വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

'പൂവിളി'(കവിത)

കവിത 
                           'പൂവിളി'
    ''ഓണനാള്‍ വന്നിങ്ങടുത്തെത്തി
    ഓണപ്പൂക്കളം  തീര്‍ക്കണ്ടേ?''
    ഓര്‍ക്കാപ്പുറത്തമ്മ  ചൊന്നനേരം
    ഓമനപ്പെണ്‍കിടാവമ്പരന്നു
                   'പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണ്ടേ?
                    പൂക്കളിറുക്കുവാനെങ്ങു  പോകും?'
                    പെണ്‍കിടാവിങ്ങനെ സംശയിക്കേ,
                    പിന്നിലായ് കേട്ടു പതിഞ്ഞ ശബ്ദം
    ''പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണം
    പൂക്കള്‍ പറിക്കുവാനൊത്തു പോണം
    പൂക്കൂടയില്ലാതെ പൂവിളിയില്ലാതെ
    പൂക്കളം തീര്‍ക്കുവാന്‍ പൂ പോരുമോ?''
                  വായില്‍ മുറുക്കാന്‍ ചവച്ചുകൊണ്ട്
                  വാതില്‍പ്പടിയും കടന്നുവന്ന്
                  മുത്തശ്ശി മെല്ലെ മൊഴിഞ്ഞിടവേ
                  പെണ്ണിന്റെ സംശയം വേറെയായി
        ''പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ പോരേ?
         പൂക്കൂട പൂവിളി എന്തിനാണ്? 
        'പൂക്കൂട'യെന്താണ്?'പൂവിളി'യെന്താണ്?        പൂക്കളം തീര്‍ക്കാനിതെന്തിനാണ്?''
                  പെണ്ണിന്റെ സംശയം കേട്ടപാടെ
                  പൊട്ടിച്ചിരിച്ചുപോയ്‌ മുത്തശ്ശിയും
                  'പൂക്കൂട ,പൂവിളി എന്തെന്നറിയാത്ത
                  പൊട്ടിയോടെന്തു   ഞാന്‍ ചൊല്ലിടേണ്ടൂ!'
         മുത്തശ്ശി യിങ്ങനെ സംശയിക്കേ
         ഉച്ചത്തിലാരോ വിളിച്ചു ചൊല്ലി
        ''പൂക്കള്‍ വേണോ, നല്ല പൂക്കള്‍ വേണോ?
         പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണോ?''
                    പൂക്കൂട തലയില്‍ ചുമന്നു കൊണ്ട്
                    പൂക്കാരിപ്പെണ്ണ്  വിളിച്ചു ചൊല്ലി
                   ''പൂക്കള്‍ വേണോ നല്ല പൂക്കള്‍ വേണോ
                    പുതു പുത്തന്‍ 'തോവാളപ്പൂക്കള്‍'വേണോ?''                          
        ''പൂക്കൂട കണ്ടല്ലോ,പൂവിളി കേട്ടല്ലോ!''
         പെണ്‍കിടാവാര്‍ത്തു  ചിരിച്ചിടുന്നു!
         'പുതുലോകപ്പൂക്കൂട,പുതുലോകപ്പൂവിളി'
         മുത്തശ്ശി യന്തിച്ചു നിന്നിടുന്നു!!
                                                   
                                                         (നാരായണന്‍ മാഷ്‌ ഒയോളം)