തിങ്കളാഴ്‌ച, ഫെബ്രുവരി 21, 2011

കളിത്രാസ് നിര്‍മ്മിക്കാം....കളിക്കാം....പഠിക്കാം! ......കടയില്‍ നിന്ന് മടങ്ങുമ്പോള്‍ കിട്ടുമ്മാവാന്‍  നീനയുടെ കയ്യില്‍ ഒരു പൊതി കൊടുത്തിട്ട് പറഞ്ഞു,"എല്ലാരും കൂടി എടുത്തോളൂ."വഴിയില്‍ വെച്ച് അവര്‍ പൊതി തുറന്നു നോക്കി,"ഹായ്!കടലപ്പൊരി!"നീന ഓരോരുത്തര്‍ക്കായി കൊടുക്കാന്‍ തുടങ്ങി.''ഉണ്ണിക്കു  കൂടുതല്‍ കിട്ടി,എനിക്ക് കുറച്ചേ ഉള്ളൂ!''അഖില്‍ പിണങ്ങി.
     "തുല്യമായി വീതിക്കാന്‍ എന്താ ഒരു വഴി?''നീന ചോദിച്ചു.
     "കളിത്രാസ്  ഉപയോഗിച്ച് വീതിചാലോ?"അന്‍സാരിയുടെ    നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.
   ...........കളിത്രാസുപയോഗിച്ച് എങ്ങനെയായിരിക്കും 
കടലപ്പൊരി നാല് പേര്‍ക്കായി വീതിച്ചിട്ടുന്ടാവുക?
    -രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ  പുസ്തകത്തിലുള്ള ഈ പ്രശ്നം ഞാന്‍ അവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.തൂക്കക്കട്ടി ഇല്ലാതെയാണ് നീനയും കൂട്ടുകാരും വീതിച്ചത് എന്ന കാര്യവും കുട്ടികളോട് സൂചിപ്പിച്ചു.
    ഓരോരുത്തരും വ്യക്തിഗതമായി  പല  ഉത്തരങ്ങളും
പറഞ്ഞു.കുറെയേറെ കുട്ടികളുടെ ഉത്തരങ്ങള്‍ ശരിയായിരുന്നു.ശരിയുത്തരത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ഗ്രൂപ്പ്  പ്രവര്‍ത്തനത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി.അപ്പോഴും ഒന്ന് രണ്ടു പേര്‍ക്ക് സംശയം ബാക്കി.

