ശനിയാഴ്‌ച, ജൂൺ 11, 2011

രക്ഷാകര്‍ത്തൃ സംഗമത്തില്‍ അധ്യാപികമാരുടെ 'നയ പ്രഖ്യാപനം'

2011 ജൂണ്‍ 6 - പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ രക്ഷാകര്‍ത്തൃസംഗമം  ഇന്ന് നടന്നു.ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് പരിപാടി ആരംഭിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലായി 77 കുട്ടികളാണ് ഈ വര്‍ഷം ഞങ്ങളുടെ വിദ്യാലയത്തില്‍ ഉള്ളത്.ഇവരില്‍ 73 കുട്ടികളുടെയും രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം ഉണ്ട്....
            അവധിക്കാല അധ്യാപക പരിശീലനത്തില്‍ നിന്നും ലഭിച്ച തിരിച്ചറിവുകളുടെ  പശ്ചാത്തലത്തില്‍ എസ്.ആര്‍.ജി. യോഗം ചേര്‍ന്ന്,പുതിയ വര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള 'വിഷന്‍' ഞങ്ങള്‍ ആദ്യമേ രൂപപ്പെടുത്തിയിരുന്നു.അതനുസരിച്ച് ഓരോ ക്ലാസ്സിലും നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍,കുട്ടികള്‍ കൈവരിക്കേണ്ട ശേഷികള്‍,അധ്യാപികയുടെ റോള്‍,രക്ഷിതാക്കളുടെ  ഭാഗത്തു നിന്നും  ലഭിക്കേണ്ട പിന്തുണ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളുമായാണ് അധ്യാപികമാര്‍ സംഗമത്തില്‍എത്തിച്ചേര്‍ന്നത്.കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊണ്ട്, ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പുതിയ അധ്യയന വര്‍ഷത്തില്‍ എന്തൊക്കെ ചെയ്യുമെന്നുള്ള 'നയപ്രഖ്യാപനം' ഓരോ ക്ലാസ്സ് ടീച്ചറും ആദ്യ രക്ഷാകത്തൃ യോഗത്തില്‍  നടത്തണം എന്നുള്ളതായിരുന്നു ഞങ്ങളുടെ തീരുമാനം.
 യോഗത്തില്‍പങ്കെടുത്തവരെ സ്വാഗതം ചെയ്യുന്ന അവസരത്തില്‍ത്തന്നെ ഇക്കാര്യംഞാന്‍ വ്യക്തമാക്കുകയും ചെയ്തു.സ്കൂളിലെ മുന്‍ മദര്‍ പി.ടി.എ പ്രസിഡന്റും ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിടന്റുമായ ശോഭ കരുണാകരന്റെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിടന്ടു കസ്തൂരി ടീച്ചര്‍ സംഗമം ഉത്ഘാടനം ചെയ്തു.പുതു വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നടപ്പിലാക്കുന്ന പരിപാടികള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് ടീച്ചര്‍ പ്രഖ്യാപിച്ചു. 
       കാസര്‍ഗോഡ് DIET സീനിയര്‍ ലക്ചറര്‍ കെ.എം ഉണ്ണിക്കൃഷ്ണന്‍ ആമുഖമായി ചില കാര്യങ്ങള്‍ രക്ഷിതാക്കളോടു സംസാരിച്ചു.തുടര്‍ന്നായിരുന്നു അധ്യാപികമാരുടെ 'നയ പ്രഖ്യാപനം'.ഒന്നാം ക്ലാസ്സിലെ സുജി ടീച്ചറുടെ  ഊഴമായിരുന്നു ആദ്യം."എന്റെ ക്ലാസ്സിലേക്ക് പുതുതായി കടന്നു വന്ന 19 കുട്ടികളെയും വര്‍ഷാവസാനമാകുംപോഴേക്കും ഒഴുക്കോടെ വായിക്കാനും തെറ്റില്ലാതെ എഴുതാനും കഴിവുള്ളവരാക്കി മാറ്റും."ഇതോടൊപ്പം ഗണിതത്തിലും പരിസര പഠനത്തിലും ലകഷ്യമിടുന്ന നിലവാരവും ടീച്ചര്‍ വ്യക്തമാക്കി.ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് പഠനം എങ്ങനെയായിരിക്കും എന്നും വിശദീകരിച്ചു.   
 "രണ്ടാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റും."ഇതായിരുന്നു ക്ലാസ് ടീച്ചറായ എനിക്ക് പറയാനുണ്ടായിരുന്ന പ്രധാന കാര്യം.സ്വതന്ത്ര വായന എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും  അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഞാന്‍ പറഞ്ഞു കൊടുത്തു,കൂട്ടത്തില്‍ മറ്റു വിഷയങ്ങളുടെ കാര്യവും. 
        കുട്ടികളെ സ്വതന്ത്ര വായനക്കാരാക്കി മാറ്റുന്നതിനെക്കുറിച്ചു തന്നെയായിരുന്നു മൂന്നാം ക്ലാസ്സിലെ സുമ ടീച്ചര്‍ക്കും നാലാം ക്ലാസ്സിലെ സീമ ടീച്ചര്‍ക്കും ആവര്‍ത്തിച്ചു പറയാന്‍ ഉണ്ടായിരുന്നത്.
 ഇതിനായി ലൈബ്രറി പുസ്തകങ്ങളും,മറ്റു വായനാ സാമഗ്രികളും പ്രയോജനപ്പെടുത്തുമെന്നും ഇരുവരും സൂചിപ്പിച്ചു.എല്‍.എസ്.എസ് നേടുന്ന കുട്ടികളുടെ   
എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും നാലാം ക്ലാസ്സിലെ അധ്യാപിക പ്രഖ്യാപിച്ചു. 
        ഈ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാകണമെങ്കില്‍ രക്ഷിതാക്കളുടെ  ഭാഗത്തു നിന്നും ചില സഹായങ്ങള്‍  ഞങ്ങള്‍ അഭ്യര്‍ഥിച്ചു.
 1.ഒരു ദിവസം പോലും മുടങ്ങാതെ കുട്ടികളെ     സ്കൂളില്‍ അയയ്ക്കണം.
  2.വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണം.
  3.സ്കൂളിലെ ദൈനംദിനപ്രവര്‍ത്തനങ്ങളെക്കുറിച്ചു    വീട്ടില്‍ വെച്ച് കുട്ടികളോട് ചോദിച്ചറിയണം.
  4.ക്ലാസ് പി.ടി. എ യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കണം.
 എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ക്ക് സന്തോഷം..തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കാനായി തങ്ങളാല്‍ കഴിയുന്നത്‌ ചെയ്യാമെന്ന് അവര്‍ ഉറപ്പു നല്‍കി.ഈ മാസം തന്നെ നടക്കുന്ന ക്ലാസ് പി.ടി.എ.യോഗത്തില്‍ എന്തു തന്നെയായാലും പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.
     ..........അവധിക്കാല പരിശീലനത്തില്‍ വെച്ച് അധ്യാപകരോട് പറഞ്ഞ കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുക വഴി ഉത്തര വാദിത്തം വര്‍ധിക്കുകയാണെന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്‌.അതുകൊണ്ട് തന്നെ അധ്യാപകന്റെ കടമ നിറവേറ്റാന്‍-വാക്ക് പാലിക്കാന്‍ -ഞങ്ങള്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് ഇവിടെ പണിയെടുക്കുന്ന മുഴുവന്‍ അധ്യാപകരുടെയും കടമ തന്നെയല്ലേ?
       പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികള്‍.അതുകൊണ്ടു തന്നെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെ  അവരെ സഹായിക്കാനുള്ള ചില പരിപാടികളും ഞങ്ങള്‍ നടത്തുന്നു.കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും യൂണിഫോം സൌജന്യമാണ്!സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും മുംബൈ ശ്രീ സരോജിനിയമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ മധുസൂദനന്‍ ചിറമ്മല്‍ ആണ് പ തിവായി യൂണിഫോം സ്പോണ്‍സര്‍  ചെയ്യുന്നത്. ഇത്തവണത്തെ യൂണിഫോം വിതരനോല്‍ഘാ    ടനവും  രക്ഷാ കര്‍ത്തൃ സംഗമത്തില്‍ വെച്ച് നടന്നു.ശ്രീമതി സരോജിനിയമ്മയാണ്  ഉത്ഘാടനം നിര്‍വഹിച്ചത്.  
 കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ മികവിന്റെ നേര്‍ സാകഷ്യമായി എല്‍.എസ്.എസ് കരസ്ഥമാക്കിയ കുമാരി ജനിഷയ്ക്ക് പി.ടി.എ.യുടെ വകയായുള്ള ഉപഹാരവും യോഗത്തില്‍ വെച്ച് വിതരണം ചെയ്തു.  ബേക്കല്‍ ബി.ആര്‍ .സി. ട്രെയിനറായ സുരേന്ദ്രന്‍ മാസ്ടര്‍ അനുമോദന പ്രസംഗം നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തു.  ജനിഷ അനുമോദനത്തിനു  നന്ദി പറഞ്ഞുകൊണ്ടു സംസാരിച്ചു.
    ഒന്നാം തരത്തിലെ അധ്യാപക പരിശീലനത്തിന് നേതൃത്വം കൊടുത്ത സുരേന്ദ്രന്‍ മാസ്ടര്‍ തന്റെ അനുഭവങ്ങള്‍ രക്ഷിതാക്കളുമായി പങ്കു വെച്ചു.സ്കൂള്‍ പി.ടി.എ.പ്രസിടണ്ട് ബി.രഘുവിന്റെ നന്ദിപ്രസംഗത്തോടെ കൃത്യം അഞ്ചു മണിക്ക് രക്ഷാകര്‍ത്തൃ സംഗമത്തിന് തിരശീല വീണു.  അക്ഷരത്തിന്റെ ലോകത്തിലേക്ക് പിച്ച വെച്ചെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ എത്ര മാത്രം തയ്യാറെടുപ്പുകളാണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്! ഇതൊന്നുമില്ലാത്ത സമാന്തര സ്കൂളുകളിലേക്ക് മക്കളെ കയറ്റി അയയ്ക്കുന്ന രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളിലെ 'ഒന്നാന്തരം ഒന്നാം ക്ലാസ്സ്' ഒന്നുകണ്ടിരുന്നെങ്കില്‍!!





