ശനിയാഴ്‌ച, ഡിസംബർ 04, 2010

പത്തനംതിട്ടയിലെ പ്രധാനാധ്യാപികമാര്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം!

 "പത്തനംതിട്ടജില്ലയില്‍  നിന്നും പ്രധാനാധ്യാപകരുടെ ഒരു സംഘം കാസര്‍ഗോഡ്‌ വരുന്നുണ്ട് ,സ്കൂളുകള്‍ കാണാന്‍ ..നിങ്ങളുടെ സ്കൂളും കൂട്ടത്തില്‍ ഉണ്ട്''-എസ്. എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വേണുമാഷ് പറഞ്ഞപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു, "മേളകളുടെ തിരക്കിലായതിനാല്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ചിട്ട കാണില്ല"-ഉള്ളകാര്യം തുറന്നു പറഞ്ഞിട്ടും മാഷ്‌ വിട്ടില്ല ,''അതും പഠനത്തിന്റെ ഭാഗമാണല്ലോ,സ്കൂള്‍ കാണുന്ന കൂട്ടത്തില്‍ അതും ആയ്ക്കോട്ടെ.എന്തായാലും എല്ലാ അധ്യാപികമാരും കുട്ടികളും സ്കൂളില്‍ ഉണ്ടാകുമല്ലോ ,അത് മതി''.    
 പിന്നെ തര്‍ക്കിച്ചില്ല ,സഹാധ്യാപികമാരോടു കാര്യം പറഞ്ഞു ''.കൊല്ലം ജില്ലയിലെ അധ്യാപകര്‍ വന്നതുപോലെ കുറച്ചു പേര്‍ കൂടി നമ്മുടെ സ്കൂള്‍ കാണാന്‍ വരുന്നു,മേളകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്ക് അറിയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും വേണം ''...ഒരു കാര്യം പറയട്ടെ,ക്ലാസ്സിലേക്ക് ആര് വരുന്നതിലും അവര്ക്കു  മുമ്പില്‍ ക്ലാസ് എടുക്കുന്നതിലും ഞങ്ങളുടെ അധ്യാപികമാര്‍ക്ക് യാതൊരു മടിയും ഇല്ല!ക്ലാസ് പി.ടി.എ യോഗത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കു  മുമ്പില്‍ അവര്‍ സ്ഥിരമായി ക്ലാസ്സെടുക്കാറണ്ടല്ലോ ...
.......ക്ലാസ്സില്‍ ആരു  വന്നാലും കുട്ടികള്‍ക്ക് വലിയ കാര്യമാണ്,എന്തു ചോദിച്ചാലും അവര്‍ പ്രതികരിക്കും .''.നിങ്ങള്‍ പത്തനംതിട്ട കണ്ടിട്ടുണ്ടോ?''ഉഷടീച്ചര്‍ ചോദിക്കേണ്ട താമസം ,നാലാം ക്ലാസ്സുകാരുടെ മറുപടി വന്നു '',ഉണ്ടല്ലോ'' ,-സത്യത്തില്‍ ഞാനൊന്ന് ഞെട്ടി ,ഇവരെപ്പോഴാ പത്തനംതിട്ട കണ്ടത്?അപ്പോഴേക്കും വിശദീകരണവും വന്നു '',കേരളത്തിന്റെഭൂപടത്തില്‍  പത്തനംതിട്ട കണ്ടല്ലോ ''.നിങ്ങളുടെ നിറയുന്ന ഭൂപടത്തില്‍ എവിടെയാ പത്തനംതിട്ട? '' ബി.ആര്‍.സി.  ട്രെയിനര്‍ അസീസ്‌ മാഷ്‌ ചോദിക്കേണ്ട താമസം ജനിഷ ചാടിയേഴുന്നേറ്റു ,''ഇതല്ലേ ?'..........'

