മാനത്തമ്പിളിയമ്മാമാ,
കള്ളച്ചിരിയിതു മതിയാക്കൂ..
ആംസ്ട്രോങ്ങെന്നൊരുചങ്ങാതി
അപ്പോളോവില്‍ കയറീട്ട്
നിന്നെക്കാണാന്‍ വന്നപ്പോള്‍
കള്ളച്ചിരിയിതുകണ്ടില്ലാ.
(മാനത്തമ്പിളി...).
മാനില്ല മുയലില്ല നിന്‍ മടിയില്‍
നീ വെറും മണ്ണും കൂരിരുട്ടും
വായുവില്ലവിടെ വെള്ളമില്ലാ..
കറുമ്പിക്ക് മേയാന്‍ പുല്ലുമില്ലാ
ചാമ വിതയ്ക്കാന്‍ പറ്റില്ല
ജീവന്റെ കണികയുമില്ലവിടെ!
(മാനത്തമ്പിളി......)
-പാട്ടുകള്‍ ഏറ്റുചൊല്ലാന്‍ ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ മറ്റു ക്ലാസ്സുകാരെക്കള്‍ മുമ്പില്‍!അവര്‍ ആദ്യമായി കേള്‍ക്കുക യാണല്ലോ.രണ്ടും,മൂന്നും,നാലും ക്ലാസ്സുകാര്‍ കഴിഞ്ഞ വര്‍ഷം കേട്ട പാട്ടാണെങ്കിലും കൂട്ടമായി പാടാന്‍ എല്ലാവര്‍ക്കും ഉത്സാഹം തന്നെ.ജൂലായ് 21 നു ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി വൈകുന്നേരം എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി,ഈ പാട്ട് പാടി ക്കൊടുത്ത ശേഷം ഞങ്ങളെല്ലാവരും ചേര്‍ന്ന് ചന്ദ്രനെക്കുറിച്ചുള്ള കൊച്ചു വര്‍ത്തമാനം പറയാന്‍ തുടങ്ങി..രാവിലെത്തന്നെ ഓരോ ക്ലാസ്സിലെയും ടീച്ചര്‍ മാര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നതു കൊണ്ട് എന്റെ പണി അല്‍പ്പം കുറഞ്ഞു..ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയ നീല്‍ ആംസ്ട്രോങ്ങിനെയും സഹായാത്രികരെയും കുറിച്ചൊക്കെ അവര്‍ മനസ്സിലാക്കിയിരിക്കുന്നു..അതുകൊണ്ടുതന്നെ അതിനപ്പുറത്തുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്..കൂട്ടത്തില്‍ അല്‍പ്പം ഫ്ലാഷ് ബാക്കും.....സ്പുട്നിക് ഒന്നിന്റെ വിക്ഷേപണം,'ലെയ്ക്ക'യുടെ ബഹിരാകാശ യാത്ര,യൂറി ഗഗാറിന്‍,വാലന്റീന തെരഷ്കോവ,രാകേഷ് ശര്‍മ്മ,കല്‍പ്പന ചൌള,സുനിത വില്യംസ്,തുടങ്ങിയവരുടെയൊക്കെ യാത്രാ വിശേഷങ്ങള്‍ പങ്കു വെച്ചപ്പോള്‍ കുഞ്ഞു കണ്ണുകളില്‍ വിസ്മയം!സ്പേസ് ഷട്ടിലായ 'കൊളമ്പിയ'തകര്‍ന്നതും കല്‍പ്പന ചൌളയടക്കമുള്ള യാത്രികര്‍ ഓര്‍മ്മ മാത്രമായി അവശേഷിച്ചതും വിവരിച്ചപ്പോള്‍ കുട്ടികളും ആ ദു:ഖത്തില്‍ പങ്കു ചേര്‍ന്നു..പിന്നീട്, ഭൂമിക്കപ്പുറത്തുള്ള ഒരു ഗോളത്തില്‍ മനുഷ്യന്‍ ആദ്യമായി ചെന്നെത്തിയ ആവേശകരമായ അനുഭവം പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചപ്പോള്‍ കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.അപ്പോളോ 11 നു ശേഷം അഞ്ചു തവണ കൂടി മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ വിശദാംശങ്ങളും(യാത്രികരുടെ പേരുകള്‍ ഉള്‍പ്പെടെ )അവരുടെ മനസ്സിലീക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്..ഏറ്റവും ഒടുവിലായി നമ്മുടെ സ്വന്തം 'ചാന്ദ്രയാന്‍' ചന്ദ്രനില്‍ വെള്ള മുണ്ടെന്നു കണ്ടെത്തിയ കാര്യവും,ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കാന്‍ നമ്മുടെ രാജ്യം നടത്തി ക്കൊണ്ടിരിക്കുന്ന തയാറെടുപ്പുകളെക്കുറിച്ചുമെല്ലാം പറഞ്ഞു.."ഒരു പക്ഷെ,ഭാവിയില്‍ നിങ്ങള്‍ക്കെല്ലാം ചന്ദ്രനിലേക്ക് വിനോദ യാത്ര പോകാനുള്ള ഭാഗ്യം ഉണ്ടായേക്കാം''-എന്നു ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഇപ്പോഴേ റെഡി!