3 അഭിപ്രായങ്ങൾ:

നിസ്സഹായന്‍ പറഞ്ഞു...

"പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് ഇവിടെ പണിയെടുക്കുന്ന മുഴുവന്‍ അധ്യാപകരുടെയും കടമ തന്നെയല്ലേ?"

"അക്ഷരത്തിന്റെ ലോകത്തിലേക്ക് പിച്ച വെച്ചെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ എത്ര മാത്രം തയ്യാറെടുപ്പുകളാണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്! ഇതൊന്നുമില്ലാത്ത സമാന്തര സ്കൂളുകളിലേക്ക് മക്കളെ കയറ്റി അയയ്ക്കുന്ന രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളിലെ 'ഒന്നാന്തരം ഒന്നാം ക്ലാസ്സ്' ഒന്നുകണ്ടിരുന്നെങ്കില്‍!!"


പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന കടമ അധ്യാപകര്‍ മറന്നു പോയതും, അധ്യാപനത്തെ വെറും തൊഴിലായി കണക്കാക്കി അധ്യയനസമയത്ത് ട്രേഡുയൂണിയന്‍ പ്രവര്‍ത്തനത്തിനിറങ്ങിയതും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമരം ചെയ്യിച്ച് പാവപ്പെട്ടവന്റെ കുട്ടികളുടെ അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്തിയതും, സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസത്തിനു മുതല്‍ മുടക്കുന്നതില്‍ നിന്നും പടിപടിയായി പിന്നോട്ടു പോയതുമൊക്കെയാണു പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴെപ്പോകാന്‍ ഇടയാക്കിയതെന്നു വിശ്വസിക്കുന്നു. സ്വന്തം അധ്യയനം മോശമാണെന്നു മനസ്സിലാക്കിയ അധ്യാപകര്‍ സ്വന്തം കുട്ടികളെ സമാന്തര ബ്ലേഡുസ്ക്കൂളുകളില്‍ കൊണ്ടാക്കി സ്വന്തം തൊഴിലിനെ അവഹേളിച്ചു. അവര്‍ക്ക് സ്വന്തം കുട്ടികളുടെ ഭാവി നശിപ്പിക്കാനാകില്ലല്ലോ !

