ഞായറാഴ്‌ച, ഏപ്രിൽ 03, 2011

ഒരു അധ്യയനവര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ .....കടലിന്‍റെ മക്കള്‍ മികവിന്‍റെ വഴിയിലൂടെ മുന്നോട്ട്..

ഒരു അധ്യയനവര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ ഞങ്ങള്‍ സംതൃപ്തരാണ്.'കടലിന്‍റെ മക്കളും മികവിന്‍റെ പാതയില്‍' എന്ന  മുദ്രാവാക്യവുമായി  വിദ്യാലയത്തില്‍ നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികള്‍  ഫലപ്രാപ്തിയില്‍  എത്തിത്തുടങ്ങിയിരിക്കുന്നു എന്നതില്‍  ഏറെ സന്തോഷവും,അഭിമാനവും ഉണ്ട്.പഞ്ചായത്തിലെയും ,ഉപജില്ലയിലെയും മറ്റു വിദ്യാലയങ്ങല്‍ക്കൊപ്പം പഠന പ്രവര്‍ത്തനങ്ങളിലും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും മികവു തെളിയിക്കാന്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും സാധിച്ച ഒരു വര്‍ഷമാണ്‌ കടന്നു പോയത്..


      വിദ്യാലയ മികവ് രക്ഷിതാക്കളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ തുടക്കം  മുതലേ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു..രണ്ടു മാസത്തില്‍ ഒരിക്കല്‍ നടത്തിയ ചിട്ടയായ ക്ലാസ്സ് പി.ടി.എ യോഗങ്ങള്‍,രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണ പരിപാടികള്‍,വിദ്യാലയ വികസന സമിതിയുടെ പുന:സംഘാടനം- എല്ലാം അതിന്റെ ഭാഗം തന്നെയായിരുന്നു. അധ്യയന വര്‍ഷാവസാനം വാര്‍ഷികാഘോഷം നടത്താനും,മുഴുവന്‍ കുട്ടികളുടെയും പ്രകടനങ്ങള്‍ പൊതു വേദിയില്‍ അവതരിപ്പിക്കാനും അന്നേ ഞങ്ങള്‍ തീരുമാനിച്ചതാണ്.. അങ്ങനെ, മാര്‍ച്ച് 26 നു ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നിന്ന എഴുപത്തി രണ്ടാം വാര്‍ഷികാഘോഷം  വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു അധ്യായമായി മാറി. കുട്ടികളുടെ പരിപാടികള്‍ കാണാന്‍ ബേക്കല്‍ കടപ്പുറത്തെ ജനങ്ങള്‍ ഒന്നടങ്കം സ്കൂളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
 
   സ്കൂള്‍ മുറ്റത്തു നിന്നും ആരംഭിച്ച വിളംബര ജാഥയ്ക്ക് കൊഴുപ്പേകാന്‍ ചെണ്ട മേളവും മുത്തുക്കുടകളും ഒരുക്കിയിരുന്നു.ബേക്കല്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ വാദ്യ സംഘത്തിന്‍റെ വക പ്രതിഫലമൊന്നും വാങ്ങിക്കാതെയായിരുന്നു ചെണ്ടമേളം! ഞങ്ങളുടെ പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും തന്നെയായിരുന്നു വാദ്യക്കാര്‍.
      ജാഥ , തിരിച്ച് സ്കൂളില്‍ എത്തുമ്പോഴേക്കും ഉത്ഘാടകാനായ DIET പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണനും,മുഖ്യ പ്രഭാഷകനായ DIET  സീനിയര്‍ ലക്ചറര്‍ കെ. എം.ഉണ്ണിക്കൃഷ്ണനും അവിടെ എത്തിയിരുന്നു. ആധികം താമസിയാതെ തന്നെ പൊതു യോഗം ആരംഭിച്ചു. ഉല്‍ഘാടകാനും  പ്രഭാഷകനും ചുരുക്കം വാക്കുകളില്‍ കാര്യമാത്ര പ്രസക്തമായി സദസ്യരുമായി സംവദിച്ചു.വിദ്യാലയ വികസന സമിതി രക്ഷാധികാരി കെ.ശംഭു,മദര്‍ പി.ടി.എ പ്രസിഡാന്ട് എ.ചിത്ര എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.പി.ടി. എ.പ്രസിടണ്ട് ബി.രഘു അധ്യക്ഷത വഹിച്ചു.കെ.സുമ ടീച്ചര്‍ സ്വാഗതവും,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ നന്ദിയും പറഞ്ഞു.  രാത്രി കൃത്യം എട്ടരയ്ക്കു   തന്നെ കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിച്ചു.   മൂന്നു തരത്തിലുള്ള പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്.പ്രത്യേക പരിശീലനം നേടിയ കുട്ടികളുടെ നൃത്ത ഇനങ്ങളായിരുന്നു  ഒന്ന്.37 കുട്ടികളാണ് നൃത്തപരിപാടികളില്‍ പങ്കെടുത്തത്. വിദ്യാലയത്തില്‍ ആകെ 83 കുട്ടികളാണ് ഉള്ളത്.നൃത്ത ഇനങ്ങളില്‍  പങ്കെടുക്കാതിരുന്ന മുഴുവന്‍ കുട്ടികളും അവതരിപ്പിച്ച വിവിധ പരിപാടികളായിരുന്നു രണ്ടാമത്തെ ഇനം. ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട നാടകം,തൊഴില്‍പ്പാട്ട്,സംഗീതശില്‍പ്പം, സ്കിറ്റ് എന്നിവയായിരുന്നു ഈ വിഭാഗത്തില്‍.തൊട്ടടുത്ത അങ്കണ വാടിയിലെ കൊച്ചു കൂട്ടുകാരുടെ ഒപ്പനയും ആംഗ്യപ്പാട്ടും  ആയിരുന്നു അടുത്തവിഭാഗം.ഇവരാണല്ലോഅടുത്തവര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് വരേണ്ടവര്‍! 

