വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

'നീല സാഗരം സാക്ഷിയായ്...'വിദ്യാലയ ചരിത്രവുമായി ഒരു സുവനീര്‍


ബേക്കല്‍: ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്‌കൂള്‍ സോവനീര്‍ പ്രകാശനം ഒക്ടോബര്‍ രണ്ടിന് നടക്കും.
ബേക്കല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ കൂട്ടത്തോടെ വിദ്യാലയത്തില്‍ എത്താന്‍ തുടങ്ങിയതിന്റെ ചരിത്രവും, ഇതിലേക്ക് നയിച്ച ഒട്ടനവധി ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് സോവനീര്‍ തയ്യാറാക്കിയിട്ടുള്ളത്. 

സപ്തതി പിന്നിട്ട ഈ തീരദേശ വിദ്യാലയത്തിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന സുവനീര്‍, 'നീല സാഗരം സാക്ഷിയായ്' ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പ്രകാശനം ചെയ്യും. ചരിത്രത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് സമീപകാലത്ത് ഈ വിദ്യാലയം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ സാക്ഷ്യങ്ങളും, വിദ്യാലയത്തിലെ കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രചിച്ച സര്‍ഗാല്‍മക സൃഷ്ടികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വിദ്യാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നതെന്ന് അധ്യാപക രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ അറിയിച്ചു. പരസ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ,വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും, നാട്ടുകാരില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍,ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എം.വേണു ഗോപാലന് നല്‍കി സോവനീര്‍ പ്രകാശനം നിര്‍വഹിക്കും. 

ചടങ്ങില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിക്കും. ബി.ആര്‍.സി. ട്രെയിനര്‍ കൃഷ്ണദാസ് പലേരി പുസ്തകം പരിചയപ്പെടുത്തും. പ്രധാനാധ്യാപകന്‍ കെ.നാരായണന്‍, മുന്‍ എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍, ബി.പി.ഒ.വസന്തകുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭ കരുണാകരന്‍, ബി.രഘു, വി.ആര്‍. വിദ്യാസാഗര്‍, കണ്ണന്‍ കാരണവര്‍, കെ.ശംഭു, കെ .ശശികുമാര്‍, നിഷ. എസ്, സുമ ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ ഷിബിന്‍ തുടങ്ങിയവര്‍ സംസാരിക്കും. സ്‌കൂള്‍ പരിധിയിലെ മുഴുവന്‍ വീടുകളിലും, ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പുസ്തകം സൗജന്യമായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2 അഭിപ്രായങ്ങൾ:

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ഞങ്ങളെ ഒന്നും വിളിക്കുന്നില്ലേ

നാരായണന്‍മാഷ്‌ ഒയോളം പറഞ്ഞു...

പഞ്ചാരക്കുട്ടന്‍,
എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു...ഞങ്ങളുടെ വിദ്യാലയത്തില്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സുവനീര്‍ പ്രകാശനച്ചടങ്ങിലേക്ക്...
വരണേ...