ചൊവ്വാഴ്ച, മാർച്ച് 06, 2012

അറിവിന്‍ തേന്‍കനി തേടി, ഒരു പഠനയാത്ര കൂടി......


പഠനയാത്ര ഇവിടെ തുടങ്ങുന്നു..കാഞ്ഞങ്ങാട് കോട്ടയുടെ അരികിലൂടെ നിത്യാനന്ദ ആശ്രമത്തിലേക്ക്...
ആശ്രമ കവാടം
ഗുഹകള്‍ക്ക് മുകളിലെ മനോഹരമായ ക്ഷേത്രം.
നിത്യാനന്ദ ആശ്രമത്തിലെ ക്ഷേത്രത്തിനു മുന്നില്‍...
പുതിയ കോട്ടയിലെ 'പഴയ കോട്ടയ്ക്കു' മുകളില്‍ തലയെടുപ്പോടെ.....






ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്കൂളില്‍ നിന്ന് 33  കുട്ടികളും നാല് അധ്യാപകരും രണ്ടു രക്ഷാ കര്‍തൃ പ്രതിനിധികളും ഉള്‍പ്പെടുന്ന പഠന യാത്രാ സംഘം മാര്‍ച്ച് മൂന്നിന് കാലത്ത് ഏഴര മണിക്ക് യാത്ര പുറപ്പെട്ടു.കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിനു മുന്നില്‍ ഞങ്ങളുടെ മിനി ബസ്സ് നിന്നു..ആശ്രമ കവാടത്തിനടുത്തുള്ള പഴക്കം ചെന്ന  കോട്ടയാണ് ആദ്യം തന്നെ കണ്ണില്‍ പെട്ടത്.(കോലത്തിരി രാജാവിന്റെ കീഴില്‍ 'കാഞ്ഞന്‍'എന്ന് പേരുള്ള ഒരു ഇടപ്രഭു ഇവിടെ കോട്ട പണിത് നാടു വാണി രുന്നുവത്രേ.'കാഞ്ഞന്‍  കോട്ട' ക്രമത്തില്‍ കാഞ്ഞങ്ങാടായി മാറി..പിന്നീട് കര്‍ണാടക ക്കാരനായ  ഇക്കേരി രാജാവ് ഈ സ്ഥലം കൈവശമാക്കി കോട്ട പുതുക്കിപ്പണിതതോടെ 'പുതിയ കോട്ട' എന്നര്‍ത്ഥമുള്ള 'ഹോസ് ദുര്‍ഗ്'  എന്ന കര്‍ണ്ണാടക നാമം ഈ സ്ഥലത്തിനു   ലഭിക്കുകയുണ്ടായി.) പൊട്ടിപ്പൊളിഞ്ഞ കോട്ടയും,അതില്‍ അങ്ങിങ്ങായി വളര്‍ന്നു നില്‍ക്കുന്ന വന്‍ മരങ്ങളും നോക്കി അല്‍പ്പനേരം നിന്നു...പിന്നെ നേരെ ആശ്രമത്തിലേക്ക്.......                                           1931 -ല്‍ കാഞ്ഞാങ്ങാട്ടെ പുതിയ കോട്ടക്കടുത്ത്   വലിയൊരു ചെങ്കല്‍പ്പാറ തുരന്ന് നിത്യാനന്ദ സ്വാമികള്‍  നിര്‍മ്മിച്ച ഗുഹകളാണ് ഇന്നും ആശ്രമത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.കലാ മോഹനമായ 45ഗുഹകള്‍! ആറ് പ്രവേശന ദ്വാരങ്ങളുള്ള ഗുഹകള്‍ക്കുള്ളില്‍ വിവിധ തരത്തിലുള്ള അറകള്‍ കാണാം.സ്വാമികള്‍ 'ഉദയാസ്തമയ ഗുഹകള്‍  
എന്ന് വിളിച്ചിരുന്ന ഈ ഗുഹകള്‍ക്കുള്ളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രകാശം ഉണ്ടായിരിക്കും.(സഞ്ചാരികളുടെ സൌകര്യാര്‍ത്ഥം ഗുഹകള്‍ക്കുള്ളില്‍ ഇന്ന് സജ്ജീകരിച്ച വൈദ്യുതി വെട്ടവും,ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായുള്ള മോടി പിടിപ്പിക്കലും ഗുഹകളുടെ തനിമ ഇല്ലാതാക്കിയോ?)ഈ ഗുഹകളുടെ മുകളിലായി 1963  ല്‍  പണി കഴിപ്പിച്ച കമനീയമായ നിത്യാനന്ദ ക്ഷേത്രത്തില്‍ നിത്യവും എത്തുന്ന സ്വാമിഭക്തര്‍ ഏറെയാണ്‌.സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച മന്ദിരത്തിനകത്ത്  ദശാവതാരങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്.നിത്യാനന്ദ ഭഗവാന്റെ അഭയ മുദ്രാങ്കിതമായ പഞ്ചലോഹ പ്രതിമയും ഇവിടെ കാണാം.നിത്യവും മൂന്നു നേരം പൂജകളും നടത്തിവരുന്നു......
     ഗുഹകള്‍ക്ക് മുകളിലെ  ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ കയറി,ക്ഷേത്രവും പരിസരവും,കൊത്തു പണികളും,പഞ്ചലോഹ വിഗ്രഹവും എല്ലാം കുട്ടികള്‍ നോക്കിക്കണ്ടു.....കൂട്ടത്തില്‍ .തൊട്ടു താഴെ കായ്ച്ചു നില്‍ക്കുന്ന വലിയമാവിലേക്ക് കുട്ടികളുടെ കണ്ണെ ത്തിയത്   തികച്ചും സ്വാഭാവികം മാത്രം!