"കളിത്രാസ് ഉണ്ടെങ്കില്‍ ശരിക്കും കാണിച്ചു കൊടുക്കാമായിരുന്നു"ശാലു പറഞ്ഞത് മറ്റുള്ളവരും ശരി വെച്ചു.
 ''എങ്കില്‍ നാളെ വരുമ്പോള്‍ എല്ലാവരും കളിത്രാസ് ഉണ്ടാക്കിക്കൊണ്ടു വരൂ."ഞാന്‍ പറഞ്ഞു.
 അത് കേട്ടപ്പോള്‍ കുട്ടികള്‍ക്ക് വളരെ സന്തോഷം.
"ഒരു കാര്യം കൂടി ചെയ്യണം,നിങ്ങളുടെ ത്രാസ് ഉപയോഗിച്ച് കടലപ്പൊരി വീതിക്കുന്ന വിധം വീട്ടിലെല്ലാവര്‍ക്കും കാണിച്ചു കൊടുക്കണം.വീതിച്ച രീതി പ്രവര്‍ത്തന പുസ്തകത്തില്‍ എഴുതാന്‍ മറക്കരുത്." 
   ..........അടുത്ത ദിവസം കളിത്രാസുമായാണ് എല്ലാവരും സ്കൂളില്‍ എത്തിയത്.ത്രാസ് നിര്‍മിച്ചതിനെക്കുറിച്ചും,ചേച്ചി സഹായിച്ചതിനെപ്പറ്റിയും,പുളിങ്കുരു വീതിച്ചതിനെക്കുറിച്ചും  എല്ലാം അവര്‍ക്കു പറയാന്‍ ഉണ്ടായിരുന്നു.
     "കടലപ്പൊരി നാല് പേര്‍ക്ക് തുല്യമായി വീതിക്കുന്ന കാര്യം വരുണിനും മനസ്സിലായി മാഷേ!'' ശാലു പറയുമ്പോള്‍ വരുണിന്റെ മുഖത്തു അഭിമാനം! 
  ''എങ്കില്‍ ഇന്ന് മറ്റൊരു ചോദ്യം ചോദിക്കാം.നിങ്ങള്‍ കളിത്രാസ് ഉപയോഗിച്ച് കണ്ടെത്തണം''പുസ്തകത്തിലെ  
അടുത്ത പ്രശ്നം ഞാന്‍ ബോര്‍ഡില്‍ എഴുതി.
                            -ഏതിനാണ് ഭാരം കൂടുതല്‍?
                                     * ഒരു പിടി മണല്‍-ഒരു പിടി മഞ്ചാടി 
                                     *ഒരു സ്പൂണ്‍ ഉപ്പ്-ഒരു സ്പൂണ്‍ പഞ്ചസാര 
      *ഒരു കയില്‍ അരി-ഒരു കയില്‍ പയര്‍
...''.ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ?''ക്ലാസ്സിലെ പിന്നാക്കക്കാരനായ വരുണിനോട്  ഞാന്‍ ചോദിച്ചു.
        അവന്‍ പെട്ടെന്ന് തന്നെ ഉത്തരവും പറഞ്ഞു.
''മഞ്ചാടി ക്ലാസ്സില്‍ത്തന്നെയുണ്ട്.മണല്‍ പുറത്തും''-പ്രത്യുഷ് പറഞ്ഞു,''
       ''ശോഭമ്മയോടു  ചോദിച്ചാല്‍ ബാക്കിയുള്ളതും കിട്ടും.''അര്‍ഷ കൂട്ടിചേര്‍ത്തു.
    ''കഞ്ഞിപ്പുരയില്‍ എല്ലാം ഉള്ളത് ഭാഗ്യം തന്നെ,നമ്മക്ക് പരീക്ഷണം ചെയ്യാലോ!''ശരത്തിന്റെ വക..

  ........അല്‍പ്പ സമയത്തിനുള്ളില്‍ എല്ലാ സാധനങ്ങളും ക്ലാസ്സിലെത്തി. കുട്ടികളെ ഞാന്‍ മൂന്ന് ഗ്രൂപ്പുകളാക്കി.ഓരോഗ്രൂപ്പും ഓരോ ജോടി സാധനങ്ങളില്‍
ഭാരം കൂടിയത് ഏതാണെന്ന് കണ്ടെത്തി .ആദ്യം ഊഹിച്ചു പറയാനും ശ്രമിച്ചു.
     -അരിക്കായിരിക്കും പയറിനെക്കാള്‍  ഭാരം കൂടുതല്‍ എന്നാണു ചിലര്‍ ഊഹിച്ചിരുന്നത്.തൂക്കി നോക്കിയപ്പോള്‍ അവര്‍ക്കു തെറ്റി!ഊഹം ശരിയായവര്‍ക്ക് വലിയ ഗമ!!
      ....എല്ലാ കുട്ടികളും വളരെ താല്‍പ്പര്യത്തോടെയാണ്  പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.കാരണം വ്യക്തമാണല്ലോ,അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു കളിയാണ്!ഇഷ്ടപ്പെട്ട കളിയില്‍ ഏര്‍പ്പെടാന്‍ ഏതു  കുട്ടിയാണ് താല്‍പ്പര്യം കാണിക്കാത്തത്?
   ..പക്ഷെ,കളിയിലൂടെ അവര്‍ കണ്ടെത്തിയതോ!വലിയൊരു കാര്യവും. 
 

