ഞായറാഴ്‌ച, ജനുവരി 23, 2011

ഇനി ഈ കുഞ്ഞുങ്ങള്‍ എന്തുചെയ്യണം?

                      ടീം ടീച്ചിങ്ങിന്റെ സാധ്യതകളെ ക്കുറിച്ചും,അധികസമയ പഠനത്തെ ക്കുറിച്ചും, കഴിഞ്ഞ  പോസ്റ്റില്‍ എഴുതിയത്  വെറുതെ ആയെന്ന് ഇപ്പോള്‍ തോന്നുന്നു......ഇക്കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളില്‍ നാലു ക്ലാസ്സുകളിലെ കുട്ടികളെ പരിപാലിക്കാന്‍ ഞാന്‍ മാത്രമേ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ!അതുകൊണ്ടുതന്നെ ഉച്ചയൂണും,കാച്ചിയ പാലും നല്‍കി രണ്ടു മണിക്ക് തന്നെ കുഞ്ഞുങ്ങളെ വീട്ടിലേക്കു പറഞ്ഞു വിട്ടു.......
           -എ.ഇ.ഒ ആപ്പിസിലേക്ക്‌ പോകുന്നതിനായി ഞാന്‍ ഓട്ടോ റിക്ഷയില്‍ കയറിയപ്പോള്‍ ഡ്രൈവറുടെ ചോദ്യം 
  ''എന്താ മാഷേ,എല്ലാ സ്കൂളും ഇന്ന് നേരത്തെ    വിട്ടല്ലോ,എന്താ വിശേഷം?''   
''സെന്‍സസ് ഡ്യൂട്ടിക്ക് നിയമിച്ച അധ്യാപകരെല്ലാം ക്ലാസ്സിനു പോയിരിക്കുകയാ.അതുകൊണ്ടു പഠിപ്പിക്കാന്‍ ആളില്ല.അതാ നേരത്തെ വിട്ടത്.''
          ഉള്ള കാര്യം ഞാന്‍ തുറന്നു പറഞ്ഞു.
''മാഷംമാരെല്ലാം വേറെ പണിക്കു പോയാ ,കുട്ട്യോളെങ്ങന്യാ പഠിക്ക്വാ?'' 
      എന്തു മറുപടി പറയും എന്നാലോചിച്ചുകൊണ്ടിരിക്കെ വന്നു,അടുത്ത ചോദ്യം,
    ''ആരും ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പോകണ്ടാ ന്നും പറഞ്ഞു മാഷും ടീച്ചറും വീട്ടില്‍ വന്നിട്ടല്ലേ എല്ലാരും കുട്ടികളെ ഇങ്ങോട്ടയച്ചത്‌.എന്നിട്ടിപ്പം ഇങ്ങനെയായാല്‍ എന്താ ചെയ്യാ?''
''അതിനു ഞങ്ങളോട് പറഞ്ഞിട്ടെന്താ കാര്യം?സെന്‍സസിന് പോണം എന്നു പറഞ്ഞാല്‍ പോകാതിരിക്കാന്‍ പറ്റുമോ?''
     '' നിങ്ങളെ  ഈ പണിക്കെല്ലാം പറഞ്ഞയക്കുന്നവരുടെ മക്കളൊക്കെ മറ്റേ സ്കൂളിലായിരിക്കും മാഷേ പഠിക്കുന്നത്!.....അല്ലെങ്കില് സ്കൂള്‍ അടച്ച ശേഷം വെക്കേഷനില് എതു ത്താപ്പോരെ ഈ കണക്കെല്ലാം...ഇങ്ങനെയായാല്‍  നമ്മുടെ മക്കളുടെ കാര്യം പോക്കന്നെ ...'' അയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.എല്ലാം മൂളി ക്കേള്‍ക്കുക യല്ലാതെ എനിക്ക് മറ്റൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല.             ........എന്റെ സ്കൂളില്‍ ഞാന്‍ ഉള്‍പ്പെടെ നാലു ടീച്ചര്‍മാരാനുള്ളത്.അതില്‍ മൂന്നു പേര്‍ക്കും ഡ്യൂട്ടി നല്‍കിയിരിക്കുന്നു!മൂന്നു ദിവസത്തെ പരിശീലനം കഴിഞ്ഞു.ഫെബ്രുവരിഅഞ്ചു മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് സെന്‍സസ്.കണക്കെടുപ്പിനായി 12 ദിവസത്തെ ഡ്യൂട്ടി ലീവ്!(ഇക്കാലയളവില്‍ ആകെ 18 പ്രവൃത്തി ദിവസങ്ങളെ യുള്ളൂ.)  ഈ ദിവസങ്ങളില്‍ ഞാന്‍ എന്തു ചെയ്യണം?ഞങ്ങളുടെ കുഞ്ഞുങ്ങള്‍എന്തു ചെയ്യും?രക്ഷിതാക്കളോടു  എന്തു സമാധാനം പറയും?
                   ..ഉപജില്ലാ വിദ്യാഭ്യാസ ഒഫിസരോടു കാര്യം സൂചിപ്പിച്ചു..അദ്ദേഹവും നിസ്സഹായന്‍!
                   അധ്യാപക സംഘടനാ നേതാക്കളോട് കാര്യം പറഞ്ഞു..''ജില്ലാകമ്മറ്റി കൂടി പ്രസ്താവന കൊടുത്തിട്ടുണ്ട്.''അവരുടെ ജോലി അവരും ചെയ്തു!
      പഞ്ചായത്തുകാരോടും,എസ്‌.എസ്.എ  അധികൃതരോടും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചോദിച്ചു നോക്കി...രക്ഷയില്ലത്രേ!
       ....മക്കളുടെ കാര്യമല്ലേ,രക്ഷിതാക്കള്‍തന്നെ വന്നു പഠിപ്പിക്കട്ടെ!അല്ലെങ്കില്‍ ആളുകളെ അവര്‍ കണ്ടെത്തട്ടെ!!
       ...........എന്തെല്ലാം സ്വപ്നങ്ങളായിരുന്നു!29 നു ക്ലസ്റ്റര്‍,മികവുകള്‍ പങ്കുവെക്കുന്നതിനെക്കുരിച്ചു ചര്‍ച്ച,  
സ്കൂളില്‍ മികവു പ്രദര്‍ശനം,തുടര്‍ന്നു പഞ്ചായത്ത് തല മികവ്,ഇതിനിടയില്‍ എല്‍.എസ്.എസ്.പരീക്ഷ!അതിനുള്ള പരിശീലനം,പിന്നാക്കക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം,സ്കൂള്‍ വാര്ഷികാഘോഷത്തിനുള്ള  തയ്യാറെടുപ്പ്.............
          .......സ്വപ്‌നങ്ങള്‍ യാഥാര്‍ ത്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇതുവരെ ചെയ്തതിനൊക്കെ എന്തു ഫലം! അതിനുള്ള വഴി വേറെ നോക്കാം...
 .....എന്നാലും,'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി'അംഗീകരിക്കുന്ന അധികാരികള്‍ ഇതൊന്നും കാണാത്തത് കഷ്ടം തന്നെ!!!??/
               -ആര്‍ക്കെങ്കിലും പറയാമോ?
  

                                             ഇനി ഈ കുഞ്ഞുങ്ങള്‍ എന്തു ചെയ്യണം?