ശനിയാഴ്‌ച, മാർച്ച് 19, 2011

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍ മികവുത്സവം 2010 -11


ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം..വാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍ കിട്ടിക്കഴിഞ്ഞു..അധ്യാപികമാര്‍ ഒരു മാസക്കാലം സെന്‍സസ് ഡ്യുട്ടിയിലായിരുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീരാന്‍ ബാക്കിയുണ്ട്.. സ്കൂള്‍ വാര്‍ഷികാഘോഷം മാര്‍ച്ച് 26 നു നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്..അതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.. അതിനിടയിലാണ് സെന്‍സസ് കാരണം മാറ്റിവെച്ച പഞ്ചായത്ത് തല മികവുത്സവം മാര്‍ച്ച് 17 നു നടത്താന്‍ പി.ഇ.സി യോഗത്തില്‍ തീരുമാനമായത്.പങ്കെടുക്കേണ്ട എന്ന് ആദ്യം വിചാരിച്ചുവെങ്കിലും അതിനു മനസ്സ് അനുവദിച്ചില്ല..ഒരു വര്‍ഷക്കാലം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നടന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പങ്കു വെക്കുന്ന വേദിയില്‍ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ..ഓരോ വിദ്യാലയത്തില്‍ നിന്നും മികച്ച ഒരു പ്രവര്‍ത്തനത്തിന്റെ അവതരണം,അതുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രകടനം,ക്ലാസ്സ് റൂംഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം,പാനല്‍ പ്രദര്‍ശനം ഇവയായിരുന്നു മികവുത്സവത്തിലെ അജണ്ട.സ്കൂളിനു പ്രവൃത്തി ദിവസമായതിനാല്‍ പകുതി അധ്യാപികമാരും,പ്രധാനാധ്യാപകനും പങ്കെടുത്താല്‍ മതിയെന്നും തീരുമാനിച്ചിരുന്നു.കൂടാതെ പരിപാടി അവതരിപ്പിക്കാനായി തെരഞ്ഞെടുത്ത കുട്ടികളും,അഞ്ചു രക്ഷിതാക്കളും പങ്കെടുക്കണം.....ഞങ്ങള്‍ എസ.ആര്‍.ജി.യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.ക്ലാസ്സ് പി.ടി.എ.യോഗങ്ങളുടെ സംഘാടനം,ബിഗ്‌ പിക്ച്ചറിന്റെ സാധ്യതകള്‍,നിരന്തര മൂല്യനിര്‍ണയം -ഇവയുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളും,അതുവഴി കുട്ടികള്‍ കൈവരിച്ച പഠന നേട്ടങ്ങളും പവര്‍ പോയിന്റു വഴി അവതരിപ്പിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ മുമ്പ് അവതരിപ്പിച്ച നാടകവും കൊണ്ടുപോകാന്‍ ധാരണയായി.പാനലുകള്‍ തയ്യാറാക്കാനായി ഈ വര്‍ഷം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ പി.ഇ.സി.ചുമതലയുള്ള ട്രെയിനര്‍ക്ക് കൈമാറുകയും ചെയ്തു.മദര്‍ പി.ടി.എ.യോഗം വിളിച്ചു ചേര്‍ത്തത് അമ്മമാരുടെ പങ്കാളിത്തവും ഉറപ്പിച്ചു.അഞ്ചിന് പകരം ഏഴു അമ്മമാര്‍ പങ്കെടുക്കാന്‍ തയ്യാറായി മുമ്പോട്ട്‌ വന്നത് ക്ലാസ്സ് പി.ടി.എ.സജീവാമായതിന്റെ ഫലം തന്നെയായിരുന്നു!