ഇതു തന്നെയല്ലേ പുതിയ പഠന രീതിയുടെ സവിശേഷത?
ഇങ്ങനെ തന്നെയല്ലേ കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത്?
    
      -കണ്ടും,കേട്ടും, 
 അനുഭവിച്ചും,നിരീക്ഷിച്ചും,പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടും,കളിച്ചും,ചിരിച്ചും  പഠിക്കാന്‍ അവസരം ലഭിച്ച നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര ഭാഗ്യവതികള്‍!
       പൊതു വിദ്യാലയങ്ങളില്‍ മാത്രം കാണുന്ന ഈ കാഴ്ച എന്നാണാവോ എല്ലാ വിദ്യാലയങ്ങളിലും കാണാന്‍ കഴിയുക?


                             പൊതു വിദ്യാലയങ്ങള്‍                         മികവിന്റെ പാതയില്‍ 
                                               

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

കീടനാശിനികള്‍ ജീവനാശിനികള്‍ ആകുമ്പോള്‍!

എന്‍ഡോസള്‍ഫാന്‍ വിഷമഴയ്ക്കെതിരായ പോരാട്ടത്തില്‍ കാസര്‍കോട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ അത് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു  പരിസ്ഥിതി പ്രശ്നമായി മാറി! പിന്തുണയുമായി എത്തിയ വ്യക്തികളും പ്രസ്ഥാനങ്ങളും നിരവധി നിരവധി.ദുരന്ത ബാധിതരെ ആശ്വസിപ്പിക്കാനും,പുനരധിവസിപ്പിക്കാനുമായി ഭരണ കൂടവും രംഗത്തെത്തി.അച്ചടി മാധ്യമങ്ങളിലും,ദൃശ്യ മാധ്യമങ്ങളിലും പ്രശ്നം സജീവ ചര്‍ച്ചാ വിഷയമായി മാറി....ജീവ നാശിനികളായി   മാറിക്കൊണ്ടിരിക്കുന്ന കീടനാശിനികളുടെ ഉല്‍പ്പാദനവും പ്രയോഗവും നിരോധിക്കണം എന്ന ആവശ്യത്തിനു ശക്തി കൂടി.ഒപ്പം ബദലുകളെക്കുറിച്ചുള്ള അന്വേഷണവും സജീവമായി...........       