 ഒന്നാം ക്ലാസ്സുകാര്‍ക്കും യാതൊരു പരിഭ്രമവും ഇല്ല ചുമര്ചിത്രങ്ങളിലെ ജീവികളെക്കുറിച്ചും  വാഹനങ്ങ ളെ ക്കുരിച്ചുമെല്ലാം അവര്‍ വാചാലരായി.പുസ്തകത്തില്‍ എഴുതിയത് കാണിക്കാനായിരുന്നു ചിലര്‍ക്ക് താല്‍പ്പര്യം .....പൊന്നമ്മ ടീച്ചറും ,ഉഷാകുമാരി ടീച്ചറും ,മാത്യു മാഷുമെല്ലാം നിമിഷനേരം കൊണ്ടു അവരുടെ പരിചയക്കാരായി !
ഒന്നാം തരത്തിലെ പുത്തന്‍ ഫര്‍ണിച്ചറുകള്‍ ഒരുക്കുന്നതിന് വന്ന ചെലവ് ,വരച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിന്റെ യുക്തി, ബിഗ്‌ പിക്ചര്‍ പ്രയോജനപ്പെടുത്തുന്ന വിധം ,ധനസമാഹരണം...തുടങ്ങിയ കാര്യങ്ങളെക്കുരിച്ചെല്ലാം പ്രധാനാധ്യാപകര്‍ ഞങ്ങളോട് ചോദിച്ചു ...അവരുടെ വിദ്യാലയ വിശേഷങ്ങള്‍ ഞങ്ങളും ചോദിച്ചറിഞ്ഞു ..ഇത്തരം സൌഹൃദ സന്ദര്‍ശനങ്ങളുടെ പ്രസക്തിയും ഈ ആശയ വിനിമയം തന്നെയല്ലേ? ....
           
          സ്കൂളിലെ സന്ദര്‍ശന പുസ്തകത്തില്‍ അവര്‍ ഇങ്ങനെ കുറിച്ചിട്ടു....  
           ഒരുകാര്യം കൂടി പറയട്ടെ ..ഞങ്ങളുടെ വിദ്യാലയത്തിന് എന്തെങ്കിലും മികവ് ആരെങ്കിലും കാണുന്നു വെങ്കില്‍ ,അത് ഞങ്ങളുടെ
 കൂട്ടായ്മയുടെ വിജയമാണ് .''ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ ''-അതാണ്‌ ഞങ്ങളുടെ വിശ്വാസം! അതാണ്‌ ഞങ്ങളുടെ ആഗ്രഹം!! അതിനാകട്ടെ ഇത്തരം കൂട്ടായ്മകളും പങ്കു വെക്കലുകളും അനിവാര്യമാണ്‌താനും....






ഞായറാഴ്‌ച, നവംബർ 28, 2010

അധ്യാപികമാര്‍ തിരക്കിലാണ് ,കുട്ടികളും........

 അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയം കഴിഞ്ഞു ..പരീക്ഷക്കടലാസ് നോക്കണം, SEP തയ്യാറാക്കണം,  CPTA  വിളിക്കണം ,രണ്ടാം ഭാഗം പുസ്തകങ്ങള്‍ വിതരണം ചെയ്യണം ....പിടിപ്പതു പണി തന്നെ!ഇതിനിടയില്‍ മേളകളും!!അതിനു കുട്ടികളെ ഒരുക്കുകയും വേണം..അക്ഷരാര്‍ഥത്തില്‍ ഇവിടെ അധ്യാപികമാര്‍ തിരക്കിലാണ് ,ഒപ്പം കുട്ടികളും .....
                ഇത്തവണ ഒന്നിനുപിറകെ ഒന്നായി എല്ലാ മേളകളും എത്തുകയാണ് .ഏതാണ് ഒഴിവാക്കുക?അല്ലെങ്കില്‍ ഏതിനാണ് ഊന്നല്നല്കുക?  SRG കൂടി ചര്‍ച്ച ചെയ്തു തീരുമാനവും എടുത്തു.പതിവുപോലെ എല്ലാ മേളകളിലും പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കണം!കടപ്പുറത്തെ കുട്ടികള്‍ മറ്റു നാടുകള്‍ കാണട്ടെ!! 
        പങ്കെടുക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് തീരെ മോശ മാകാതിരിക്കണമെങ്കില്‍  അധ്യാപികമാര്‍ ഉത്സാഹിച്ചേ പറ്റു..ഓരോരുത്തരും ചുമതലകള്‍ സ്വയം ഏറ്റെടുത്തു,പരിശീലനവും തുടങ്ങി........



 ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളയായിരുന്നു ആദ്യം .പ്രവര്‍ത്തിപരിചയ മേളയിലെ 10 ഇനങ്ങള്‍ സുമ ടീച്ചറും ,സുജി ടീച്ചറും,സീമ ടീച്ചറും വീതിച്ചെടുത്തു പരിശീലിപ്പിച്ചു ശാസ്ത്ര മേളയുടെ ചുമതല ഹെട്മാസ്ടരും,ഗണിത മേളയുടെ  അധികച്ചുമതല സുമ ടീച്ചറും ഏറ്റു...               ഒടുവില്‍ മേളയുടെ ദിവസം എത്തി.ഭാഗ്യത്തിന് ശനിയാഴ്ചയായിരുന്നു മേള!15 കുട്ടികളെയും കൊണ്ടു അതിരാവിലെ ഞങ്ങള്‍ കടലോരമായ ബേക്കലില്‍ നിന്നും മലയോരമായ പെരിയയിലേക്ക് യാത്രയായി .പാടുപെട്ടു സ്ഥലം പിടിച്ചു കുട്ടികളെ മത്സര വേദികളില്‍ ഇരുത്തി.....   

                                                                                                                                                    പ്രവര്‍ത്തിപരിചയ മേളയില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കേണ്ടത് ..വിധി നിര്‍ണയിക്കാന്‍ ജഡ്ജിമാരെയും കാത്തു പിന്നെയും മണിക്കുറുകള്‍!ഞങ്ങളുടെ കുഞ്ഞു മക്കള്‍ അത്രയും സമയം ക്ഷമിച്ചിരുന്നുവല്ലോ ...അതുതന്നെ ഭാഗ്യം!                  
                                        ഗണിത മേളയില്‍ ജ്യോമെട്രി ക്    ചാര്‍ട്ടും പസിലും ആയിരുന്നു തല്‍സമയ മത്സര ഇനങ്ങള്‍.സയനോരയും കൃഷ്ണപ്രഭുവും  നന്നായിത്തന്നെ ചെയ്യും എന്നാണു സുമ ടീച്ചരുറെ പ്രതീക്ഷ ..എന്താവുമോ ആവോ!കാത്തിരുന്നു കാണാം .                                       
'കുപ്പിയില്‍ ഇറങ്ങി കുപ്പിയെ പൊക്കുന്ന' മാന്ത്രിക ബലൂണ്‍ തയ്യാറാക്കി ആഷികയും സജിനയും  10 മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്‌ ജഡ്ജിമാരെയും കാത്ത്,   അവര്‍ എത്തിയതോ  നാലുമണിക്കും!     (ഇതിനിടയില്‍ കിട്ടിയ ഭക്ഷണം അടിപൊളി!)കുപ്പിയില്‍ കടലാസ് കത്തിച്ചിട്ട് ബലൂണ്‍ മുകളില്‍ വെച്ചപ്പോള്‍ ആദ്യം പൊട്ടിയെങ്കിലും സ്റ്റെപ്പിനി ബലൂണ്‍ ഉണ്ടായിരുന്നത് കൊണ്ടു കാര്യം ഭംഗിയായിത്തന്നെ നടന്നു .     
"ജൈവ വൈവിധ്യം"എന്താണെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ടുകള്‍ ആയിരുന്നുന്നു ജനിഷയും  ഷിബിനും  ശാസ്ത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്.ജട്ജസ്സിന്റെ  ചോദ്യങ്ങ ള്‍ക്കെല്ലാം മണിമണിയായി ഉത്തരം പറഞ്ഞുവെന്നാണ് കുട്ടികളുടെ പക്ഷം!   എന്തായിരിക്കും  Result????????                                                             നേരം ഓരോപാടു വൈകിയിരിക്കുന്നു ..കുട്ടികളെ കടപ്പു റത്തെത്തിക്കണം  ..എന്നിട്ടുവേണം റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് വണ്ടി പിടിച്ചു അധ്യാപികമാര്‍ക്ക് വീട്ടിലെത്താന്‍!                                                                പ്രോഗ്രാം കമ്മിറ്റി റൂമിലെത്തി ഫലം അറിയാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കി ..ഹാവൂ,ഫലം റെഡിയായിരിക്കുന്നു!ഞങ്ങള്‍ക്കുമുന്ടു   നാല് സമ്മാനങ്ങള്‍...സയന്‍സ് ചാര്ട്ട്-മൂന്നാം സ്ഥാനം,ജ്യോമെട്രി ക്  ചാര്ട്ട് -മൂന്നാം സ്ഥാനം,പ്രവര്‍ത്തിപരിചയ മേളയില്‍  thread pattern-രണ്ടാം സ്ഥാനം,മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍-മൂന്നാം സ്ഥാനം ...ഇത്രയെങ്കിലും കിട്ടിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ..ഇങ്ങനെയൊരു സ്കൂള്‍ കടലിന്റെ മക്കള്‍ക്കായി ഉണ്ടെന്നും ,പാര്ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നെന്നും അങ്ങനെത്തന്നെയായിരിക്കില്ല എന്നും നാലാള്‍ അറിയുമല്ലോ!..കലാ-കായിക മേളകള്‍ അടുത്തെത്തിയിരിക്കുന്നു ..അവിടെയും പങ്കാളിത്തം പൂര്‍ണം തന്നെ..ഫലം??..കാത്തിരിക്കാം .........                                                                                                              