         ഒന്നാം ക്ലാസ്സുകാര്‍ അവതരിപ്പിച്ച 'കണിമോളുടെ    പൂന്തോട്ടം',രണ്ടാം ക്ലാസ്സുകാരുടെ തൊഴില്‍പ്പാട്ട്,  മൂന്നാം ക്ലാസ്സുകാരുടെ നാടകം(തോല്‍ക്കാത്ത കാളി),നാലാം ക്ലാസ്സുകാരുടെ സംഗീതശില്‍പ്പം എന്നീ പരിപാടികള്‍ പൂര്‍ണ്ണമായും ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങലുടെ മികവ് ബോധ്യപ്പെടുത്തുന്നവയായിരുന്നു.പണം ചെലവാക്കി അഭ്യസിപ്പിച്ച നൃത്ത ഇനങ്ങളെക്കാള്‍ ഒട്ടും പിന്നിലായില്ല ,പഠന പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട  ഈ പരിപാടികളും എന്ന് സദസ്യരുടെ പ്രതികരണങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.  


       കുട്ടികളുടെ പരിപാടികള്‍ക്ക് പുറമെ  സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട് മേളയും വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി.രാത്രി പതിനൊന്നു മണിക്ക് മുഴുവന്‍ പരിപാടികളും തീരുന്നത് വരെ അച്ചടക്കത്തോടെ ഇരുന്ന്‌   പരിപാടികള്‍ ആസ്വദിക്കുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത കടപ്പുറത്തെ ജനങ്ങള്‍ തന്നെയാണ് ഞങ്ങളുടെ ശക്തി.കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രധിക്കാത്തവരാണ് ഇവിടുത്തെ ജനങ്ങള്‍ എന്ന   പലരുടെയും മുന്‍വിധികള്‍ പാടേ  തെറ്റാണെന്ന് ഞങ്ങളുടെ രക്ഷിതാക്കള്‍ ഒരിക്കല്‍ക്കൂടിതെളിയിച്ചിരിക്കുന്നു!ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോയാലെ    മക്കള്‍ പഠിക്കൂ എന്ന മിഥ്യാ ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള  മറുപടി കൂടിയായിരുന്നു ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രകടനം. സദസ്യര്‍ക്ക് അത് പൂര്‍ണമായും ബോധ്യപ്പെടുകയും ചെയ്തു.
       "ഇത് നമ്മള്‍ പഠിച്ച വിദ്യാലയം,നമ്മുടെ മക്കളും ഇവിടെത്തന്നെ പഠിക്കട്ടെ!" സ്കൂളിന്റെചുറ്റുമതിലില്‍  എഴിതിവെച്ച ഈ വാക്യം പൊതുവേദിയിലും ഞങ്ങള്‍ അവതരിപ്പിച്ചു.സമീപത്തുള്ള ഏത് കച്ചവട വിദ്യാഭ്യാസ സ്ഥാപനത്തില്‍  നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ഈ പൊതു വിദ്യാലയത്തില്‍ നിന്നും കുട്ടികള്‍ക്ക് ലഭ്യമാക്കും എന്ന് മുഴുവന്‍ നാട്ടുകാരെയും സാക്ഷി നിര്‍ത്തി പ്രഖ്യാപിച്ചു കൊണ്ടാണ് എഴുപത്തിരണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചത്!ഹര്‍ഷാരവത്തോടെയാണ്  ഈ പ്രഖ്യാപനത്തെ സദസ്യര്‍ സ്വീകരിച്ചത്....ഇത് ഞങ്ങളുടെ ആത്മ വിശാസം വര്‍ധിപ്പിക്കുന്നു,ഒപ്പം ഉത്തരവാദിത്തവും.   
                  ഒരു അധ്യയനവര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്..കടലിന്‍റെ മക്കളുടെ മികവിലേക്കുള്ള പ്രയാണം സുഗമമാക്കുന്ന മറ്റൊരു അധ്യയന വര്‍ഷത്തിനായി...പ്രതീക്ഷയോടെ!