ഞായറാഴ്‌ച, ഏപ്രിൽ 01, 2012

''മികവുല്‍സവത്തിലേക്ക് ഏവര്‍ക്കും സ്വാഗതം''


2012 മാർച്ച് 30 വെള്ളി-ഈ അധ്യയന വർഷത്തിലെഅവസാന സ്കൂൾദിനം...ഇന്ന് ‘മികവുത്സവം‘ നടത്താൻ ഞങ്ങൾ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാലയത്തിൽ നടന്നപ്രവർത്തനങ്ങളും, കുട്ടികൾ കൈവരിച്ച പറനനേട്ടങ്ങളും വിലയിരുത്താൻ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും അവസരം നൽകുന്ന തരത്തിലായിരുന്നു ഉത്സവം വിഭാവനം   ചെയ്തത്.രണ്ടാഴ്ച മുമ്പ് നടന്ന വിദ്യാലയസംരക്ഷണസമിതി യോഗത്തിൽ വെച്ച്  ഇക്കാര്യം എല്ലാവരെയും അറിയിച്ചു..രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഒരോ ദിവസവും കുട്ടികളോട് ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു..അതും പോരാഞ്ഞ് ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടര മണി മുതൽ അഞ്ചര മണിവരെ ഞാനും സഹാധ്യാപികമാരും സ്കൂൾപരിധിയിലെ മുഴുവൻ വീടുകളും കയറിയിറങ്ങി നോട്ടീസ് നൽകുകയും എല്ലാവരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്തു.രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത് ആദ്യമായാണ്..അതുകൊണ്ടുതന്നെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ഏറെ ആശങ്കയുണ്ടായിരുന്നു.
                 രാവിലെ 10 മണിക്ക് റജിസ്ട്രേഷനുശേഷം10.30 മുതൽ ക്ലാസ്സ് പി.റ്റി.എയും ക്ലാസ്സ് ബാലസഭയും, തുടർന്ന് 11.30 മുതൽ 1.30 വരെ ക്ലാസ്സടിസ്ഥാനത്തിൽ   ‘മികവിന്റെ നേർസാക്ഷ്യങ്ങളായി‘ കുട്ടികളുടെ പ്രകടനങ്ങൾ..ഉച്ച ഭക്ഷണത്തിനു ശേഷം 2.മണിമുതൽ ‘കടലിന്റെമക്കളും മികവിന്റെ പാതയിൽ‘ എന്ന പേരിൽ തയ്യാറാക്കിയ, പോയ ഒരുവർഷത്തെ പ്രവർത്തനങ്ങളുടെ ഫോട്ടോ സി.ഡി.പ്രദർശനം,2.30 മുതൽ അവധിക്കാല പരിപാടികളുടെ അവതരണം,3 മണിക്ക് വിദ്യാലയ സംരക്ഷണസമിതി യോഗത്തിൽ വെച്ച് എൻറോൾമെന്റ് ക്യാമ്പെയിൻ ചിട്ടപ്പെടുത്തൽ...4 മണിക്ക് സമാപനം-ഇതായിരുന്നു ഞങ്ങൾ തയ്യാറാക്കിയ ഉത്സവപരിപാടികൾ..ഓരോ ഘട്ടത്തിലും ചർച്ചകൾക്കുള്ള അവസരവും ഉണ്ടാകും.
           ആവശ്യമായ മുന്നൊരുക്കങ്ങൾ അധ്യാപികമാർ നേരത്തേ നടത്തി..വിവിധ വിഷയങ്ങളിൽ കുട്ടികൾ കൈവരിക്കേണ്ട ശേഷികൾ ഏതൊക്കെയെന്നും അവ ഓരോകുട്ടിയും എത്രത്തോളം നേടിയെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള അവതരണങ്ങളാണ് ടീച്ചറും കുട്ടികളും ചേർന്ന് ലക്ഷ്യമിട്ടത്.ഇംഗ്ലീഷിന് പ്രത്യേക പരിഗണനയും നൽകിയിരുന്നു.എന്റെ ക്ലാസ്സിലെ കുട്ടികളുടെ പറനനേട്ടങ്ങൾ ബോധ്യപ്പെടുത്തുന്നതോടൊപ്പം വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ പൊതുവായി അവതരിപ്പിക്കേണ്ട ചുമതലയും എനിക്കായിരുന്നു..അതിനായി രണ്ടു കാര്യങ്ങളാണു ഞാൻ ചെയ്തത്. ഒന്ന്,നേരത്തേ സൂചിപ്പിച്ചതരത്തിൽ പ്രവേശനോത്സവം മുതൽ ഇങ്ങോട്ട്, മാർച്ച് അവസാനം വരെ നടന്ന പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തി ഒരു പവർപോയിന്റ് പ്രസന്റേഷൻ...രണ്ട്, ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ നിന്ന് പലപ്പോഴായി ഞാൻ എടുത്ത പ്രവർത്തനങ്ങളുടെയും,ഉൽ‌പ്പന്നങ്ങളുടെയും ഫോട്ടോകളുടെ പ്രദർശനം..ഒപ്പം ആവശ്യമായ ലഘു വിശദീകരണങ്ങളും....എന്തൊക്കെയാണ് ഈ വിദ്യാലയത്തിൽ നടന്നതെന്നും,എങ്ങനെയൊക്കെയാണ് നടന്നതെന്നും സദസ്യർക്കു ബൊധ്യപ്പെടാൻ ഇതിൽ‌പ്പരം എന്താണു വേണ്ടത്?(ഈ വർഷം വിദ്യാലയത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങളും,കൈവരിച്ച നേട്ടങ്ങളും പലപ്പോഴായി ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.)
 ..........രാവിലെ മുതലുള്ള മുഴു ദിവസ പരിപാടി ആദ്യമായാണു സംഘടിപ്പിക്കുന്നതെന്ന് മുമ്പു സൂചിപ്പിച്ചിരുന്നല്ലൊ...പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു. 10 മണിക്ക് ആരും എത്തിയില്ല...എന്നാൽ ഏതാണ്ട് പതിനൊന്നരയാകുമ്പോഴേക്കും മിക്കവാറും രക്ഷിതാക്കൾ എത്തിയതു തന്നെ വലിയ നേട്ടമായി ഞങ്ങൾ കാണുന്നു..അതിനേക്കാൾ ഞങ്ങളെ സന്തോഷിപ്പിച്ചത് വൈകുന്നേരം അഞ്ചുമണിക്ക് പരിപാടി തീരുന്നതു വരെ ആരും പോയില്ല എന്നതാണ്!









