......കടയില്‍ നിന്ന് മടങ്ങുമ്പോള്‍ കിട്ടുമ്മാവാന്‍ നീനയുടെ കയ്യില്‍ ഒരു പൊതി കൊടുത്തിട്ട് പറഞ്ഞു,"എല്ലാരും കൂടി എടുത്തോളൂ."വഴിയില്‍ വെച്ച് അവര്‍ പൊതി തുറന്നു നോക്കി,"ഹായ്!കടലപ്പൊരി!"നീന ഓരോരുത്തര്‍ക്കായി കൊടുക്കാന്‍ തുടങ്ങി.''ഉണ്ണിക്കു കൂടുതല്‍ കിട്ടി,എനിക്ക് കുറച്ചേ ഉള്ളൂ!''അഖില്‍ പിണങ്ങി.
"തുല്യമായി വീതിക്കാന്‍ എന്താ ഒരു വഴി?''നീന ചോദിച്ചു.
"കളിത്രാസ് ഉപയോഗിച്ച് വീതിചാലോ?"അന്‍സാരിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.
...........കളിത്രാസുപയോഗിച്ച് എങ്ങനെയായിരിക്കും
കടലപ്പൊരി നാല് പേര്‍ക്കായി വീതിച്ചിട്ടുന്ടാവുക?
-രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ പുസ്തകത്തിലുള്ള ഈ പ്രശ്നം ഞാന്‍ അവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.തൂക്കക്കട്ടി ഇല്ലാതെയാണ് നീനയും കൂട്ടുകാരും വീതിച്ചത് എന്ന കാര്യവും കുട്ടികളോട് സൂചിപ്പിച്ചു.
ഓരോരുത്തരും വ്യക്തിഗതമായി പല ഉത്തരങ്ങളും
പറഞ്ഞു.കുറെയേറെ കുട്ടികളുടെ ഉത്തരങ്ങള്‍ ശരിയായിരുന്നു.ശരിയുത്തരത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി.അപ്പോഴും ഒന്ന് രണ്ടു പേര്‍ക്ക് സംശയം ബാക്കി.
"കളിത്രാസ് ഉണ്ടെങ്കില്‍ ശരിക്കും കാണിച്ചു കൊടുക്കാമായിരുന്നു"ശാലു പറഞ്ഞത് മറ്റുള്ളവരും ശരി വെച്ചു.
''എങ്കില്‍ നാളെ വരുമ്പോള്‍ എല്ലാവരും കളിത്രാസ് ഉണ്ടാക്കിക്കൊണ്ടു വരൂ."ഞാന്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ കുട്ടികള്‍ക്ക് വളരെ സന്തോഷം.
"ഒരു കാര്യം കൂടി ചെയ്യണം,നിങ്ങളുടെ ത്രാസ് ഉപയോഗിച്ച് കടലപ്പൊരി വീതിക്കുന്ന വിധം വീട്ടിലെല്ലാവര്‍ക്കും കാണിച്ചു കൊടുക്കണം.വീതിച്ച രീതി പ്രവര്‍ത്തന പുസ്തകത്തില്‍ എഴുതാന്‍ മറക്കരുത്."
..........അടുത്ത ദിവസം കളിത്രാസുമായാണ് എല്ലാവരും സ്കൂളില്‍ എത്തിയത്.ത്രാസ് നിര്‍മിച്ചതിനെക്കുറിച്ചും,ചേച്ചി സഹായിച്ചതിനെപ്പറ്റിയും,പുളിങ്കുരു വീതിച്ചതിനെക്കുറിച്ചും എല്ലാം അവര്‍ക്കു പറയാന്‍ ഉണ്ടായിരുന്നു.
"കടലപ്പൊരി നാല് പേര്‍ക്ക് തുല്യമായി വീതിക്കുന്ന കാര്യം വരുണിനും മനസ്സിലായി മാഷേ!'' ശാലു പറയുമ്പോള്‍ വരുണിന്റെ മുഖത്തു അഭിമാനം!