ഞായറാഴ്‌ച, നവംബർ 14, 2010

ജൈവവൈവിധ്യമാണ് ജീവന്‍ ......


 




എത്രയെത്ര ജീവികള്‍!





ജൈവ വൈവിധ്യ ഫോട്ടോ ക്വിസ്സില്‍
ഉപയോഗിച്ച ഫോട്ടോകളാണ് ഇവിടെ
കൊടുത്തിരിക്കുന്നത്...
        ചോദ്യങ്ങള്‍ എഴുതാതെ തന്നെ മനസ്സിലയിരിക്കുമല്ലോ!
     ആവസവ്യവസ്ഥാവൈവിധ്യം  ,ജീവജാതിവൈവിധ്യം,ജനിതക വൈവിധ്യം തുടങ്ങിയ വലിയ വലിയ കാര്യങ്ങളെക്കുറിച്ച് ചെറുതായി മനസ്സിലാക്കാന്‍ ഇതുവഴി കുട്ടികള്‍ക്ക് സാധിച്ചു ..വനനശികരണം,കുന്നിടിക്കല്‍ ,വംശനാശ ഭിഷണി നേരിടുന്ന ജീവികള്‍ ,ആഗോളതാപനം ഇവയെക്കുറിച്ചും കിട്ടി ചില ധാരണകള്‍! 



                                        കാട്ടാനകള്‍ കാടു വിട്ടാല്‍?






പരിസ്ഥിതി പ്രവര്‍ത്തകര്‍,പ്രസ്ഥാനങ്ങള്‍ ഇവയും ചര്‍ച്ചാവിഷയമായി!




കാടു നശിച്ചാല്‍ കഷ്ടപ്പെടുന്നത് കാട്ടിലെ ജീവികള്‍ മാത്രമോ?ഹിമക്കരടിയുടെ പോലും ആവാസം ഇതുവഴി നഷ്ടപ്പെടുന്നു!
നീലക്കുറിഞ്ഞി  പുത്തപ്പോള്‍!!!









ജൈവവൈവിധ്യമാണ് ജീവന്‍!    ജൈവവൈവിധ്യമാണ് നമ്മുടെ ജീവിതം!!


