ജൂണ്‍ 20 തിങ്കള്‍:
സമയം രാവിലെ പത്തുമണി.പതിവുപോലെ സ്കൂള്‍ അസംബ്ലി ആരംഭിച്ചു.പ്രാര്‍ഥനയും,പ്രതിജ്ഞയും,പത്രപാരായണവും ഒക്കെ കഴിഞ്ഞ് കുട്ടികളോട് സംസാരിക്കവേ ഞാന്‍ ചോദിച്ചു,"ഇന്നെലെ പ്രധാനപ്പെട്ട ഒരു ദിനം ആചരിച്ചതായി ഇപ്പോള്‍ വായിച്ച പത്രവാര്‍ത്തയില്‍ ഉണ്ടായിരുന്നല്ലോ,ഏതാണ് ആ ദിനം?"
"വായനാദിനം" പല കുട്ടികളും വിളിച്ചു പറഞ്ഞു. "ശരി,ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നതെന്ന് പറയാമോ?"
"പി.എന്‍.പണിക്കരുടെ '' കുറച്ചു കുട്ടികള്‍ പറഞ്ഞു.
"എന്തിനാണ് പി.എന്‍.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോ?"
എന്റെ ചോദ്യത്തിന് ഒറ്റ വാക്കിലോ,വാക്യത്തിലോ ഉള്ള ഉത്തരം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.ഇതിനെക്കുറിച്ച് കുട്ടികള്‍ക്കുള്ള ധാരണ പരിശോധിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.
"വായിച്ചു വളരുക എന്ന് പറഞ്ഞ ആളായിരുന്നു പി.എന്‍.പണിക്കര്‍,അതുകൊണ്ടാ..."മൂന്നാം ക്ലാസ്സിലെ ശരത്തിന്റെ പ്രതികരണം.
"വളരാന്‍ വേണ്ടി വായിച്ചാല്‍ മതിയോ?" എന്റെ ചോദ്യം കേള്‍ക്കേണ്ട താമസം,ഒന്നാം ക്ലാസ്സിലെ ഹൃദ്യ പ്രതികരിച്ചു,
"പോര.....തിന്നണം" മറ്റു കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു,
"ഹൃദ്യ പറഞ്ഞത് ശരിയാ..ആഹാരം കഴിക്കാതെ വളരില്ല....എന്നാല്‍,വായിച്ചില്ലെങ്കിലും വളരും എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ..അതാരാ?"
"കുഞ്ഞുണ്ണിമാഷ്" മാഷ് പറഞ്ഞത് പോലെ കുട്ടികള്‍ വിളിച്ചു പറയാന്‍ തുടങ്ങി.
"വായിച്ചാലും വളരും,വായിച്ചില്ലെങ്കിലും വളരും,
വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും"
.......എന്തായാലും,വായനാദിനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളെങ്കിലും കുട്ടികള്‍ മനസ്സിലാക്കിയിട്ടുന്ട്.കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ക്ലാസ്സുകളില്‍ ആദ്യവട്ട ചര്‍ച്ച നടന്നിരിക്കണം.ഇക്കാര്യം മനസ്സില്‍ വെച്ച് ഞാന്‍ തുടര്‍ന്നു,
"ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി കേരളത്തില്‍ മുഴുവന്‍ ആചരിക്കുകയാണ്.ഈയവസരത്തില്‍ പി.എന്‍.പണിക്കരുടെ സന്ദേശം ഓര്‍മ്മിച്ചു കൊണ്ട്
വായിച്ചു വളരാനുള്ള പ്രവര്‍ത്തനത്തില്‍ നമുക്കും ഏര്‍പ്പെടാം..കൂടുതല്‍ക്കൂടുതല്‍ പുസ്തകങ്ങളെയും,എഴുത്തുകാരെയും പരിചയപ്പെടാം..ക്ലാസ്സുകളില്‍ വായനാമൂല ഒരുക്കാനും, ,ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യാനും,വായിച്ച പുസ്തകങ്ങളെ ക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനും ഓരോ ക്ലാസ്സുകാരും ശ്രമിക്കണം...കൂടാതെ സാഹിത്യകാരന്മാരെ ക്കുറിച്ചുള്ള സി.ഡി.