ഈയൊരു സന്ദര്‍ഭത്തിലായിരുന്നു  നാലാം ക്ലാസ്സിലെ കുട്ടികള്‍ 'സൂക്ഷിക്കുക കുരുടാന്‍ 'എന്ന പാഠഭാഗം പഠിക്കാന്‍ തുടങ്ങിയത്....സ്വാഭാവികമായും അവരുടെ ചര്‍ച്ച 'എന്‍ഡോസള്‍ഫാന്‍' ഭീകരനിലേക്കും എത്തി.അങ്ങനെയാണ്ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി അംഗവും,പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.മുരളീധരന്‍ മാഷുമായി ഒരു അഭിമുഖം സംഘടിപ്പിക്കാന്‍ ക്ലാസ് ടീച്ചറും കുട്ടികളും ചേര്‍ന്ന് തീരുമാനിച്ചത്.
           മാഷ്‌ വരുന്നതിനു മുമ്പ് തന്നെ സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ നിന്നും ,പത്രങ്ങളില്‍ നിന്നും,പാഠത്തില്‍ നിന്നും മറ്റുമായി കുറെ കാര്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കിയിരുന്നു.മാഷോട് ചോദിക്കേണ്ട ചോദ്യങ്ങളും   അവര്‍ തയ്യാറാക്കി.ഓരോ ചോദ്യവും ആരാണ് ചോദിക്കേണ്ടത്‌ എന്നതിനെക്കുറിച്ചും അവര്‍ക്ക്  ധാരണ യുണ്ടായിരുന്നു .മാഷ്‌ പറയുന്ന പ്രധാന കാര്യങ്ങള്‍ കുറിച്ചെടുക്കണം എന്ന നിര്‍ദേശം നല്‍കാന്‍ അധ്യാപികയും മറന്നില്ല. 
.
                       നാലാം ക്ലാസ്സുകാരാണ് അഭിമുഖം സംഘടിപ്പിച്ചതെങ്കിലും, ശ്രദ്ധേയമായ  ഒരു പൊതു പ്രശ്നം എന്ന നിലയില്‍ മറ്റു ക്ലാസ്സിലെ കുട്ടികളും അധ്യാപികമാരും പരിപാടിക്ക് എത്തിയിരുന്നു.ആഷിക മുരളിമാഷെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.ഞാന്‍ മാഷെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
  .........പാഠം അവതരിപ്പിക്കുന്നതിനു മുന്നോടിയായി ടീച്ചര്‍ ബിഗ്‌ സ്ക്രീനില്‍ ക്രമീകരിച്ച വായനാ സാമഗ്രികളിലെ ചോദ്യങ്ങള്‍ കുട്ടികളോട് ചോദിച്ചുകൊണ്ടാണ് മാഷ്‌ തുടങ്ങിയത്.   
  ''പൂ പൊതിഞ്ഞു കൊടുത്ത വാഴയില തിന്നപ്പോള്‍ പശു ചത്തു പോവാന്‍ എന്താ കാരണം?''
    ''വാഴ കൃഷി ചെയ്യുമ്പോള്‍ കുരുടാന്‍ കീടനാശിനി(ഫ്യൂറടാന്‍  ) ധാരാളമായി ഉപയോഗിച്ചത് കൊണ്ട്''-കുട്ടികള്‍ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. 
     ''പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്‌ ആരോഗ്യത്തിനു മോശമാകുന്നതെങ്ങനെ?''
 ''എല്ലാറ്റിലും കീടനാശിനിയല്ലേ മാഷേ ''-ജനിഷയുടെ ഉത്തരം മാഷിനു ഇഷ്ടപ്പെട്ടു.
  ''ഏതൊക്കെ കീടനാശിനികളെക്കുറിച്ച് നിങ്ങള്‍ക്കറിയാം?''
   ''ഫ്യുറടാന്‍,എന്‍ഡോസള്‍ഫാന്‍....''