''എങ്കില്‍ ഇന്ന് മറ്റൊരു ചോദ്യം ചോദിക്കാം.നിങ്ങള്‍ കളിത്രാസ് ഉപയോഗിച്ച് കണ്ടെത്തണം''പുസ്തകത്തിലെ
അടുത്ത പ്രശ്നം ഞാന്‍ ബോര്‍ഡില്‍ എഴുതി.
-ഏതിനാണ് ഭാരം കൂടുതല്‍?
* ഒരു പിടി മണല്‍-ഒരു പിടി മഞ്ചാടി
*ഒരു സ്പൂണ്‍ ഉപ്പ്-ഒരു സ്പൂണ്‍ പഞ്ചസാര
*ഒരു കയില്‍ അരി-ഒരു കയില്‍ പയര്‍ ...''.ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ?''ക്ലാസ്സിലെ പിന്നാക്കക്കാരനായ വരുണിനോട് ഞാന്‍ ചോദിച്ചു.
അവന്‍ പെട്ടെന്ന് തന്നെ ഉത്തരവും പറഞ്ഞു.
''മഞ്ചാടി ക്ലാസ്സില്‍ത്തന്നെയുണ്ട്.മണല്‍ പുറത്തും''-പ്രത്യുഷ് പറഞ്ഞു,''
''ശോഭമ്മയോടു ചോദിച്ചാല്‍ ബാക്കിയുള്ളതും കിട്ടും.''അര്‍ഷ കൂട്ടിചേര്‍ത്തു.
''കഞ്ഞിപ്പുരയില്‍ എല്ലാം ഉള്ളത് ഭാഗ്യം തന്നെ,നമ്മക്ക് പരീക്ഷണം ചെയ്യാലോ!''ശരത്തിന്റെ വക..
........അല്‍പ്പ സമയത്തിനുള്ളില്‍ എല്ലാ സാധനങ്ങളും ക്ലാസ്സിലെത്തി. കുട്ടികളെ ഞാന്‍ മൂന്ന് ഗ്രൂപ്പുകളാക്കി.ഓരോഗ്രൂപ്പും ഓരോ ജോടി സാധനങ്ങളില്‍
ഭാരം കൂടിയത് ഏതാണെന്ന് കണ്ടെത്തി .ആദ്യം ഊഹിച്ചു പറയാനും ശ്രമിച്ചു.
-അരിക്കായിരിക്കും പയറിനെക്കാള്‍ ഭാരം കൂടുതല്‍ എന്നാണു ചിലര്‍ ഊഹിച്ചിരുന്നത്.തൂക്കി നോക്കിയപ്പോള്‍ അവര്‍ക്കു തെറ്റി!ഊഹം ശരിയായവര്‍ക്ക് വലിയ ഗമ!!
....എല്ലാ കുട്ടികളും വളരെ താല്‍പ്പര്യത്തോടെയാണ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.കാരണം വ്യക്തമാണല്ലോ,അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു കളിയാണ്!ഇഷ്ടപ്പെട്ട കളിയില്‍ ഏര്‍പ്പെടാന്‍ ഏതു കുട്ടിയാണ് താല്‍പ്പര്യം കാണിക്കാത്തത്?
..പക്ഷെ,കളിയിലൂടെ അവര്‍ കണ്ടെത്തിയതോ!വലിയൊരു കാര്യവും.
ഇതു തന്നെയല്ലേ പുതിയ പഠന രീതിയുടെ സവിശേഷത?
ഇങ്ങനെ തന്നെയല്ലേ കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത്?
-കണ്ടും,കേട്ടും,
അനുഭവിച്ചും,നിരീക്ഷിച്ചും,പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടും,കളിച്ചും,ചിരിച്ചും പഠിക്കാന്‍ അവസരം ലഭിച്ച നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര ഭാഗ്യവതികള്‍!
പൊതു വിദ്യാലയങ്ങളില്‍ മാത്രം കാണുന്ന ഈ കാഴ്ച എന്നാണാവോ എല്ലാ വിദ്യാലയങ്ങളിലും കാണാന്‍ കഴിയുക?
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