          ഔപചാരികമായ ഉൽഘാടനമോ,പ്രമുഖവ്യക്തികളുടെപ്രസംഗങ്ങളോ ഒന്നും തന്നെ ആലോചിക്കാതിരുന്നതിനാൽ സന്ദർഭത്തിനനുസരിച്ച് പരിപാടികളിൽ ഭേദഗതി വരുത്താൻ വിഷമം ഉണ്ടായില്ല.രണ്ടുമാസത്തിൽ ഒരിക്കൽ ക്ലാസ്സ് പി.ടി.എ യും, അതോടനുബന്ധിച്ച് ക്ലാസ്സ്ബാലസഭയും നടത്തിയിരുന്നതു കൊണ്ടുതന്നെ,സമയം വൈകിയതിനാൽ തൽക്കാലം അതു വേണ്ടെന്നുവെച്ചു..രക്ഷിതാക്കൽ വരുന്ന മുറയ്ക്ക് ഹാളിൽ ഇരുത്തി രജിസ്ട്രേഷൻ നടത്തി.. പതിനൊന്നരയോടെ മുഴുവൻ കുട്ടികളെയും ഹാളിൽ ഇരുത്തിയ ശേഷം ക്ലാസ്സ് പി.ടി.എ.യി ൽ പറയാൻ ഉദ്ദേശിച്ച കാര്യങൾ പൊതുവായി പറഞ്ഞുകൊണ്ട് പരിപാടികൾ ആരംഭിച്ചു.ഒന്നാം ക്ലാസ്സിൽ നടന്ന പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ഫോട്ടൊകൾ കാണിച്ച ശേഷം  സുജിടീച്ചറുടെ നേത്രുത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ  അവതരിപ്പിച്ചു.  .കൊറിയോഗ്രാഫി, കൂട്ടപ്പാട്ട്, സംഭാഷണം,ഇംഗ്ലീഷ് സ്കിറ്റ്,ഇംഗ്ലീഷിലുള്ള ആശയവിനിമയം തുടങ്ങിയ പരിപാടികൾ എല്ലാവർക്കും ബോധിച്ചു..തുറ്റർന്ന് മറ്റ്ക്ലാസ്സുകളിലെ കുട്ടികളും പരിപാടികൾ അവതരിപ്പിക്കുമ്പോഴെക്കും സമയം രണ്ടുമണി..കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് രക്ഷിതാക്കളെയും പൊതുജനങ്ങളെയും ഇരുത്തി  പവർ പോയിന്റ് പ്രസന്റേഷനിലൂടെ വിദ്യാലയ മികവുകൾ അവരുമായി പങ്കുവെച്ചു..മൂന്നുമണിയൊടെ കുട്ടികളും രക്ഷിതാക്കളും വീണ്ടും സമ്മേളിച്ചപ്പോൾ കുട്ടികൾ കുറച്ചു പരിപാടികൾ കൂടി അവതരിപ്പിച്ചു.അധ്യാപികമാർ സദസ്യരുമായി ക്ലാസ്സ്റൂംഅനുഭവങൾ പങ്കു വെച്ചു..
         ...അവധിക്കാല പരിപാടികളുടെ രൂപരേഖ എസ്.ആർ.ജി.കൺവീനർ അവതരിപ്പിച്ചു. .കുട്ടികളെവിട്ട ശേഷം ഗ്രാമ പഞ്ചായത്തുമെമ്പറുടെഅധ്യക്ഷതയിൽ വിദ്യാലയ സംരക്ഷണസമിതി യോഗം ചേർന്നു..എൻറോൾമെന്റ് ക്യാമ്പെയിൻ ആസൂത്രണം ചെയ്തു..നാലരവയസ്സ് പൂർത്തിയായ കുട്ടികൾക്കായി അടുത്ത അധ്യയനവർഷം സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിക്കാൻ ചർച്ചയിൽ ധാരണയായി.ഏപ്രിൽ ഒമ്പതിനു വീടുകൾ സന്ദർശിച്ച് അഡ്മിഷൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചുകൊണ്ട് അഞ്ചു മണിക്ക് മികവുത്സവ പരിപാടികൾക്ക് തിരശ്ശീല വീണു.
                     അങ്ങനെ ഒരു അധ്യയന വർഷം കൂടി പടിയിറങ്ങി..മറ്റൊരു പുതുവർഷത്തെ വരവേൽക്കാനായി,പ്രതീക്ഷയോടെ...അതിനുമുമ്പ് എന്തെല്ലാം മാറ്റങ്ങളാ‍ണാവോ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ വരാൻ പോകുന്നത്!കാത്തിരുന്നു കാണാം...