗുഹകള്‍  
എന്ന് വിളിച്ചിരുന്ന ഈ ഗുഹകള്‍ക്കുള്ളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രകാശം ഉണ്ടായിരിക്കും.(സഞ്ചാരികളുടെ സൌകര്യാര്‍ത്ഥം ഗുഹകള്‍ക്കുള്ളില്‍ ഇന്ന് സജ്ജീകരിച്ച വൈദ്യുതി വെട്ടവും,ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായുള്ള മോടി പിടിപ്പിക്കലും ഗുഹകളുടെ തനിമ ഇല്ലാതാക്കിയോ?)ഈ ഗുഹകളുടെ മുകളിലായി 1963  ല്‍  പണി കഴിപ്പിച്ച കമനീയമായ നിത്യാനന്ദ ക്ഷേത്രത്തില്‍ നിത്യവും എത്തുന്ന സ്വാമിഭക്തര്‍ ഏറെയാണ്‌.സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച മന്ദിരത്തിനകത്ത്  ദശാവതാരങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്.നിത്യാനന്ദ ഭഗവാന്റെ അഭയ മുദ്രാങ്കിതമായ പഞ്ചലോഹ പ്രതിമയും ഇവിടെ കാണാം.നിത്യവും മൂന്നു നേരം പൂജകളും നടത്തിവരുന്നു......
     ഗുഹകള്‍ക്ക് മുകളിലെ  ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ കയറി,ക്ഷേത്രവും പരിസരവും,കൊത്തു പണികളും,പഞ്ചലോഹ വിഗ്രഹവും എല്ലാം കുട്ടികള്‍ നോക്കിക്കണ്ടു.....കൂട്ടത്തില്‍ .തൊട്ടു താഴെ കായ്ച്ചു നില്‍ക്കുന്ന വലിയമാവിലേക്ക് കുട്ടികളുടെ കണ്ണെ ത്തിയത്   തികച്ചും സ്വാഭാവികം മാത്രം!


താഴെയിറങ്ങി മ്യൂസിയം സന്ദര്‍ശിച്ചു...ആശ്രമുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ നിന്നും മനസ്സിലാക്കി...പിന്നീട് ഗുഹകള്‍ക്കുള്ളിലേക്ക്....അങ്ങിങ്ങായി വൈദ്യുതവെട്ടം ഉണ്ടെങ്കിലും,ഉള്ളിലൂടെ നടക്കുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും നേരിയ പേടി..ഓരോ പ്രവേശന ദ്വാരത്തിനടുത്ത് എത്തുമ്പോഴേക്കും പേടിയെല്ലാം പമ്പ കടക്കും.. ഉത്സാഹത്തോടെ ഓരോ ഗുഹയും താണ്ടിയുള്ള യാത്രയുടെ അനുഭവം ഒന്ന് വേറെ തന്നെ!ചില സ്ഥലങ്ങളില്‍ അല്‍പ്പനേരം ഇരുന്ന്‌ വിശ്രമിച്ചു...പുറത്തു കടന്നപ്പോള്‍ വീണ്ടും സ്വന്തം സ്ഥലത്ത് എത്തിയപോലെ.. ആശ്രമവും,പരിസരവും ക്യാമറയില്‍ പകര്‍ത്താനും മുന്നില്‍ നിന്നു ഗ്രൂപ്പ് ഫോട്ടോ എടുക്കാനും ഞങ്ങള്‍ മറന്നില്ല...എന്നും ഓര്‍മ്മിക്കാന്‍ ഇതുണ്ടാകുമല്ലോ....






നിത്യാനന്ദ ആശ്രമത്തില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് തൃക്കരി പ്പൂരിനടുത്തുള്ള നടക്കാവ് ഫയര്‍ സ്ടേഷനിലേക്കായിരുന്നു.ഫയര്‍ ആന്‍ഡ്  റസ്ക്യു സ്ടേഷന്റെ പ്രവര്‍ത്തനം നേരില്‍ കണ്ടു പഠിക്കുകയായിരുന്നു ലക്‌ഷ്യം.അവിടുത്തെ ജീവനക്കാര്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിവരിച്ചു..ഉപകരണങ്ങള്‍ പരിചയപ്പെടുത്തി...ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് തീ  അണയ്ക്കുവാന്‍ വെള്ളം പമ്പ് ചെയ്യുന്ന വിധം കാണിച്ചത് കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു......   സ്ടേഷനിലെ പരിമിതമായ സ്ഥലത്ത് ജീവനക്കാര്‍ ഒരുക്കിയ പച്ചക്കറി ക്കൃഷി ഞങ്ങളെ അത്ഭുതപ്പെടുത്തി.പയര്‍,വെണ്ട,നരമ്പന്‍,പാവല്‍.പടവലം,മത്തന്‍,കുമ്പളം,വെള്ളരി,വത്തയ്ക്ക,കാബേജ്  തുടങ്ങിയ വിളകള്‍ കായ്ച്ചു നില്‍ക്കുന്നു!.ഇത്തരത്തിലുള്ള പച്ചക്കറിക്കൃഷി ഞങ്ങളുടെ കുട്ടികള്‍ ആദ്യമായി കാണുകയാണ്..കാരണം അവരുടെ   കടപ്പുറത്ത് യാതൊരു വിധ കൃഷിയും ഇല്ല...പുസ്തകങ്ങളില്‍ പരിചയപ്പെട്ട കൃഷി നേരില്‍ കണ്ടതില്‍ അവര്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം....പേരമരത്തില്‍ നിന്നും പറിച്ച ഒന്നാന്തരം പേരയ്ക്ക കൂടി ലഭിച്ച പ്പോഴത്തെ കാര്യം പറയുകയേ വേണ്ട!
 എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങളുടെ വാഹനം അടുത്ത സന്ദര്‍ശന സ്ഥലമായ ഇടയിലക്കാട്ടിലേക്ക്   മെല്ലെ നീങ്ങി.കേരളത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പഞ്ചായത്തായ വലിയപറമ്പില്‍ കവ്വായി കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു തുരുത്താണ് ഇടയിലക്കാട്.. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ   മരക്കമ്പനി കഴിഞ്ഞ് ഇടയിലക്കാട് ബണ്ടിലൂടെ  ഞങ്ങള്‍ ഇടയിലക്കാട് കാവിന്റെ അടുത്തെത്തി...അതാ,ഞങ്ങളെ സ്വീകരിക്കാന്‍ കുറേ കൂട്ടുകാര്‍ അവിടെ കാത്ത് നില്‍ക്കുന്നു...അവരെ കണ്ടതും കുട്ടികള്‍ ആവേശം കൊണ്ട് തുള്ളിച്ചാടി....ഇടയിലക്കാട്ടിലെ കാഴ്ചകളെ ക്കുറിച്ചും,പഠന യാത്രയുടെ മറ്റു വിശേഷങ്ങളെ ക്കുറിച്ചും     അടുത്ത പോസ്റ്റില്‍ പ്രതിപാദിക്കാം...ഒപ്പം യാത്രയുടെ കൂടതല്‍ ദൃശ്യങ്ങളും....കാത്തിരിക്കണേ.....


''ഞങ്ങളുടെ സ്വന്തം കാവിലേക്ക് സ്വാഗതം..''
''കുറേ പേര്‍ ഉണ്ടല്ലോ...ഞങ്ങള്‍ക്ക് വല്ലതും തരുമോ ആവോ ...''