                               17 നു  രാവിലെ തന്നെ ഞങ്ങള്‍ കോട്ടിക്കുളം ഗവ.യു.പി.സ്കൂളിലെത്തി.അവിടെയാണ് ഉദുമ പഞ്ചായത്തുതല മികവുത്സവം നടക്കുന്നത്.സ്കൂളില്‍ നിന്ന് കുട്ടികളെയും കൂട്ടി കൃത്യ സമയത്ത് തന്നെ അമ്മമാരും എത്തി.പ്രദര്‍ശനത്തിനു നിശ്ചയിച്ച സ്ഥലത്തു ഞങ്ങള്‍ കൊണ്ടുപോയ ഉല്‍പ്പന്നങ്ങള്‍ നിരത്തിവെച്ചു.സംസ്ഥാന-ജില്ലാ തലങ്ങളില്‍ തയ്യാറാക്കിയ പാനലുകളില്‍ ഞങ്ങളുടെ സ്കൂളിലെ ചില ഇനങ്ങള്‍  ഉള്‍പ്പെടുത്തിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി.പി.ഇ.സി.തയാറാക്കിയ പാനലുകളില്‍ ഒന്ന് ഞങ്ങളുടെ ക്ലാസ്സ് പി.ടി.എ,ബിഗ്‌ പിക്ചര്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു!
                    പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി..12 വിദ്യാലയങ്ങളില്‍ നിന്നായി കുട്ടികളും,അധ്യാപകരും,രക്ഷിതാക്കളും ഉള്‍പ്പെടെ 220 പേര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു....സ്ഥലപരിമിതി ഒരു പ്രശ്നമായിത്തോന്നി...ബി.പി.ഒ. നാരായണന്‍ മാസ്റര്‍ മികവുത്സവം ഉല്‍ഘാടനം ചെയ്തു.എല്ലാ വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകരുടെ അവതരണവും,കുട്ടികളുടെ പ്രകടനങ്ങളും ഉണ്ടായിരുന്നു.ചിലര്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ചുരുക്കി എഴുതി അവതരിപ്പിക്കുകയായിരുന്നു.മറ്റു ചിലര്‍ സവിശേഷ പ്രവര്‍ത്തനങ്ങള്‍ സി.ഡി.യിലാക്കിയും പവര്‍ പോയിന്റായും അവതരിപ്പിച്ചു..കുട്ടികളുടെ പ്രകടനങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു......നാടകം,സ്കിറ്റ്,നാടന്‍പാട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഉണ്ടായിരുന്നു.ഓരോ വിദ്യാലയത്തിന്റെയും അവതരണത്തിനു ശേഷം അദ്ധ്യാപകരുമായും,കുട്ടികളുമായും ആശയ വിനിമയം നടത്തി മികവനുഭവം വ്യക്തമാക്കാന്‍ മോഡരേട്ടര്‍  പ്രത്യേകം ശ്രദ്ധിച്ചു.
                പരിപാടി തീരുമ്പോഴേക്കും വൈകുന്നേരം നാലര മണിയായി..തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാവരും ഉണ്ടായിരുന്നെങ്കില്‍ മികവു പങ്കു വെക്കല്‍ ഉദ്ദേശിച്ച ലക്‌ഷ്യം കൈവരിക്കുമായിരുന്നുവെന്നു തോന്നി.തങ്ങളുടെ അവതരണം തീര്‍ന്നാല്‍ മറ്റുള്ളവരുടെ അവതരണങ്ങള്‍ കാണണം എന്ന വാശി എന്തുകൊണ്ടോ കുറേ പേരിലെങ്കിലും കണ്ടില്ല!ഏതായാലും ഞങ്ങള്‍ അവസാനം വരെയും ഇരുന്നു...അതു കൊണ്ടു തന്നെ  ഒരു കാര്യം കൂടുതല്‍  വ്യക്തമായി...പൊതു വിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍ത്തന്നെയാണ്! ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം......എങ്കിലും ഈ യാഥാര്‍ത്യത്തെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. വ്യക്തവും,കൃത്യവുമായ പരിപാടികളും ,ചിട്ടയായ മോണിട്ട റിങ്ങും,ഇച്ഛാശക്തിയുള്ള ഭരണ സംവിധാനവും ഉണ്ടെങ്കില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ലോകത്ത്നു തന്നെ മാതൃകയായി മാറും ...മികവില്‍ നിന്ന് സുസ്ഥിത മികവിലേക്ക് ! അതാകട്ടെ ഇനി നമ്മുടെ ലക്‌ഷ്യം...