താഴെയിറങ്ങി മ്യൂസിയം സന്ദര്‍ശിച്ചു...ആശ്രമുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ നിന്നും മനസ്സിലാക്കി...പിന്നീട് ഗുഹകള്‍ക്കുള്ളിലേക്ക്....അങ്ങിങ്ങായി വൈദ്യുതവെട്ടം ഉണ്ടെങ്കിലും,ഉള്ളിലൂടെ നടക്കുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും നേരിയ പേടി..ഓരോ പ്രവേശന ദ്വാരത്തിനടുത്ത് എത്തുമ്പോഴേക്കും പേടിയെല്ലാം പമ്പ കടക്കും.. ഉത്സാഹത്തോടെ ഓരോ ഗുഹയും താണ്ടിയുള്ള യാത്രയുടെ അനുഭവം ഒന്ന് വേറെ തന്നെ!ചില സ്ഥലങ്ങളില്‍ അല്‍പ്പനേരം ഇരുന്ന്‌ വിശ്രമിച്ചു...പുറത്തു കടന്നപ്പോള്‍ വീണ്ടും സ്വന്തം സ്ഥലത്ത് എത്തിയപോലെ.. ആശ്രമവും,പരിസരവും ക്യാമറയില്‍ പകര്‍ത്താനും മുന്നില്‍ നിന്നു ഗ്രൂപ്പ് ഫോട്ടോ എടുക്കാനും ഞങ്ങള്‍ മറന്നില്ല...എന്നും ഓര്‍മ്മിക്കാന്‍ ഇതുണ്ടാകുമല്ലോ....






