ബുധനാഴ്‌ച, ജൂൺ 15, 2011

'വനങ്ങള്‍:നിങ്ങളുടെ പ്രകൃതി പരിചാരകര്‍'-പരിസരദിന പ്രവര്‍ത്തനങ്ങളിലൂടെ......

 ജൂണ്‍5 ലോക പരിസര ദിനം-2011 അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍        'വനങ്ങള്‍:നിങ്ങളുടെ പ്രകൃതി പരിചാരകര്‍' എന്നതായിരുന്നു ഈ വര്‍ഷത്തെ പരിസരദിന സന്ദേശം.ഓരോ ക്ലാസ്സിലും അനുയോജ്യമായ പരിപാടികള്‍ സംഘടിപ്പിച്ച് പരിസരദിന സന്ദേശം മുഴുവന്‍ കുട്ടികളിലേക്കുംഎത്തിക്കാനായിരുന്നു എസ്.ആര്‍.ജി യോഗത്തിലെ തീരുമാനം.കാടിനെ ക്കുറിച്ചും,മരങ്ങളെക്കുറിച്ചും,മഴയെ ക്കുറിച്ചു മെല്ലാമുള്ള കൊച്ചു വര്‍ത്തമാനങ്ങളും പാട്ടുകളുമായിരുന്നു ഒന്ന്,രണ്ടു ക്ലാസ്സുകളിലെ പരിപാടി.കൂടാതെ ചിത്രം വരയും.    
മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പതിപ്പുകളും,ചുമര്‍പത്രികയും ഉണ്ടാക്കണമെന്നും നീശ്ചയിച്ചു.ക്ലാസ്സുമുറിയില്‍ വെച്ച്  ചുരുങ്ങിയ സമയത്തിന്നുള്ളില്‍ മൂന്നാം ക്ലാസ്സുകാര്‍ വരച്ച ചിത്രങ്ങളും,തയ്യാറാക്കിയ രചനകളും നോക്കൂ.കുട്ടികളുടെ ഭാവനകള്‍ എത്ര സുന്ദരം!ചെറിയ കടലാസുകളിലെ രചനകള്‍ ഒരു ചാര്‍ട്ട് പേപ്പറിലേക്ക്‌ ഒട്ടിച്ചപ്പോള്‍ ചുമര്‍പത്രിക റെഡി.!അത് ഡിസ്പ്ലേ ബോര്‍ഡിലേക്ക്..തുടര്‍ന്ന് ടീച്ചറും കുട്ടികളും ചേര്‍ന്ന് രചനകളെക്കുറിച്ചുള്ള ചര്‍ച്ച.'കാടില്ലെങ്കില്‍ നാടില്ല,നാടില്ലെങ്കില്‍ നാമില്ല'-വനസംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചര്‍ച്ചയില്‍ കുട്ടികള്‍ താല്പ്പര്യ പൂര്‍വ്വം പങ്കെടുത്തു.   
' വനങ്ങള്‍ ഇല്ലെങ്കില്‍ 'എന്ന വിഷയത്തെക്കുറിച്ച് നാലാം ക്ലാസ്സിലെ ഓരോ കുട്ടിക്കും ഒരു പാടു പറയാന്‍ ഉണ്ടായിരുന്നു.അവരുടെ വാക്കുകള്‍ 'ബിഗ് ‌ട്രീ 'യുടെ ഇലകള്‍ക്ക് പുതു ജീവന്‍ പകര്‍ന്നു.അന്താരാഷ്‌ട്ര വന വര്‍ഷത്തെക്കുറിച്ചും,പരിസര ദിന സന്ദേശത്തെക്കുറിച്ചുമുള്ള  ചര്‍ച്ചകള്‍ സജീവമായി.പിന്നീട് കുട്ടികള്‍ വ്യക്തിഗതമായി തയ്യാറാക്കിയ കുറിപ്പുകളും ബിഗ്‌ സ്ക്രീനില്‍ സ്ഥാനം പിടിച്ചു.







ജൂണ്‍ ആറുമുതല്‍ പത്തു വരെയുള്ള തീയ്യതികളില്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരം ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.ഒരു കാര്യം പറയാന്‍ വിട്ടുപോയി.ഈ വര്‍ഷത്തെ പരിസര ദിനാചരണത്തിനു  തുടക്കം കുറിച്ചു കൊണ്ട് ജൂണ്‍ നാലിന് തന്നെ സ്കൂളില്‍ വൃക്ഷത്തൈകള്‍  വെച്ചു പിടിപ്പിച്ചിരുന്നു.താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരുടെ സഹകരണത്തോടെ  നടന്ന പ്രസ്തുത പരിപാടി ഉദുമ പഞ്ചായത്ത് പ്രസിടന്ട് ശ്രീമതി കസ്തൂരി ടീച്ചര്‍ ഉത്ഘാടനം ചെയ്തു .
                ജൂണ്‍ പത്താം തീയ്യതി സംഘടിപ്പിച്ച പരിസര ദിന ക്വിസ്സില്‍ രണ്ട്,മൂന്ന്,നാല് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു  .വായു,ജലം,മണ്ണ് -എല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ പരിചാരകര്‍ ആയി വനങ്ങള്‍ മാറുന്നത് എങ്ങനെയെന്ന്‌ വ്യക്തമാക്കിക്കൊന്ടുള്ള ക്ലാസ്സിനോടോപ്പമാണ് -ഇടയ്ക്ക് ഓരോ ചോദ്യവുമായി-ക്വിസ് നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയില്‍ 10 ചോദ്യങ്ങളെ ചോദിച്ചുള്ളൂ.10 പോയിന്റുമായി  നാലാം ക്ലാസ്സിലെ മനീഷ ഒന്നാം സ്ഥാനം നേടി!ഒമ്പതും എട്ടും പോയിന്റുകളുമായി രണ്ടും,മൂന്നും സ്ഥാനം നേടിയവരുടെ കൂട്ടത്തില്‍ മൂന്നാം ക്ലാസ്സുകാരായ അര്‍ഷയും  ശരത്തും ഉള്‍ പ്പെട്ടിരുന്നു.'യുറീക്ക'വായനയിലൂടെ ലഭിച്ച അറിവുകളാണ് കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ കുട്ടികളെ സഹായിച്ചത്.
     അന്താരാഷ്‌ട്ര വന വര്‍ഷത്തിന്റെ സന്ദേശം വര്‍ഷം മുഴുവന്‍ നില നിര്‍ത്താനായി ഞങ്ങള്‍ ഒരു കാര്യം കൂടി ചെയ്തു.ഓരോ ക്ലാസ്സിലും രൂപീകരിച്ച അഞ്ച് അടിസ്ഥാന ഗ്രൂപ്പുകള്‍ക്ക് കാട്,കുന്ന്‌,തോട്‌,പുഴ,കടല്‍ എന്നിങ്ങനെ പേരുകള്‍ നല്‍കി.മഴ വെള്ളത്തെ മണ്ണിലേക്കിറക്കി  നീരുറവകള്‍ സൃഷ്ടിച്ച് ജലാശയങ്ങളെ നില നിര്‍ത്തുന്നതില്‍ കാടുകളും,കുന്നുകളും വഹിക്കുന്ന പങ്കു തിരിച്ചറിയാനും 'കാടില്ലെങ്കില്‍ കടലില്ല' എന്ന് കടലോരത്തെ കുട്ടികളെ ബോധ്യപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.