ഞായറാഴ്‌ച, നവംബർ 07, 2010

ജൈവ വൈവിധ്യ ഫോട്ടോ ക്വിസ്




2010-അന്താരാഷ്‌ട്രജൈവവൈവിധ്യവര്‍ഷം..ഇതുമായി ബന്ധപ്പെട്ട്  കുറെയേറെ കാര്യങ്ങള്‍ കുട്ടികള്‍ ഇതിനകം മനസ്സിലാക്കിയിരിക്കുന്നു.ജൂണ്‍ 5 പരിസരദിനത്തിലായിരുന്നു പരിപാടികളുടെ തുടക്കം .സ്കൂള്‍ തുറക്കുന്നതിനു മുമ്പ് ജൈവവൈവിധ്യ വര്‍ഷത്തിന്‍റെ എംബ്ലം  ഉള്‍പ്പെടെ മതിലില്‍ വരച്ച വര്‍ണചിത്രം കുട്ടികള്‍ക്ക് പ്രചോദനമായി.  സ്കൂള്‍ വളപ്പില്‍ അവര്‍ നട്ട മരങ്ങളുടെ പേരുകള്‍ തന്നെ ഒരോ  ക്ലാസ്സിലെയും ഗ്രുപ്പുകള്‍ക്ക് നല്‍കി-പൂവരശ് ,ബദാം,കണിക്കൊന്ന,വേപ്പ്, പേര ....യുറീക്ക ജൈവവൈവിധ്യ പതിപ്പില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മുതല്‍ക്കൂട്ടായി ....സ്കൂള്‍-പഞ്ചായത്ത് തലങ്ങളില്‍ നടത്തിയ വിജ്ഞാനോത്സവങ്ങള്‍ അറിവിന്‍റെ   ചക്രവാളം ഒന്നുകൂടി വികസിപ്പിച്ചു .സ്കൂള്‍ ലീഡര്‍ ആയ ജനിഷ പഞ്ചായത്ത്          വിജ്ഞാനോല്സവത്തിലെ     മികച്ച  അഞ്ചു കുട്ടികളില്‍ ഒരാളായി ...........                                                                           ഇതുവരെയായി കുട്ടികള്‍ നേടിയ അറിവുകള്‍ വിലയിരുത്തുന്നതിനും ,കുടുതല്‍ കാര്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമായി വന്യജീവി വരാഘോഷത്തോടനുബന്ധിച്ച്ചു നടത്തിയ ജൈവ വൈവിധ്യ ഫോട്ടോ ക്വിസ് തികച്ചും പുതുമയാര്‍ന്ന അനുഭവമായി മാറി അവര്‍ക്ക്!  ഇന്റര്‍നെറ്റില്‍   നിന്നും എടുത്ത ഫോട്ടോകള്‍ എല്‍.സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ചു കാണിച്ചാണ് ക്വിസ് നടത്തിയത്. 25 ചോദ്യങ്ങളില്‍ 19 എണ്ണത്തിന് ശരിയുത്തരങ്ങള്‍  എഴുതി ജനിഷ ഒന്നാം സ്ഥാനം നേടി .മറ്റുള്ളവരുടെ പ്രകടനവും മോശമായിരുന്നില്ല .......... കടപ്പുറം സ്കൂളിലെ കുട്ടികള്‍ മുന്നോട്ടു തന്നെ!                                                    ... ഫോട്ടോ ക്വിസ്സിന്റെ  വിശദാംശങ്ങള്‍ അടുത്ത പോസ്റ്റില്‍  ....              

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

മദര്‍ പി.ടി.എ.പ്രസിഡണ്ട്‌ പഞ്ചായത്തുമെമ്പര്‍ ആയി,ഇനി?..

  • കഴിഞ്ഞ നാലു വര്‍ഷം ഞങ്ങളുടെ മദര്‍ പി.ടി.എ.പ്രസിഡണ്ട്‌ ആയിരുന്ന ശോഭ കരുണാകരന്‍ ഇനിമുതല്‍ ഞങ്ങളുടെ പഞ്ചായത്ത് മെമ്പെര്‍!ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂള്‍ ഉള്‍പെടുന്ന ഉദുമ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ശോഭ മെമ്പരായത്.സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച ശോഭയ്ക്ക് പഞ്ചായത്തുമെമ്പെര്‍ എന്നനിലയിലും ശോഭിക്കാന്‍   കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു ,കഴിയട്ടെ എന്ന് ആശംസിക്കുന്നു! പി.ടി.എ.അംഗം കുടിയായ പഞ്ചായത്തു മെമ്പര്‍ക്ക്‌ വിദ്യാലയ വികസന കാര്യങ്ങളില്‍ കുറേക്കുടി ഇടപെടാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ  പ്രതീക്ഷ ....ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി കടലിന്‍റെ മക്കളെ മികവിന്‍റെ   പാതയിലേക്കു നയിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള  തയ്യാറെടുപ്പിലാണ് ഞങ്ങള്‍ ....