പ്രദര്‍ശനം,പുസ്തക പ്രദര്‍ശനം,വായനാ ക്വിസ്,ബാലസഭാ രൂപികരണം തുടങ്ങിയ പരിപാടികളും ഈ വായനാ വാരത്തില്‍ നമുക്ക് സംഘടിപ്പിക്കണം...ആദ്യ പരിപാടിയായി ഇന്ന് വൈകുന്നേരം നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു സാഹിത്യകാരനെ സി.ഡി.പ്രദര്‍ശനത്തിലൂടെ പരിചയപ്പെടാം.."പി.എന്‍.പണിക്കരെ അനുസ്മരിച്ച് ചുരുക്കം വാക്കുകള്‍ പറഞ്ഞ ശേഷം വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് അസംബ്ലി അവസാനിപ്പിച്ചു.....ഈ വര്‍ഷത്തെ വായനാവാരാചരണത്തിനു ഞങ്ങളുടെ വിദ്യാലയവും ഒരുങ്ങിക്കഴിഞ്ഞു.പൊതു പരിപാടികളെക്കാള്‍ ക്ലാസ്സ് തല പ്രവര്ത്തനങ്ങല്ക്കാന് ഞങ്ങള്‍ ഊന്നല്‍ നല്‍കിയത്.എല്ലാദിവസവും ഓരോ ക്ലാസ്സിലും,നിലവാരത്തിനനുയോജ്യമായ ഒരു പുസ്തക മെങ്കിലും പരിചയപ്പെടുത്തലായിരുന്നു ഇവയിലൊന്ന്.ഒന്നാം ക്ലാസ്സില്‍ ചിത്ര വായനയ്ക്കുള്ള അവസരങ്ങള്‍ നല്കിയപ്പോള് 'പുസ്തകപ്പൂമഴ'യിലെ പുസ്തകങ്ങളാണ് രണ്ടാം ക്ലാസ്സുകാര്‍ക്ക് നല്‍കിയത്.സ്വതന്ത്ര വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനാവശ്യമായ വ്യത്യസ്ത വായനാ തന്ത്രങ്ങളിലൂടെ യായിരുന്നു ഓരോ പുസ്തകവും പരിചയപ്പെടുത്തിയത്.
മൂന്ന്,നാല് ക്ലാസ്സുകളില്‍ ബാലസാഹിത്യ പുസ്തകങ്ങളില്‍ തുടങ്ങി,പ്രസിദ്ധരായ സാഹിത്യകാരന്മാരുടെ കൃതികള്‍ വരെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു.ഒപ്പം,വായനയില്‍ നിന്ന് എഴുത്തിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊന്ടു തന്നെ കഥ,കവിതാ രചനകള്‍ നടത്താനും,പതിപ്പുകള്‍ തയ്യാറാക്കാനും,കയ്യെഴുത്തു മത്സരം നടത്താനും കഴിഞ്ഞു.സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത,വ്യത്യസ്ത സാഹിത്യ ശാഖകളില്‍ പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനമായിരുന്നു ശ്രദ്ധേയമായ മറ്റൊരു പരിപാടി.പുസ്തകങ്ങള്‍ മറിച്ചു നോക്കി,ഓരോന്നും ഏതു സാഹിത്യശാഖയില്‍ പെട്ടതാണെന്ന് കുട്ടികള്‍ തന്നെ കണ്ടെത്തണം,അതു വഴി വിവിധ സാഹിത്യ ശാഖകള്‍ അവര്‍ പരിചയപ്പെടണം- ഇതായിരുന്നു ലക്ഷ്യം.വളരെ താല്പ്പര്യപൂര്വ്വംകുട്ടികള് ഇതില്‍ പങ്കാളികളായി.
ഒട്ടേറെ പുസ്തകങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.ആവശ്യമായ വിവരങ്ങള്‍ കുറിചെടുക്കാനും അവര്‍ മറന്നില്ല.
SIET യുടെ CD LIBRARY PROJECT വഴി ലഭിച്ച സാഹിത്യകാരന്മാരുടെ സി.ഡി.കളുടെ പ്രദര്‍ശനം മൂന്ന് ദിവസം വൈകുന്നേരങ്ങളില്‍ പൊതുവായി നടത്തി.കുഞ്ഞുണ്ണി മാഷ്,സുഗതകുമാരി,വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുടെ ജീവിതത്തെക്കുറിച്ചും,സാഹിത്യ കൃതികളെ ക്കുറിച്ചും അടുത്തറിയാന്‍ ഇതു വഴി സാധിച്ചു.എല്‍.സി.ഡി.പ്രൊജക്ടര്‍ ഉപയോഗിച്ച് നടത്തിയ ഈ സിനിമാപ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി.