നിത്യാനന്ദ ആശ്രമത്തില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് തൃക്കരി പ്പൂരിനടുത്തുള്ള നടക്കാവ് ഫയര്‍ സ്ടേഷനിലേക്കായിരുന്നു.ഫയര്‍ ആന്‍ഡ്  റസ്ക്യു സ്ടേഷന്റെ പ്രവര്‍ത്തനം നേരില്‍ കണ്ടു പഠിക്കുകയായിരുന്നു ലക്‌ഷ്യം.അവിടുത്തെ ജീവനക്കാര്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിവരിച്ചു..ഉപകരണങ്ങള്‍ പരിചയപ്പെടുത്തി...ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് തീ  അണയ്ക്കുവാന്‍ വെള്ളം പമ്പ് ചെയ്യുന്ന വിധം കാണിച്ചത് കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു......   സ്ടേഷനിലെ പരിമിതമായ സ്ഥലത്ത് ജീവനക്കാര്‍ ഒരുക്കിയ പച്ചക്കറി ക്കൃഷി ഞങ്ങളെ അത്ഭുതപ്പെടുത്തി.പയര്‍,വെണ്ട,നരമ്പന്‍,പാവല്‍.പടവലം,മത്തന്‍,കുമ്പളം,വെള്ളരി,വത്തയ്ക്ക,കാബേജ്  തുടങ്ങിയ വിളകള്‍ കായ്ച്ചു നില്‍ക്കുന്നു!.ഇത്തരത്തിലുള്ള പച്ചക്കറിക്കൃഷി ഞങ്ങളുടെ കുട്ടികള്‍ ആദ്യമായി കാണുകയാണ്..കാരണം അവരുടെ   കടപ്പുറത്ത് യാതൊരു വിധ കൃഷിയും ഇല്ല...പുസ്തകങ്ങളില്‍ പരിചയപ്പെട്ട കൃഷി നേരില്‍ കണ്ടതില്‍ അവര്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം....പേരമരത്തില്‍ നിന്നും പറിച്ച ഒന്നാന്തരം പേരയ്ക്ക കൂടി ലഭിച്ച പ്പോഴത്തെ കാര്യം പറയുകയേ വേണ്ട!
 എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങളുടെ വാഹനം അടുത്ത സന്ദര്‍ശന സ്ഥലമായ ഇടയിലക്കാട്ടിലേക്ക്   മെല്ലെ നീങ്ങി.കേരളത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പഞ്ചായത്തായ വലിയപറമ്പില്‍ കവ്വായി കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു തുരുത്താണ് ഇടയിലക്കാട്.. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ   മരക്കമ്പനി കഴിഞ്ഞ് ഇടയിലക്കാട് ബണ്ടിലൂടെ  ഞങ്ങള്‍ ഇടയിലക്കാട് കാവിന്റെ അടുത്തെത്തി...അതാ,ഞങ്ങളെ സ്വീകരിക്കാന്‍ കുറേ കൂട്ടുകാര്‍ അവിടെ കാത്ത് നില്‍ക്കുന്നു...അവരെ കണ്ടതും കുട്ടികള്‍ ആവേശം കൊണ്ട് തുള്ളിച്ചാടി....ഇടയിലക്കാട്ടിലെ കാഴ്ചകളെ ക്കുറിച്ചും,പഠന യാത്രയുടെ മറ്റു വിശേഷങ്ങളെ ക്കുറിച്ചും     അടുത്ത പോസ്റ്റില്‍ പ്രതിപാദിക്കാം...ഒപ്പം യാത്രയുടെ കൂടതല്‍ ദൃശ്യങ്ങളും....കാത്തിരിക്കണേ.....


''ഞങ്ങളുടെ സ്വന്തം കാവിലേക്ക് സ്വാഗതം..''
''കുറേ പേര്‍ ഉണ്ടല്ലോ...ഞങ്ങള്‍ക്ക് വല്ലതും തരുമോ ആവോ ...''























4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഞാനും ഉണ്ട് മാഷെ നിങളുടെ കൂടെ അടുത്ത പോസ്റ്റ്‌ നോക്കിയിരിക്കുന്നു..

Unknown പറഞ്ഞു...

ഞാനും ഉണ്ട് മാഷെ നിങളുടെ കൂടെ അടുത്ത പോസ്റ്റ്‌ നോക്കിയിരിക്കുന്നു..

ഐ.പി.മുരളി|i.p.murali പറഞ്ഞു...

മാഷേ,
നല്ല യാത്രാവിവരണം... ചിത്രങ്ങള്‍ കൂടിയായപ്പോള്‍ മധുരതരം. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.

vidyarangam GHSS Elamkunnapuzha പറഞ്ഞു...

കൂടെ യാത്ര ചെയ്ത പോലെ.....നന്നായിട്ടുണ്ട്