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

കാലത്തിന്‍റെ ചുമരെഴുത്ത്...

''അവിടെ പണിയെടുത്തിട്ടു വല്യ കാര്യമൊന്നുമില്ല മാഷേ ,കടപ്പുറത്തെ മുക്കുവരുടെ കുട്ടികളല്ലേ!നന്നാവില്ല,'' ബേക്കല്‍ ഫിഷറീസ് എല്‍.പി സ്കൂളിലേക്ക് പ്രധാനാദ്ധ്യാപകനായി പോകുമ്പോള്‍ പലരും പറഞ്ഞു.'കുട്ടികള്‍ കൃത്യമായി സ്കൂളില്‍ വരില്ല,വന്നാല്‍ത്തന്നെ പഠിക്കില്ല,രക്ഷിതാക്കള്‍ സ്കൂളിലേക്ക് തിരിഞ്ഞു നോക്കില്ല,വൃത്തിയുടെ കാര്യം പറയുകയേ വേണ്ട' ഇതൊക്കെയായിരുന്നു കടലിന്‍റെമക്കളുടെ സ്വന്തമായ എന്‍റെ വിദ്യാലയത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന പരികല്‍പ്പനകള്‍! പക്ഷെ എന്‍റെ സഹാധ്യാപികമാര്‍ പൂര്‍ണമായും ഈ വാദങ്ങള്‍ അംഗീകരിക്കുന്നവരായിരുന്നില്ല.എന്നെക്കാള്‍ രണ്ടുവര്‍ഷം മുമ്പ് ഈ സ്കൂളില്‍ എത്തിയ അവര്‍ കാര്യങ്ങള്‍ കുറെയേറെ മനസ്സിലാക്കിയിരുന്നു.കടപ്പുറത്തെ സ്കൂളിലേക്ക് തങ്ങളുടെ മക്കളെ അയയ്ക്കാന്‍ തയ്യാറാകാത്ത ചില പുത്തന്‍ പണക്കാരും പരികല്പനകളെ മുറുകെ പിടിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു!എന്തായാലും പേരുദോഷം മാറ്റാന്‍തന്നെ ഞങ്ങള്‍ ഉറച്ചു .അധ്യാപക-രക്ഷാകര്‍ത്തൃ സമിതി വിളിച്ചുചേര്‍ത്ത് കാര്യങ്ങളെല്ലാം, അവതരിപ്പിച്ചു ....ചിത്രം കുറേക്കൂടി വ്യക്തമായി...........സപ്തതി പിന്നിട്ട  ഈ വിദ്യാലയത്തിന് അഭിമാനിക്കാവുന്ന ഒരു പൂര്‍വകാലം ഉണ്ടായിരുന്നു. അജ്ഞരായിരുന്ന ഒരു ജനസമൂഹത്തെ അറിവിന്‍റെ പുതുലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഒരു ഭൂതകാലം!കടപ്പുറത്ത് കറങ്ങിനടന്നിരുന്ന കടലിന്‍റെ മക്കളെ സ്കൂളിലേക്ക് പിടിച്ചുകൊണ്ടുവന്ന അഹമ്മദ് മാഷ്‌ അവരുടെ ഓര്‍മയില്‍ ഇന്നും ജീവിക്കുന്നു!ഒപ്പം ത്യാഗിവര്യരായിരുന്ന അനേകം ഗുരുക്കന്മാരും!!ബേക്കല്‍,കോട്ടിക്കുളം പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളും അന്ന് ഇവിടെയാണു പഠിച്ചിരുന്നത്.പലരും ഉന്നത നിലകളില്‍ എത്തിയിട്ടുമുണ്ട് .കാലം ഏറെ മാറിയപ്പോള്‍ സമീപപ്രദേശങ്ങളില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ ഉണ്ടായി.പൊതു വിദ്യാലയങ്ങള്‍ക്കു പുറമെ പണക്കാരുടെ മക്കള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ വേറെയും!ഒടുവില്‍ കടപ്പുറത്തെ പാവപ്പെട്ട മുക്കുവന്‍റെ മക്കള്‍ മാത്രം പഠിക്കുന്ന വിദ്യാലയമായി ഇതു മാറി.