അറിയാവുന്ന പേരുകള്‍ അവര്‍ പെട്ടെന്ന് തന്നെ പറഞ്ഞു.ഉടനെ ഒരു ചോദ്യവും, 
  ''മറ്റു കീടനാശിനികള്‍ ഏതൊക്കെയാണ്?''
കുറെ കീടനാശിനികളുടെ  പേരുകള്‍ മാഷ്‌ പറഞ്ഞു കൊടുത്തു.കുട്ടികള്‍ അവ കുറിച്ചെടുത്തു.
 ''ഏറ്റവും മാരകമായ കീടനാശിനി ഏതാണ്‌?''
 ''ഏതെല്ലാം കൃഷിക്കാണ് എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നത്? ''
........തയ്യാറാക്കി വെച്ച ചോദ്യങ്ങള്‍ ഓരോന്നായി കുട്ടികള്‍ ചോദിക്കാന്‍ തുടങ്ങി.
 ''കാസര്‍ഗോട് ജില്ലയില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കാന്‍ എന്താണ് കാരണം?''
 ''ഹെലി കോപ്ടര്‍ വഴി കീടനാശിനി തെളിക്കുമ്പോള്‍ കൂടുതല്‍ കുഴപ്പം ഉണ്ടാകും എന്ന് പറയുന്നത് എന്തു കൊണ്ടാണ്?''
''മാഷ്‌ പദ്രേയിലും,ചീമേനിയിലും,പെരിയയിലും എല്ലാം പോയിട്ടുണ്ടോ? എന്തെല്ലാമാണ് അവിടെയുള്ള ആളുകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍?''
  ''എന്താണ് ഇതിനു പരിഹാരം ?''
  ''കീടനാശിനികള്‍ ഉപയോഗിക്കാതെ പിന്നെങ്ങനെ കൃഷി ചെയ്യും?''
 .......ഇങ്ങനെ പോയി കുട്ടികളുടെ സംശയങ്ങള്‍!ഓരോ ചോദ്യത്തിനും മാഷ്‌ അപ്പപ്പോള്‍ ഉത്തരവും നല്‍കി.കുട്ടികളും അധ്യാപികമാരും ഉപ ചോദ്യങ്ങളുമായി എഴുന്നേറ്റപ്പോള്‍ മാഷിനു കൂടുതല്‍ ആവേശം..
 .........ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത പ്രദേശങ്ങളിലെല്ലാം പോയ മാഷിന് പറയാന്‍ ഒട്ടേറെ ക്കാര്യങ്ങള്‍!ഇരകള്‍ അനുഭവിക്കുന്ന തീരാവേദന കളുടെയും,കഷ്ടപ്പാടുകളുടെയും കഥകള്‍ വിവരിച്ചപ്പോള്‍ മാഷുടെ വാക്കുകളിലെ രോഷവും സങ്കടവും കുട്ടികളുടെ മുഖത്തും പ്രതിഫലിച്ചു!  
''കീടനാശിനികള്‍ ഇന്ന് ജീവനാശിനികള്‍ ആയി മാറിയിരിക്കുന്നു. ചിലതിനെ മാരകം എന്ന് വിശേഷിപ്പിക്കാ മെങ്കിലും എല്ലാ രാസ കീടനാശിനികളും അപകടകാരികള്‍ തന്നെയാണ്. ഇവ ഉപയോഗിക്കുന്നതില്‍ നിന്നും നാം പിന്‍മാറിയെ പറ്റൂ.....ഒപ്പം ഉല്‍പ്പാദനം നിരോധിക്കും വരെ നിരന്തരമായി പോരാടുകയും വേണം.''മാഷ്‌ തറപ്പിച്ചു പറഞ്ഞു.
     .....ബദലുകളായ  ജൈവ കീടനാശിനികള്‍,എതിര്‍ പ്രാണികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദീകരണവും കുട്ടികള്‍ ശ്രദ്ധയോടെ കേട്ടു.
                     ........യാതൊരുവിധ നിയന്ത്രണങ്ങളും പാലിക്കാതെ,തികച്ചും അശാസ്ത്രീയമായ രീതിയില്‍ വര്‍ഷങ്ങളായി തുടര്‍ന്ന കശുമാവിന്‍ തോട്ടങ്ങളിലെ ഹെലി കോപ്ടര്‍ വഴിയുള്ള കീടനാശിനി പ്രയോഗമാണ് കാസര്‍ഗോഡ് ജില്ലയിലെ ദുരന്തത്തിനു കാരണമെന്നും മാഷ്‌ വ്യക്തമാക്കി.
      ...''കടകളില്‍ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ അടങ്ങിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാല്‍ നമുക്കാവശ്യമായ പച്ചക്കറികള്‍ കഴിയാവുന്നത്ര നാം തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കണം.ഇക്കാര്യം സമൂഹത്തെ ബോധ്യപെടുത്താന്‍ കുഞ്ഞുങ്ങളായ നിങ്ങള്‍ വേണം മുന്നിട്ടിറങ്ങാന്‍ .''ഇത്രയും പറഞ്ഞ് മാഷ്‌ നിര്‍ത്തി.
       ...പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേട്ട കുട്ടികള്‍  ഏതായാലും ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചു.കടകളില്‍ നിരത്തി വെച്ചിരിക്കുന്ന തുടുത്ത പഴങ്ങള്‍ കണ്ടാല്‍ ഇനി വേണമെന്ന് വാശി പിടിക്കില്ല.എന്തെങ്കിലും പച്ചക്കറി കടപ്പുറത്തെ മണ്ണില്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്നും നോക്കണം!
      .....അഭിമുഖത്തില്‍നിന്നും ലഭിച്ച വിവരങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി.'കീടനാശിനിയോ?..ജീവനാശിനിയോ?  'അഭിപ്രായ ക്കുറിപ്പ്‌  തയ്യാറാക്കുമ്പോഴും, കീടനാശിനി പ്രയോഗത്തിനെതിരായ പോസ്റ്ററുകളും, മുദ്രാവാക്യങ്ങളും തയ്യാറാക്കുമ്പോഴും കുട്ടികളുടെ മനസ്സില്‍ മുഴങ്ങിയത് മുരളി മാഷുടെ വാക്കുകള്‍ തന്നെയായിരുന്നു,''ഇത് കീടനാശിനിയല്ല..ജീവനാശിനി തന്നെയാണ്!''