താമസ്സിച്ചാണെങ്കിലും ഇപ്പോള്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ തുടങ്ങുന്നതിനു് അഭിനന്ദനങ്ങള്‍. ആത്മാര്‍ത്ഥമായിട്ടാണു ഈ ഉദ്യമമെങ്കില്‍ സ്വന്തം കുട്ടികളെയും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ത്ത്, അങ്ങിനെ ചെയ്തിട്ടില്ലാത്ത അധ്യാപകര്‍ ഈ സ്ക്കൂളിലുണ്ടെങ്കില്‍, മാതൃക കാണിക്കുമോ ?

നാരായണന്‍മാഷ്‌ ഒയോളം പറഞ്ഞു...

നിസ്സഹായന്‍,
താങ്കളുടെ പ്രതികരണത്തിന്റെ സ്പിരിറ്റ് അതേപടി ഉള്‍ക്കൊണ്ടു തന്നെ പറയട്ടെ,ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ഏറെ മാറിയിരിക്കുന്നു.ആത്മാര്‍ത്ഥതയോടെ പണിയെടുക്കുന്ന വലിയൊരു വിഭാഗം അധ്യാപകര്‍ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടെന്ന വസ്തുത വിസ്മരിക്കരുത്.വിദ്യാലയ മികവിന്‍റെ ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാനും കഴിയും...അപവാദങ്ങള്‍ ഉണ്ടാകാം.സ്വന്തം മക്കളെ സമാന്തര കച്ചവട സ്ഥാപനങ്ങളില്‍ അയച്ച്,സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 'സേവനം' നടത്തുന്ന ഇത്തരക്കാരെ ചോദ്യം ചെയ്യാന്‍ പൊതു സംമൂഹം മുന്നോട്ടു വരണം.. അവകാശങ്ങള്‍ക്കുനു വേണ്ടി പോരാടുകയും കടമകള്‍ വിസ്മരിക്കുകയും ചെയ്യുന്നവന് എങ്ങനെ നല്ല അധ്യാപകനാകാന്‍ കഴിയും?
താങ്കള്‍ ചോദിച്ചതുകൊണ്ടു ഒരു കാര്യം വ്യക്തമാക്കട്ടെ.സ്വന്തം മക്കളെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ത്തന്നെ അയയ്ക്കുന്നവരാണ്എന്റെ വിദ്യാലയത്തിലെ അധ്യാപികമാര്‍.....ജോലിയില്‍ പ്രവേശിച്ച നാള്‍ മുതല്‍ ഉത്തരവാദിത്തത്തോടെ കടമ നിറവേറ്റുകയും ചെയ്യുന്നു...

നിസ്സഹായന്‍ പറഞ്ഞു...

"സ്വന്തം മക്കളെ സമാന്തര കച്ചവട സ്ഥാപനങ്ങളില്‍ അയച്ച്,സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 'സേവനം' നടത്തുന്ന ഇത്തരക്കാരെ ചോദ്യം ചെയ്യാന്‍ പൊതു സംമൂഹം മുന്നോട്ടു വരണം."

അധ്യാപകര്‍ക്ക് ശക്തമായ സംഘടനകളുണ്ടെന്നു മനസ്സിലാക്കുന്നു. ആ നിലയ്ക്കു പൊതുവിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന പ്രതിസന്ധി നേരിടാന്‍ ഇത്തരം സംഘടകള്‍ തന്നെ, സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്ക്കൂളില്‍ നിര്‍ബന്ധമായും ചേര്‍ത്തു പഠിപ്പക്കാനുള്ള ബോധവത്ക്കരണം അധ്യാപകര്‍ക്കിടയില്‍ നടത്തേണ്ടതാണു്. അതിനു തയ്യാറാകാത്തവരെ സംഘടനാപരമായും വ്യക്തിപരമായും ഒറ്റപ്പെടുത്തണം. ഇതില്‍ അധാര്‍മികമായി ആരും ഒന്നും കാണുമെന്നു തോന്നുന്നില്ല. അതിനു ശേഷമായിരിക്കണം പൊതുസമൂഹത്തിന്റെ പിന്തുണ തേടേണ്ടത്. അനന്തരം പൊതുസമൂഹം നിങ്ങള്‍ക്കു പിന്തുണ തരും. ആശംസകള്‍.