"കാട്ടിലെ കിളികള്‍ക്കും മരം വേണം
നാട്ടിലെ മനുഷ്യര്‍ക്കും മരം വേണം "- എന്ന സുഗതകുമാരി ടീച്ചറുടെ കവിത 'ടീച്ചറോടൊപ്പം' വളരെ ആവേശത്തോടെ കുട്ടികള്‍ പാടിയപ്പോള്‍, അന്താരാഷ്ട്ര വനവര്‍ഷത്തില്‍ വനസംരക്ഷണത്തിന്റെ പ്രാധാന്യം ഒരിക്കല്‍ക്കൂടി തിരിച്ചറിയുകയായിരുന്നു അവര്‍!
വായനാവാരത്തിന്റെ
സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'ബാലസഭ '
ഉത്ഘാടനം കുട്ടികളെ അക്ഷരാര്‍ഥത്തില്‍ ആവേശ ഭരിതരാക്കി.പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനും,ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ സുകുമാരന്‍ ഈയ്യക്കാട് നാടന്‍ പാട്ടുകള്‍ പാടിയും കുമ്മാട്ടിയുടെ കഥ പറഞ്ഞും,ബഷീറിന്റെ കഥാ പാത്രങ്ങളെ പരിചയപ്പെടുത്തിയും കുട്ടികളെ കയ്യിലെടുത്തു!ഇനിയങ്ങോട്ട് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ ക്ലാസ് ബാലസഭകളും നാലാമത്തെ വെള്ളിയാഴ്ച സ്കൂള്‍ ബാലസഭയും സംഘടിപ്പിക്കാന്‍ തീരുമാമെടുത്തു കൊണ്ടാണ് ഉത്ഘാടന പരിപാടി അവസാനിച്ചത്.
....ഒരാഴ്ചക്കാലമായി നടത്തി വന്ന പരിപാടികളിലൂടെ കുട്ടികള്‍ എന്തു നേടി എന്ന് വിലയിരുത്താനായി സംഘടിപ്പിച്ച 'വായനാ ക്വിസ് '
ആയിരുന്നു വായനാവാരത്തിലെ അവസാന പരിപാടി. സി.ഡി/പുസ്തക പ്രദര്‍ശനങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു അധികവും.ഒപ്പം പത്രവാര്‍ത്തകളുമായി ബന്ധപ്പെട്ട് ആനുകാലിക സാഹിത്യത്തെ ക്കുറിച്ചുള്ള ചിലതും..ആകെ 15 ചോദ്യങ്ങള്‍..പങ്കാളികള്‍ 2,3,4 ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും!ഓരോ ക്ലാസ്സിലെയും വിജയികളെ പ്രത്യേകം പ്രത്യേകം നിശ്ചയിച്ചു.
നാലാം ക്ലാസ്സില്‍ നിന്ന് 11 പോയിന്റുകള്‍ നേടി രജനീഷും സത്യവതിയും ഒന്നാം സ്ഥാനം പങ്കിട്ടു.10 പോയിന്റു നേടി ഷിബിന്‍ രണ്ടാം സ്ഥാനത്തും 9 പോയിന്റു വീതം നേടി മനീഷയും വര്‍ഷയും മൂന്നാം സ്ഥാനത്തും എത്തി.
8 പോയിന്റു നേടിയ ശരത്തും,6 പോയിന്റു നേടിയ റോഷ്നിയും യഥാക്രമം മൂന്ന്,രണ്ടു ക്ലാസ്സുകളില്‍ നിന്ന് ഒന്നാം സ്ഥാനത്തിനു അര്‍ഹരായി. വായനാ വാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നല്ല വായനക്കാരായി മാറാനുള്ള ശ്രമത്തിലാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍...എല്ലാവരെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക എന്ന സ്വപ്നവുമായി ഞങ്ങള്‍ അധ്യാപകരും...എല്ലാവിധ പിന്തുണയുമായി ഞങ്ങളുടെ രക്ഷിതാക്കളും ...മികവില്‍ നിന്നും സുസ്ഥിര മികവിലേക്ക്..അതാണ് ഞങ്ങളുടെ ലക്ഷ്യം..അതിലേക്കായി മുന്നോട്ട്..മുന്നോട്ട്..മുന്നോട്ട്.....
3 അഭിപ്രായങ്ങൾ:
കൂട്ടുകാര്‍ക് ഞങ്ങളുടെ ആശംസകള്‍...
കമന്റുകളില്‍ word verification ഒഴിവാക്കു ...
word verification ഒഴിവാക്കിയിരിക്കുന്നു....ആശംസകള്‍ അറിയിച്ചതില്‍ സന്തോഷം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