തിങ്കളാഴ്‌ച, ഫെബ്രുവരി 07, 2011

ഞങ്ങളുടെ മനസ്സ് ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം...ഞങ്ങളോട് പൊറുക്കേണമേ!

 ഈ കുഞ്ഞുങ്ങളെ നോക്കൂ..എന്തൊരു സന്തോഷമാണ് ഇവരുടെ  മുഖത്ത്!
           ക്ലാസ്സില്‍ വെറുതെ ഇരിക്കുമ്പോഴും,പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും,കൂട്ടുകാരോടൊത്ത് കളിക്കുമ്പോഴും എല്ലാം സന്തോഷം തന്നെ!
         സ്കൂള്‍ അന്തരീക്ഷം അത്ര മാത്രം ഇവര്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞു.....
      പഠിപ്പിക്കാന്‍ ടീച്ചര്‍ ഇല്ലാത്തതിനാല്‍ നാളെ മുതല്‍ സ്കൂളില്‍ വരേണ്ട എന്ന് ഞാന്‍ എങ്ങനെ ഇവരോട് പറയും?
         ഇല്ല,അതിനു കഴിയില്ല...അധികൃതരുടെ ദീര്‍ഘ വീക്ഷണ മില്ലായ്മ    കാരണം ഇവരുടെ സന്തോഷംമായരുത്.......         ക്ലാസ്സ് മുറിക്കു  പുറത്തുള്ള പഠനപ്രവര്‍ത്തനങ്ങളും ഇവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു!കിണറില്‍ നിന്നും തൊട്ടടുത്ത മരത്തിലേക്കുള്ള ദൂരം എത്രയുണ്ട് എന്ന് കണ്ടെത്തുകയാണ് ഈ കുഞ്ഞുങ്ങള്‍...സഹായിയായി ടീച്ചര്‍ ഉണ്ടെങ്കില്‍,ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി....ഏതു പ്രവര്‍ത്തനവും ഇവര്‍ ഏറ്റെടുത്തോളും!     
         നാളെ മുതല്‍ ടീച്ചര്‍ ഇല്ലെങ്കിലോ?
        പഠനവും,പ്രവര്‍ത്തനവും വേണ്ടെന്നു വെക്കണോ?
         ഏതായാലും അതിനു ഞങ്ങളില്ല!
         ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പഠിച്ചേ പറ്റൂ!!  ...ഇതാ,ക്ലാസ്സ് മുറിക്കകത്ത് മറ്റൊരു ഗണിത       
           പ്രവര്‍ത്തനം!അടുത്ത കൂട്ടം എങ്ങനെ            
           വേണമെന്ന്     സംഘമായി ആലോചിച്ചു    
            കണ്ടെത്തുകയാണ് കൊച്ചു കൂട്ടുകാര്‍!
           അറിയാതെ..അറിയാതെ ത്രികോണ    
             സംഖ്യകളെക്കുറിചു പോലും അവര്‍ ആശയ    
            രൂപീകരണം നടത്തുന്നു!
                                ഇവിടെയും വേണമല്ലോ 
                                സഹായിയായി ഒരു ടീച്ചര്‍...
                ആ ടീച്ചറെ മറ്റു ജോലിക്ക്
                പറഞ്ഞയചാലോ!   