അന്നത്തിനുള്ള വക കണ്ടെത്താന്‍ കടലിനോടു മല്ലടിക്കുന്നതിനിടയില്‍ മക്കളുടെ പഠനകാര്യത്തില്‍  ശ്രദ്ധിക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും,പഠനനിലവാരം ഉയര്‍ത്തുന്നതിലും വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല .ഇടക്കാലത്ത് താല്‍ക്കാലിക അധ്യാപകര്‍ മാത്രമായിരുന്നു പല വര്‍ഷങ്ങളിലും ഇവിടെ ജോലി ചെയ്തിരുന്നത് .അതും അന്യജില്ലക്കാര്‍.സ്വാഭാവികമായും വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം ദുര്‍ബലമായി.ക്രമേണ ക്രമേണ, പാര്‍ശ്വ വല്‍കരിക്കപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയം പിന്നോക്കവിദ്യാലയമായി  മുദ്രകുത്തപ്പെട്ടു..............കാലം പിന്നെയും മുന്നോട്ട്............പുതിയ അധ്യാപികമാര്‍,പുതിയ  പഠനരീതി,സജീവമായ പി.ടി.എ ,മദര്‍ പി.ടി.എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍  എല്ലാം കൂടിയായപ്പോള്‍ വിദ്യാലയത്തിലും പ്രകടമായ മാറ്റം കണ്ടു തുടങ്ങി.എന്നിട്ടും പഴയ പരികല്പ്പനകളെ കയ്യൊഴിയാന്‍ ചിലര്‍ തയ്യാറായില്ല.അവരാണ് തുടക്കത്തില്‍ എന്നെ നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചത്‌.. രക്ഷിതാക്കളുടെപരിപൂര്‍ണമായ പിന്തുണ ഉറപ്പായതോടെ എല്ലാവിധ അനുകൂല സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി വിദ്യാലയത്തെ മികവിന്‍റപാതയിലേക്ക്  നയിക്കുക എന്നത് ഒരു വെല്ലുവിളിയായിത്തന്നെ ഞങ്ങള്‍ ഏറ്റെടുത്തു ......നാലു വര്‍ഷത്തിനുള്ളില്‍  ഏതാണ്ട് 20 ലക്ഷത്തോളം രൂപയുടെ വികസന പദ്ധതികള്‍ വിവിധ ഏജന്‍സികള്‍ വഴി നടപ്പിലാക്കാന്‍ സാധിച്ചു!അങ്ങനെ പരാധീനതകള്‍ പഴങ്കഥകളായി മാറി!!പുതിയ കെട്ടിടങ്ങള്‍,ചുറ്റുമതില്‍ ,ഫര്‍ണിച്ചറുകള്‍, 4 കംപ്യുട്ടര്‍, എല്‍.സി.ഡി.പ്രോജെക്ടര്‍ ,ടി.വി , ലൈബ്രറി എല്ലാം ഇന്നു  ഞങ്ങള്‍ക്കു സ്വന്തം!  പഠന കാര്യത്തിലും ഞങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കടലിന്‍റെ മക്കള്‍ വിളിച്ചു പറയുന്നു, എല്‍.എസ്.എസ്  ഫലങ്ങളിലൂടെ ..കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും ഞങ്ങള്‍ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നു ..സമ്മാനങ്ങള്‍ നേടുന്നു ...........കാഞ്ഞങ്ങാട് -കാസര്‍ഗോഡ്‌  തീരദേശ പാതയോരത്ത് അറബിക്കടലിനെ തൊട്ടുരുമ്മി നില്‍ക്കുന്ന ഈ കൊച്ചു വിദ്യാലയത്തിന്റെ  മതിലില്‍ കണ്ണുള്ളവര്‍ക്ക് കാണാനായി ഞങ്ങള്‍ എഴുതി യത് കൂടി കാണൂ ...അഭിപ്രായം അറിയിക്കൂ.......