അടുത്തദിവസം 'ബഹിരാകാശ ചിത്ര പ്രദര്‍ശനം' സംഘടിപ്പിച്ചപ്പോള്‍,ഇന്നലെ കേട്ട പല കാര്യങ്ങളും ഓര്‍മ്മിക്കാനും തിരിച്ചറിയാനും കുട്ടികള്‍ക്ക് കഴിഞ്ഞു...ഓരോ ക്ലാസ് ടീച്ചറും, ആവശ്യമായ കാര്യങ്ങള്‍ കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു.
സി.ഡി.പ്രദര്‍ശന മായിരുന്നു തൊട്ടടുത്ത ദിവസം നടത്തിയ പരിപാടി..ആദ്യ ദിവസം മാഷ് പറഞ്ഞതും,രണ്ടാം ദിവസം ചിത്രത്തില്‍ കണ്ടതും കണ്മുന്നില്‍ സത്യമായി തെളിഞ്ഞപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് എന്തൊ രാവേശം!പല കാഴ്ചകളും മുമ്പേ കണ്ടതു പോലെ തന്നെ യായിരുന്നു അവരുടെ പ്രതികരണം.ഭൂമിയില്‍ നിന്ന് വിക്ഷേപ്പിക്കുന്നതു മുതല്‍ സമുദ്രത്തില്‍ 'പാരച്യുട്ട്'വഴി ഇറങ്ങുന്നതും,ഹെലി കോപ്ടര്‍ വന്ന് യാത്രികരെ എടുത്തു കൊണ്ട് പോകുന്നതും,സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നതുംവരെയുള്ള എല്ലാ കാഴ്ച കളും അവര്‍ കൌതുകത്തോടെ നോക്കിക്കണ്ടു..ചന്ദ്രനിലെ നടത്തവും,പാറകള്‍ തട്ടിക്കളിക്കലും കുട്ടികളില്‍ ചിരി പടര്‍ത്തി...ബഹിരാകാശ വാഹനത്തിനുള്ളിലെ ഭാരമില്ലാത്ത അവസ്ഥയില്‍ യാത്രികരുടെ പ്രകടനമായി രുന്നു അവരെ ഏറെ ചിരിപ്പിച്ചത്...
ചാന്ദ്ര ദിനം തൊട്ടുള്ള പതിനഞ്ചു ദിവസം 'ചാന്ദ്രപക്ഷ' മായി പ്രഖ്യാപിച്ചു കൊണ്ട് ഇതു പോലുള്ള നിരവധി കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ലാസ്സുകളില്‍ നടത്തുകയുണ്ടായി മൂന്നാം ക്ലാസ്സിലെ കുട്ടികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തയാറാക്കിയ ചുമര്‍ പത്രങ്ങള്‍ ഗംഭീരമായി!ഒപ്പം ആകാശക്കാഴ്ച്ചകളെക്കുറിച്ച് അവര്‍ രചിച്ച കവിതകളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