                                 നോക്കാം , മറ്റു മാര്‍ഗം   അന്വേഷിക്കാതെ പറ്റില്ലല്ലോ!      .
       
        ........ഈ ഭാഷാ പ്രവര്‍ത്തനം നടക്കണമെങ്കിലും   ടീച്ചരുടെ  കൃത്യമായ ഇടപെടല്‍ കൂടിയെ തീരൂ...എഴുതിയ കുറിപ്പുകള്‍ ഗ്രൂപ്പില്‍ പങ്കു വെച്ച് വിലയിരുത്തുക യാണിവര്‍.മെച്ചപ്പെടലിനു ടീച്ചരുറെ സഹായം അവശ്യം 
 ആവശ്യം!


  

 പരിസര പഠനത്തില്‍ പരീക്ഷണ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണിവര്‍..സാധനങ്ങളൊക്കെ റെഡി!ഒരു നിര്‍ദേശം മാത്രം മതി ..
   പക്ഷെ,മാഷെ  സ്കൂളിലേക്ക് വിടാതെ മറ്റെവിടെയെങ്കിലും വിട്ടാല്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശം ആര് നല്‍കും?
      ആരും ഇല്ലാതെ പറ്റില്ലല്ലോ.....നോക്കാം....


....ഇവരുടെ ചിരി മായാതിരിക്കാന്‍,ഉത്സാഹം   
                 നഷ്ടപ്പെടാതിരിക്കാന്‍,പഠിക്കാനുള്ള ഇവരുടെ അവകാശത്തെ  
                 അംഗീകരിക്കാന്‍ ഞങ്ങള്‍ ,അധ്യാപകരും രക്ഷിതാക്കളും ചില 
                 തീരുമാനങ്ങള്‍ എടുത്തു.
                      * സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട മൂന്നു      
                         അധ്യാപികമാരും ഒരേ ദിവസം ലീവ്           
                         എടുക്കരുത്.ദിവസവും ഒരാള്‍ സ്കൂളില്‍ ഉണ്ടാവണം.
                      * ഡ്യൂട്ടിക്ക് പോകുന്ന രണ്ടു അധ്യാപികമാരുടെ ക്ലാസ്സുകള്‍    
                         കൈകാര്യം ചെയ്യാന്‍ എസ്.എസ്‌.ജി,അംഗങ്ങളുടെ സേവനം ഉറപ്പു  വരുത്തണം.ഇവര്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അധ്യാപികമാര്‍എഴുതി നല്‍കണം.
        *ഫലത്തില്‍ ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ നാല് ടീച്ചര്‍മാര്‍ പതിവുപോലെ സ്കൂളില്‍ ഉണ്ടാവും..പഠന    
          പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ നടക്കും!              
                    *ഒരു വിദ്യാലയത്തിലെ നാലില്‍ മൂന്ന് അധ്യാപികമാരെയും സെന്‍സസ് ജോലിക്ക് നിയമിച്ച് ഉത്തരവ്  
                      നല്‍കിയ അധികൃതരുടെ നടപടിക്കെതിരെ ഇങ്ങനെ പ്രതികരിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ!   
                       കാരണം,ഞങ്ങളുടെ മനസ്സ് കുട്ടികള്‍ക്കൊപ്പമാണ്.....  'ഗുണ മേന്മയുള്ള വിദ്യാഭ്യാസം  കുട്ടികളുടെ   
                        അവകാശം' എന്ന മുദ്രാവാക്യം ഞങ്ങള്‍ കുറെ വിളിച്ചതാണല്ലോ...അതിന്റെ അന്തസ്സത്ത നശിപ്പിക്കാന്‍ 
                       എന്തായാലും ഞങ്ങളില്ല...ഞങ്ങളോട് പൊറുക്കേണമേ!
                                         


                                                                                                       
    * ഗുണ മേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ! 
                                                                                                     
        
                 * പൊതു  വിദ്യാലയങ്ങള്‍ നില നിര്‍ത്തുക!! 

                                                                                                      
                                 * പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക!!!